April 25, 2024

വന്യജീവി ശല്യം: വയനാട് വന്യജീവി സങ്കേതത്തില്‍ റെയില്‍ വേലി നിര്‍മാണത്തിനു വേണ്ടതു 204.69 കോടി രൂപ

0
കല്‍പറ്റ-നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായി വയനാട് വന്യജീവി സങ്കേത്തിനകത്തും പുറത്തുമുള്ള ജനവാസ കേന്ദ്രങ്ങളിലെ വന്യജീവി ശല്യം ലഘൂകരിക്കുന്നതിനായി റെയില്‍ വേലി നിര്‍മിക്കുന്നതിനു വേണ്ടത് 204.69 കോടി രൂപ. വന്യജീവി-മനുഷ്യ സംഘര്‍ഷം കുറയ്ക്കുന്നതിനു വന്യജീവി സങ്കേതത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍ ജില്ലാ വികസന സമിതിക്കു സര്‍പ്പിച്ച പ്രൊജക്ട് റിപ്പോര്‍ട്ടിലാണ് ഈ വിവരം. 
ബത്തേരി, കുറിച്യാട്, മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകള്‍ അടങ്ങുന്നതാണ് 1973ല്‍ നിലവില്‍വന്ന വന്യജീവി സങ്കേതം. ഇതില്‍ തോല്‍പ്പെട്ടി മാനന്തവാടി താലൂക്കിലും മറ്റുള്ളവ ബത്തേരി താലൂക്കിലുമാണ്. 344 ചതുരശ്ര കിലോമീറ്ററാണ് സങ്കേതത്തിന്റെ വിസ്തൃതി. കാടും നാടും ഇടകലര്‍ന്നു കിടക്കുന്നതു സങ്കേതത്തിന്റെ സവിശേഷതയാണ്. ജനവാസകേന്ദ്രങ്ങള്‍ ഒഴിപ്പിച്ചെടുക്കാതെയാണ് വന്യജീവി സങ്കേത പ്രഖ്യാപനം നടത്തിയത്. കേന്ദ്രാവിഷ്‌കൃത സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിപ്പിച്ചുവരികയാണ്.  മനുഷ്യ-വന്യജീവി സംഘര്‍ഷം അതിരൂക്ഷമായ 14 ഗ്രാമങ്ങളെയാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍  ഉള്‍പ്പെടുത്തിയത്. 
പ്രൊജക്ട് റിപ്പോര്‍ട്ട് അനുസരിച്ചു നാലു റേഞ്ചുകളിലുമായി 136.46 കിലോമീറ്റര്‍ റെയില്‍ വേലിയാണ് നിര്‍മിക്കേണ്ടത്. ബത്തേരി റേഞ്ചില്‍ 9.19-ഉം കുറിച്യാട് റേഞ്ചില്‍ 57.67-ഉം മുത്തങ്ങയില്‍ 17-ഉം തോല്‍പ്പെട്ടിയില്‍ 52.6-ഉം കിലോമീറ്റര്‍ റെയില്‍ വേലി പണിയണം.
ബത്തേരി റേഞ്ചില്‍ 3.5-ഉം മുത്തങ്ങയില്‍ അഞ്ചും തോല്‍പ്പെട്ടിയില്‍ ആറും കിലോമീറ്റര്‍ സോളാര്‍ വൈദ്യുത വേലി നിര്‍മാണവും പ്രൊജക്ടിന്റെ ഭാഗമാണ്. 14.5 കിലോമീറ്റര്‍  സോളാര്‍ വൈദ്യുത വേലി നിര്‍മാണത്തിനു 23.2 ലക്ഷം രൂപ ചെലവാണ് കണക്കാക്കുന്നത്. നിലവിലെ സോളാര്‍ വൈദ്യുത വേലികളുടെ അറ്റകുറ്റപ്പണിക്കു പ്രൊജക്ട് റിപ്പോര്‍ട്ട് അനുസരിച്ച് 17.35 ലക്ഷം രൂപയാണ് ആവശ്യം. സോളാര്‍ വൈദ്യുത വേലിയില്‍ 115.59 കിലോമീറ്ററിലാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്.  ഇതില്‍ 11.5 കിലോമീറ്റര്‍ തോല്‍പ്പെട്ടി റേഞ്ചിലും 50.59 കിലോമീറ്റര്‍ മുത്തങ്ങയിലും 32 കിലോമീറ്റര്‍ കുറിച്യാടും 21.5 കിലോമീറ്റര്‍ ബത്തേരിയിലുമാണ്. 
നിലവിലുള്ള ആനപ്രതിരോധക്കിടങ്ങില്‍ 94.86 കിലോമീറ്ററില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനൊപ്പം 2.2 കിലോമീറ്റര്‍ കിടങ്ങ് പുതുതായി നിര്‍മിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബത്തേരി റേഞ്ചില്‍ 18.7-ഉം കുറിച്യാട് 41-ഉം മുത്തങ്ങയില്‍ 15-ഉം തോല്‍പ്പെട്ടിയില്‍ 20.16-ഉം കിലോമീറ്ററിലാണ്  കിടങ്ങ് അറ്റകുറ്റപ്പണി നടത്തേണ്ടത്. 331.01 ലക്ഷം രൂപയാണ് ഇതിനു കണക്കാക്കുന്ന ചെലവ്. ഈ റേഞ്ചുകളില്‍ യഥാക്രമം 1.070, 0.080,1.00, 0.050 കിലോമീറ്റര്‍ ട്രഞ്ച് പുതുതായി പണിയണം. 14.3 ലക്ഷം രൂപയാണ് ഇതിനാവശ്യം. വനാതിര്‍ത്തിയില്‍ പ്രതിരോധക്കിടങ്ങു നിര്‍മിക്കാന്‍ കഴിയാത്ത ചതുപ്പ് ഉള്‍പ്പെടെ ഭാഗങ്ങളില്‍ 4.442 കിലോമീറ്ററില്‍ സംരക്ഷണ ഭിത്തി നിര്‍മാണത്തിനു 415.33 ലക്ഷം രൂപ ചെലവാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
കര്‍ണാടകയിലെ നാഗര്‍ഹോള, ബന്ദിപ്പുര, തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളുമായി അതിരിടുന്നതാണ് വയനാട് വന്യജീവി സങ്കേതം. 1992ല്‍ സങ്കേതത്തെ പ്രൊജക്ട് എലഫന്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. വന്യജീവി-മനുഷ്യ സംഘര്‍ഷം കുറയ്ക്കുന്നതിനായുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി  ഫണ്ട് ലഭ്യമാക്കുന്നതിനായാണ് ജില്ലാ വികസന സമിതിക്കു സമര്‍പ്പിച്ചത്. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *