March 29, 2024

റിഷി ഗ്രൂപ്പിന്റെ തണലില്‍ സ്പന്ദനം സ്‌നേഹവീടുകള്‍ ഒരുങ്ങി : താക്കോൽദാനം ആറിന്

0
മാനന്തവാടി : ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് സാന്ത്വനവുമായി മൈസൂരിലെ റിഷി ഗ്രൂപ്പ്. പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി റിഷി ഗ്രൂപ്പ് സ്പന്ദനം ചാരിറ്റബിള്‍ സൊസൈറ്റി മുഖേന നിര്‍മ്മിച്ച ഏഴ് വീടുകളുടെ താക്കോല്‍ദാനം ജൂണ്‍ ആറിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.
          മാനന്തവാടി എം.എല്‍.എ. ഒ.ആര്‍.കേളുവിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പൊതുസമ്മേളനം ഉത്ഘാടനം ചെയ്യും. സ്പന്ദനം മുഖ്യ രക്ഷാധികാരി ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത് വീടുകളുടെ താക്കോല്‍ദാനവും, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. കിടപ്പു രോഗികള്‍ക്കുള്ള റേഡിയോ വിതരണ ഉത്ഘാടനവും, സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. പ്രമുഖരെ ആദരിക്കലും നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉപഹാരസമര്‍പ്പണം നടത്തും. മാനന്തവാടി മുനസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.ആര്‍.പ്രവീജ് ഫര്‍ണിച്ചര്‍ കൈമാറ്റം നിര്‍വ്വഹിക്കും. സബ്കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സ്പന്ദനം ചികിത്സാനിധി കൈമാറ്റവും, മാനന്തവാടി എ.എസ്.പി. വൈഭവ് സക്‌സേന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ധനസഹായ വിതരണവും നിര്‍വഹിക്കും. വൃദ്ധമന്ദിരങ്ങള്‍ക്കുള്ള ധനസഹായവിതരണം വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്ററും , സോക്കര്‍സ്റ്റാര്‍ ഫുട് ബോള്‍ അക്കാദമിക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് തുക കൈമാറല്‍ റിഷി ഗ്രൂപ്പ് എച്ച്.ആര്‍. മാനേജര്‍ ജോഷി ബേസിലും നിര്‍വഹിക്കും. ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് പള്ളിവികാരി ഫാ. ജോസ് കളപ്പുര, മാനന്തവാടി മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമി അക്ഷയാമൃത ചൈതന്യ, സൈന്‍ ഡയറക്ടര്‍ റാഷിദ് ഗസ്സാലി കൂളിവയല്‍, മേരിമാതാ കോളേജ് മാനേജര്‍ ഫാ. ജോര്‍ജ്ജ് മൈലാടൂര്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. പ്രമുഖവ്യക്തികള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് ശേഷം നാടന്‍പാട്ട് കലാവിരുന്നും ഉണ്ടാകും. 
             നെസ്‌ലേ പോലുള്ള വന്‍കിട കമ്പനികള്‍ക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുകമ്പനികള്‍ക്ക് മരുന്ന് അയക്കാനുള്ള കവറുകളും നിര്‍മ്മിക്കുന്ന വന്‍കിട കമ്പനിയാണ് റിഷി ഗ്രൂപ്പ്. മലയാളിയായ മാനന്തവാടി സ്വദേശി കൊയിലേരി വടക്കേല്‍ ജോസഫ് ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ ഏകദേശം അയ്യായിരത്തിലധികം തൊഴിലാളികളും അഞ്ഞൂറ് കോടി രൂപയുടെ വാര്‍ഷിക അറ്റാദായവുമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാനന്തവാടി ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ സ്പന്ദനത്തിന്റെ രക്ഷാധികാരി കൂടിയായ ജോസഫ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പ്രതിവര്‍ഷം ഒന്നര കോടി രൂപയുടെ കാരുണ്യസേവന പ്രവര്‍ത്തനങ്ങളാണ് വയനാട്ടില്‍ നടപ്പിലാക്കിവരുന്നത്. നിര്‍ദ്ധന രോഗികള്‍ക്ക് ഭക്ഷണം, ഡയാലിസിസ് യൂണിറ്റിലെ ജീവനക്കാരുടെ ശമ്പളം, പാവപ്പെട്ട രോഗികള്‍ക്ക് മാസം അമ്പതിനായിരം രൂപയുടെ മരുന്ന് എന്നിവ നല്‍കിവരുന്നത് കൂടാതെ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. പന്ത്രണ്ട് വര്‍ഷം മുമ്പ് ബറോഡയിലാണ് റിഷി ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ അവിടെ രണ്ട് യൂണിറ്റുകള്‍ കൂടാതെ മൈസൂരുവിലെ ആറ് യൂണിറ്റുകളും ഉള്‍പ്പെടെ ഈ കമ്പനിയില്‍ നിന്ന് മുപ്പത്തിയാറ് വിദേശരാജ്യങ്ങളിലേക്ക് പാക്കിംഗ് ഉല്‍പന്ന കയറ്റുമതി നടത്തുന്നുണ്ട്. 
          കേരളം കൂടാതെ കര്‍ണാടകത്തിലും, ഗുജറാത്തിലും ജോസഫ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഒണ്ടയങ്ങാടി എടപ്പടിയില്‍ സ്വന്തമായുള്ള അമ്പത് സെന്റ് സ്ഥലത്താണ് എല്ലാ സൗകര്യങ്ങളോടുംകൂടി ഏഴ് വീടുകള്‍ നിര്‍മ്മിച്ച് ഫര്‍ണിച്ചറുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും അടക്കം കുടുംബങ്ങള്‍ക്ക് കൈമാറുന്നത്. എല്ലാ വര്‍ഷവും മഴക്കാലത്ത് വെള്ളം കയറി ക്യാമ്പുകളില്‍ കഴിയേണ്ടിവരുന്നവരും മാനദണ്ഡങ്ങള്‍ പ്രകാരം മറ്റെവിടെനിന്നും സഹായം കിട്ടാത്തവരെയുമാണ് ഗുണഭോക്താക്കളായി പരിഗണിച്ചതെന്ന് സ്പന്ദനം ഭാരവാഹികള്‍ പറഞ്ഞു. ആകെ ലഭിച്ച നാല്‍പത്തിയഞ്ച് അപേക്ഷകളില്‍ നിന്നാണ് ഏറ്റവും അര്‍ഹരായ ഏഴുപേരെ തിരഞ്ഞെടുത്തതെന്ന് സ്പന്ദനം സെക്രട്ടറി ഇബ്രാഹിം കൈപ്പണി, പ്രസിഡന്റ് ബാബു ഫിലിപ്പ്, രക്ഷാധികാരി ഡോ. ഗോകുല്‍ദേവ് എന്നിവര്‍ പറഞ്ഞു. ജോസഫ് ഫ്രാന്‍സിസിനെ കൂടാതെ ഭാര്യ ജോളി, മക്കളായ ജോമോന്‍ ജോസഫ്, ജോഫി ജോസഫ് എന്നിവര്‍ നേരിട്ടെത്തിയാണ് നിര്‍മ്മാണജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. ജനറല്‍ മാനേജര്‍ ജോഷി ബേസിലിന്റെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ച് താക്കോല്‍ദാന ചടങ്ങിനെത്തുന്ന എല്ലാവര്‍ക്കും ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇരിട്ടി, പുല്‍പ്പള്ളി, പൂഴിത്തോട് എന്നിവിടങ്ങളില്‍ നിര്‍ദ്ധനരായ ഓരോരുത്തര്‍ക്ക് വീട് നിര്‍മ്മാണം പുരോഗമിക്കുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *