April 25, 2024

മാലിന്യ പ്രശ്നം: സബ് കളക്ടറുടെ നേതൃത്വത്തില്‍ സാങ്കേതിക സമിതി ബ്രഹ്മഗിരി പ്ലാന്റ് സന്ദര്‍ശിക്കും

0
സബ് കളക്ടറുടെ നേതൃത്വത്തില്‍ സാങ്കേതിക സമിതി ബ്രഹ്മഗിരി മാംസ സംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ച് പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. പ്ലാന്റിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുണ്ടായ ക്രമസമാധാന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊലൂഷന്‍ കണ്‍ട്രോള്‍ എന്‍ജിനീയര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് പ്ലാന്റ് സന്ദര്‍ശിക്കുക. കൂടാതെ പഞ്ചായത്ത് പ്രതിനിധികള്‍, സമരസമിതി അംഗങ്ങള്‍ എന്നിവരെയും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. പ്ലാന്റ് പൂര്‍ണ്ണമായും ശാസ്ത്രീയ നടപടിക്രമങ്ങള്‍ പാലിച്ച് മാലിന്യമുക്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പു വരുത്തും. ഉപകരണങ്ങളുടെ അറ്റകുറ്റ ജോലികള്‍ നടക്കുമ്പോള്‍ പ്ലാന്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നെന്നു നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ പ്ലാന്റിലെ സിസിടിവി വീഡിയോ ക്ലിപിങ് പരിശോധിച്ച് തീരുമാനമെടുക്കും. ദൃശ്യങ്ങളില്‍ അതിക്രമം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്നും മോശമായ നടപടിയുണ്ടായിട്ടില്ലെന്നും ക്രമസമാധാന പരിപാലനം മാത്രമാണുണ്ടായതെന്നും മാനന്തവാടി എഎസ്പി ഭൈവവ് സക്‌സേന പറഞ്ഞു. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് എതിരല്ലെന്നും ദുര്‍ഗന്ധം നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെതിരാണ് പ്രതിഷേധമെന്നും സമരസമിതി അംഗങ്ങള്‍ യോഗത്തെ അറിയിച്ചു. എല്ലാവിധ അനുമതിയുമുള്ള പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി പ്രതിനിധികളും ആവശ്യപ്പെട്ടു.രാത്രികാലങ്ങളില്‍ പ്ലാന്റിലെ ഉപകരണങ്ങളുടെ അറ്റകുറ്റ ജോലികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന കളക്ടറുടെ നിര്‍ദേശത്തോട് ഇരുവിഭാഗവും യോജിച്ചു.യോഗത്തില്‍ പഞ്ചായത്ത്, ഹെല്‍ത്ത്, പൊലൂഷന്‍ വിഭാഗം പ്രതിനിധികളും പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *