April 25, 2024

കൊറോണ : വയനാട്ടിൽ നിരീക്ഷണത്തിലുള്ളത് 75 പേർ: അവലോകന യോഗം നാളെ

0
കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 19 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 75 ആയി. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരാളുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ് ആയതിനെതുടര്‍ന്ന് നിരീക്ഷണം അവസാനിപ്പിച്ചു. 13 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 9 പരിശോധനാഫലം നെഗറ്റീവ് ആണ്. 4 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
അവലോകന യോഗം ശനിയാഴ്ച  
മന്ത്രി എ.കെ.ശശീന്ദ്രന്‍ പങ്കെടുക്കും:
കുരങ്ങുപനി, പക്ഷിപ്പനി, കൊറോണ എന്നിവ സംബന്ധിച്ചുള്ള ജില്ലയിലെ സ്ഥിതിഗതികള്‍ ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ശനിയാഴ്ച (മാര്‍ച്ച് 14)  അവലോകനം ചെയ്യും. ആസൂത്രണ ഭവനിലെ എ. പി. ജെ ഹാളില്‍ ചേരുന്ന രാവിലെ 10.30 ന് ചേരുന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് നഗരസഭ സെക്രട്ടറിമാര്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള  അറിയിച്ചു.

പൗള്‍ട്രി ഇറക്കുമതി നിരോധനം പരിമിതപ്പെടുത്തി
അയല്‍ ജില്ലകളില്‍ പക്ഷി പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍   വയനാട് ജില്ലയിലേക്ക് പൗള്‍ട്രിയും അനുബന്ധ ഉല്‍പ്പന്നങ്ങളും കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനത്തിന് അയവുവരുത്തി.   സംസ്ഥാനത്തിന് പുറത്തു നിന്നും മറ്റ് ജില്ലകളില്‍ നിന്നും കൊണ്ടുവരുന്നതിനാണ് നേരത്തെ ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.  മലപ്പുറം, കോഴിക്കോട് ജില്ലകളില്‍  പക്ഷിപനി വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ നിന്നുള്ള കോഴി ഇറക്കുമതിക്കുള്ള  നിരോധനം തുടരും.   അന്തര്‍ സംസ്ഥാന ഇറക്കുമതിക്ക് നിരോധനമില്ല. 

അങ്കണ്‍വാടി ഭക്ഷണം വീടുകളില്‍ എത്തിച്ചു തുടങ്ങി
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ അങ്കണവാടികള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണം വീടുകളില്‍ എത്തിച്ചു തുടങ്ങി. കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്ന് നല്‍കുന്ന പോഷകാഹാരങ്ങള്‍ മുടങ്ങരുതെന്നും അവ വീടുകളില്‍ എത്തിച്ച് നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കല്‍പ്പറ്റ നഗരസഭയ്ക്ക് കീഴിലെ മണിയങ്കോട് ആദിവാസികോളനിയില്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ ഭക്ഷണ കിറ്റ് എത്തിച്ച് തുടങ്ങിയത്. ശര്‍ക്കര, റാഗി, പാല്‍പൊടി, അരി, ചെറുപയര്‍, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, കടല തുടങ്ങിയവ അടങ്ങിയ കിറ്റ് വിതരണംചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *