March 28, 2024

ഉത്തരവാദിത്വ ടൂറിസം: 17,008 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു.

0

കല്‍പറ്റ-സംസ്ഥാനത്തു ഉത്തരവാദ ടൂറിസം മിഷനില്‍(ആര്‍.ടി മിഷന്‍) രജിസ്റ്റര്‍ ചെയ്തതു 17,008 യൂണിറ്റുകള്‍. 2019-20 ഫെബ്രുവരി വരെ ഇത്രയും യൂണിറ്റുകളിലൂടെ 18.26 കോടി രൂപയുടെ പ്രാദേശിക വരുമാനം ലഭിച്ചതായും ആര്‍ടി മിഷന്റെ കണക്കുകളില്‍ പറയുന്നു. വിനോദസഞ്ചാര വികസനത്തിന്റെ സദ്ഫലം പ്രാദേശിക സമൂഹത്തിനും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചതാണ് ഉത്തരവാദ ടൂറിസം മിഷന്‍. ഓരോ പ്രദേശത്തുമുള്ള ജനങ്ങളെ നേരിട്ടോ അല്ലാതെയോ ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച് അധിക തൊഴിലും വരുമാനവും ലഭ്യമാക്കുകയാണ് മിഷനിലൂടെ ചെയ്യുന്നത്. കേരളത്തിന്റെ സാംസ്‌കാരികത്തനിമ, തനതു ജീവിതരീതികള്‍, ഗ്രാമീണാന്തരീക്ഷം, തൊഴില്‍, കലാരൂപങ്ങള്‍, ആഘോഷങ്ങള്‍, ഭക്ഷണവിഭവങ്ങള്‍ തുടങ്ങിയവ വിനോദസഞ്ചാരികള്‍ക്കു അനുഭവഭേദ്യമാക്കുകയാണ് ആര്‍.ടി മിഷന്‍ ചെയ്യുന്നത്. ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നുണ്ട്. 
കരകൗശല വസ്തു നിര്‍മാണം, പേപ്പര്‍ ബാഗ് നിര്‍മാണം, തുണി സഞ്ചി നിര്‍മാണം, നെയ്ത്ത്, ജൈവ പച്ചക്കറി ഉത്പാദനം, മൂല്യവര്‍ധിത ഭക്ഷ്യോത്പന്ന നിര്‍മാണം, ഇളനീര്‍ വില്‍പന, ഹോംസ്റ്റേ, ടെന്റഡ് അക്കോമഡേഷന്‍, ഫാം വിസിറ്റ്, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ മേഖലകളിലാണ് ഉത്തരവാദ ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളുടെ പ്രവര്‍ത്തനം. 
യൂണിറ്റ് ആരംഭിക്കുന്നതിനു തദ്ദേശീയര്‍ക്കു പരിശീലനം, രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളെ ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തല്‍, മാര്‍ക്കറ്റിംഗില്‍ മാര്‍ഗനിര്‍ദേശം, യൂണിറ്റുകള്‍ക്കു ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കല്‍, യൂണിറ്റുകളെ ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ടൂറിസം വ്യവസായവുമായി ബന്ധിപ്പിക്കല്‍ എന്നിവ മിഷന്‍ മുഖേന ചെയ്തുവരുന്നുണ്ട്. വയനാട്ടില്‍ മാത്രം ഉത്തരവാദ ടൂറിസം മിഷനില്‍ 1500 ഓളം യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *