April 25, 2024

രോഗവ്യാപനം തടയാന്‍ ജനകീയ ജാഗ്രതാ സംവിധാനം .

0
Prw 581 Sarvakashi Yogathil Manthri A K Saseendran Samsarikunnu.jpg
 

     കൊറോണ രോഗപ്രതിരോധത്തിനായി വാര്‍ഡ്തലത്തില്‍ ജനകീയ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ കണ്‍വീനറായി രൂപീകരിക്കുന്ന സമിതിയില്‍ ആരോഗ്യം,പോലീസ്,റവന്യൂ,ട്രൈബല്‍,കുടുംബശ്രീ പ്രതിനിധികള്‍ക്ക് പുറമെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അംഗമായിരിക്കും. ഒരോ  വാര്‍ഡിലും കൊറോണ രോഗം തടയുന്നതിനാവശ്യമായ ജാഗ്രതയോടുള്ള  ഇടപെടലാണ് സമിതിയുടെ നേതൃത്വത്തില്‍ നിര്‍വ്വഹിക്കുക. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങല്‍ക്ക് ജില്ലാ ഭരണകൂടത്തിന് മുഴുവന്‍ പിന്തുണയും രാഷ്ട്രീയപാര്‍ട്ടി  പ്രതിനിധികള്‍ ഉറപ്പുനല്‍കി. 

    ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ കൊറോണ പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമായി നടക്കുമ്പോഴും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുളള പ്രവര്‍ത്തനങ്ങള്‍ ചിലരുടെ ഭാഗത്ത് നിന്നു ഉണ്ടാവുന്നുണ്ട്. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ ജനകീയ ഇടപെടല്‍ അനിവാര്യമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍  പറഞ്ഞു. പഞ്ചായത്ത്തലത്തിലുളള സര്‍വ്വകക്ഷിയോഗം മാര്‍ച്ച് 25 നകം ബന്ധപ്പെട്ട എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ ചേരാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.   

  ആദിവാസി കോളനികളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നിരീക്ഷണത്തില്‍ കഴിയുന്ന ആദിവാസികളെ ട്രൈബല്‍ ഹോസ്റ്റലുകളിലേക്ക് മാറ്റണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ  പറഞ്ഞു. പാതയോരങ്ങളില്‍ താമസിക്കുന്നവരുടെ കാര്യവും പരിഗണിക്കണം. വാര്‍ഡ്തല സമിതികള്‍ക്കുളള ഏകീകൃത നിര്‍ദ്ദേശങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അനാവശ്യമായി ആശങ്ക പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍..എ പറഞ്ഞു. റിസോട്ടുകളില്‍ താമസിക്കുന്നവരെ കുറിച്ചുളള മുഴുവന്‍ വിവരങ്ങളും ശേഖരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. രോഗ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ പൊതുസമൂഹം തയ്യാറാകണമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. ഇതര ജില്ലകളില്‍ നിന്ന് വന്നവര്‍ കൂട്ടുകുടുംബങ്ങളില്‍ ഒരുമിച്ച് കഴിയുന്ന സാഹചര്യമൊഴിവാക്കാനുളള ഇടപെടല്‍ ജാഗ്രതാ സമിതികള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു.

    മറ്റു ജില്ലകളില്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ഉള്‍പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും മറ്റും താമസിക്കുന്നുണ്ട്. പോലീസിന്റെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണം. മറ്റിടങ്ങളില്‍ നിന്നും ജില്ലയിലേക്കുളള അനാവശ്യ യാത്രക്കള്‍ നിരുത്സാഹപ്പെടുത്തണം. പല ടൗണുകളും ഇപ്പോഴും  സജീവമാണ്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ലോക്ക്് ഡൗണ്‍ പോലുളള സാഹചര്യത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സാധിക്കണം. ആരാധനാലയങ്ങള്‍ക്ക്  കര്‍ശന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. കുടകില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കോളനികളില്‍ പട്ടിണി ഒഴിവാക്കാനുളള നടപടി ഉറപ്പാക്കണം.

   യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ, എ.ഡി.എം തങ്കച്ചന്‍ ആന്റണി, സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡി.എം.ഒ ഡോ.ആര്‍.രേണുക, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ  പി.ഗഗാറിന്‍, വിജയന്‍ ചെറുകര, എന്‍.ഡി അപ്പച്ചന്‍, സജി ശങ്കര്‍, വി.എ മജീദ്, സി.കെ ശിവരാമന്‍, സി.മൊയ്തീന്‍കുട്ടി,സി.എം ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *