April 24, 2024

പട്ടിക വർഗ്ഗ മേഖലയിൽ മികവാർന്ന ഇടപെടലുമായി കുടുംബശ്രീയും പട്ടിക വർഗ്ഗ വികസന വകുപ്പും

0


കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം മൂലം ഏറെ ശ്രദ്ധ വേണ്ട വിഭാഗമാണ് ജില്ലയിലെ പട്ടിക വർഗ്ഗക്കാർ. ഇവരിൽ പ്രത്യേക കരുതൽ എത്തിക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷനും പട്ടിക വർഗ്ഗ വികസന വകുപ്പും. സംസ്ഥാനത്ത് പ്രത്യേക കരുതൽ വേണമെന്ന് സർക്കാർ തീരുമാനിക്കുമ്പോൾ തന്നെ പട്ടിക വർഗ്ഗ വികസന വകുപ്പും കുടുംബശ്രീയും ജില്ലാ ഭരണകൂടത്തോടൊപ്പം ചേർന്ന് കൊണ്ട് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ജില്ലക്ക് പുറത്ത് പണിക്ക് പോയവരുടേയും ജില്ലയിൽ പ്രത്യേകം നിരീക്ഷണത്തിൽ കഴിയുന്നവരുടേയും വിവിധ പ്രദേശങ്ങളിൽ കഴിയുന്നവരുടേയുമെല്ലാം വിവരങ്ങൾ ശേഖരിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക ട്രൈബൽ കൊറോണ സെൽ കലക്ട്രേറ്റിൽ പ്രവർത്തിക്കുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിലുള്ള 37 പേരെ പ്രത്യേക കോവിഡ് കെയർ സെന്ററിൽ ക്വാറന്റൈനിൽ താമസിപ്പിച്ച് എല്ലാ സൗകര്യവും ഒരുക്കി വരുന്നുണ്ട്. തിരുനെല്ലി, കണിയാമ്പറ്റ,  നൂൽപ്പുഴ എന്നി പഞ്ചായത്തുകളിലെ പട്ടിക വർഗ്ഗ കോളനികളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ  കമ്മ്യൂണിറ്റി കിച്ചണിലൂടെ നിലവിൽ കഴിക്കുന്ന 7281 ആളുകൾക്ക് പുറമേ 507 പേർക്ക് കൂടി അധികമായി ഭക്ഷണം നൽകി വരുന്നു. ആനിമേറ്റർമാരും പ്രൊമോട്ടർമാരും ചേർന്ന് ജില്ലയിലെ കോളനികളിൽ പ്രത്യേക കരുതലോടെ ബോധവൽക്കരണം നടത്തി വരുന്നുണ്ട്. രണ്ടായിരത്തിലധികം കുടുംബങ്ങളിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. കുടുംബശ്രീയും പട്ടിക വർഗ്ഗ വികസന വകുപ്പും സംയുക്തമായി കണിയാമ്പറ്റ പാടിക്കുന്നിൽ ആരംഭിച്ച ചേല അപ്പാരൽ പാർക്കിലൂടെ ദിവസേന അഞ്ഞൂറിലധികം മാസ്ക് ജില്ലയിലും പുറത്തുമായി വിതരണം ചെയ്യുന്നു. കോളനികളിൽ ഹാൻഡ് വാഷ് വിതരണവും കുടുംബശ്രീ നടത്തുന്നുണ്ട്. യഥാസമയം പട്ടിക വർഗ്ഗ വകുപ്പിന്റെ സഹായത്തോടെ ആവശ്യമായ ഊരുകളിലേക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിക്കുകയും  കുടുംബശ്രീയുടെ പഞ്ചായത്ത് തല കമ്യൂണിറ്റി കിച്ചണിലൂടെ കോളനിയിലുള്ളവരെ കൂടെ കരുതാൻ പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നു. ഈ  പ്രത്യേക കരുതലിന്റെ ഭാഗമായി നിരന്തരം ഹെൽത്ത് ഡിപ്പാർട്ട്മെൻറിനും സഹായകരമായി പട്ടിക വർഗ്ഗ വകുപ്പും കുടുംബശ്രീയും മാറുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *