April 26, 2024

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: തഹസില്‍ദാര്‍ നിര്‍ണയിച്ച കമ്പോളവില തുച്ഛം; വീണ്ടും തടസവാദവുമായി വനം വകുപ്പ്

0
കൽപ്പറ്റ :
-കാഞ്ഞിരങ്ങാട് വില്ലേജില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അവകാശപ്പെട്ട 12 ഏക്കര്‍ ഭൂമിക്കു സര്‍ക്കാര്‍ നിര്‍ദേശാനുസരണം വയനാട് ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയതനുസരിച്ചു മാനന്തവാടി തഹസില്‍ദാര്‍ നിര്‍ണയിച്ച കമ്പോളവില തുച്ഛം. ഭൂമി സെന്റിനു 3,217 രൂപ കമ്പോളവില നല്‍കാമെന്നാണ് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍. തഹസില്‍ദാരും കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസറും ചേര്‍ന്നാണ്  കമ്പോളവില നിശ്ചയിച്ചത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു  അവകാശപ്പെട്ട  ഭൂമി ഏക്കറിനു 3,21,700 രൂപയാണ് തഹസില്‍ദാര്‍ വില നിശ്ചയിച്ചത്. ഇതനുസരിച്ചു 38,58,895 രൂപയാണ് ആകെ ഭൂമിയുടെ  കമ്പോളവില. 2013ലെ എല്‍.എ.ആര്‍.ആര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് തഹസില്‍ദാര്‍ കമ്പോളവില നിര്‍ണയം നടത്തിയത്. 
ആദിവാസി പുരനധിവാസത്തിനും മറ്റുമായി  ഗ്രാമപ്രദേശങ്ങളില്‍ ഏക്കറിനു 10 മുതല്‍ 20 വരെ ലക്ഷം രൂപ വിലയില്‍ സ്വകാര്യഭൂമി സര്‍ക്കാര്‍ വിലയ്ക്കുവാങ്ങുമ്പോഴാണ് പതിറ്റാണ്ടുകളായി നീതിനിഷേധം നേരിടുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സ്ഥലത്തിനു തഹസില്‍ദാര്‍ തുച്ഛവില കണക്കാക്കിയത്. 
ഭൂമിയിലെ മരങ്ങളുടെ വില നിര്‍ണയം നടന്നില്ല. മരങ്ങളുടെ വില കണക്കാക്കാന്‍ വടക്കേവയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെയാണ് ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ സര്‍ക്കാര്‍ പ്രത്യേകം ഉത്തരവിറക്കിയാല്‍ മാത്രം മരങ്ങളുടെ വില കണക്കാക്കിയാല്‍ മതിയെന്നാണ് തനിക്കു ഒലവക്കോട് കസ്റ്റോഡിയന്‍ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററില്‍നിന്നു ലഭിച്ച നിര്‍ദേശമെന്നാണ് ഡി.എഫ്.ഒ ജില്ലാ കലക്ടറെ അറിയിച്ചത്. ഇതിനു പുറമേ,വനമായി വിജ്ഞാപനം ചെയ്ത ഭൂമിക്കു കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു മാത്രമായി കമ്പോളവില നല്‍കുന്നത് ജില്ലയിലെ സമാനസ്വഭാവമുള്ള മറ്റു കേസുകളിലും ബാധകമാകുമെന്നും ഇതു സര്‍ക്കാരിനു കനത്ത സാമ്പത്തിക ബാധ്യതയ്ക്കു ഇടയാക്കുമെന്നും വനം അധികൃതര്‍ കലക്ടറെ അറിയിച്ചു. 
ഭൂമിക്കു തഹസില്‍ദാര്‍ നിര്‍ണയിച്ച കമ്പോളവില സംബന്ധിച്ച വിവരങ്ങളും മരവില കണക്കാക്കുന്ന വഷയത്തില്‍ ഡി.എഫ്.ഒ അറിയിച്ച കാര്യങ്ങളും ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
കാഞ്ഞിരത്തിനാല്‍ കുടുംബം കൈവശം വച്ചിരുന്ന 12 ഏക്കറില്‍ 11.25 ഏക്കറാണ് വനഭൂമിയായി വിജ്ഞാപനം ചെയ്തത്. ബാക്കി 75 സെന്റ് ഭൂമി നിലവില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കൈവശത്തിലല്ല.മുഴുവന്‍ ഭൂമിയും തിരികെ ലഭിക്കാതെ ഈ ഭൂമി മാത്രമായി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കാഞ്ഞിരത്തിനാല്‍ കുടുബം. ഇക്കാര്യവും കലക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു അയച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വസ്തുവിന്റെ കമ്പോളവില കണക്കാക്കുന്നതിനു ആവശ്യമായ സര്‍ക്കാര്‍ ഉത്തരവ് പ്രത്യേകം ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന അപേക്ഷയും റിപ്പോര്‍ട്ടിലുണ്ട്. 

കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 238/1ലാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അവകാശപ്പെട്ട ഭൂമി. കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് എന്നിവര്‍ക്കു ജന്‍മാവകാശം ഉണ്ടായിരുന്ന സ്ഥലം  അടിയന്തരാവസ്ഥക്കാലത്താണ് വനം വകുപ്പ് പിടിച്ചെടുത്തത്. സ്ഥലം 2013ല്‍ വനഭൂമിയായി വിജ്ഞാപനം ചെയ്യുകയുമുണ്ടായി. ഭൂമി തിരികെ കിട്ടുന്നതിനു നടത്തിയ വ്യവഹാരങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബാഗം ജയിംസ് 2015ലെ സ്വാന്ത്ര്യദിനത്തില്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ഇതേത്തുടര്‍ന്നു പ്രശ്‌നപരിഹാരത്തിനു സര്‍ക്കാര്‍തലത്തില്‍ നടന്ന നീക്കങ്ങളുടെ ഭാഗമായി നടന്ന ഔപചാരിക അന്വേഷണങ്ങളില്‍ വനം വകുപ്പ് പിടിച്ചെടുത്തതു കൃഷിഭൂമിയാണെന്നു വ്യക്തമായി. ഹരിതസേന ചെയര്‍മാന്‍ വി.ടി.പ്രദീപ്കുമാര്‍, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.സുരേഷ് എന്നിവരുടെ ഹരജിയില്‍ നിയമസഭ പെറ്റീഷന്‍സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലും ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അവകാശപ്പെട്ടതാണെന്നു തെളിഞ്ഞു. 
2020 ഫെബ്രുവരി 10നു മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതലയോഗം കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു തുല്യ അളവില്‍ പകരം ഭൂമി നല്‍കാമെന്നു അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ പകരംഭൂമി നിര്‍ദേശത്തോടു വിയോജിച്ച കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ 1985 ഫെബ്രുവരി 18ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിയും ഭൂമി നിക്ഷിപ്തമാക്കി വനം വകുപ്പ് 2013ല്‍ പുറപ്പെടുവിച്ച വിജ്ഞാപനവും റദ്ദുചെയ്തു ഭൂമി തിരികെ തരണമെന്നാണ്  ആവശ്യപ്പെട്ടത്. ഭൂമിക്കു പകരം കമ്പോളവില ലഭ്യമാക്കിയാല്‍ സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഏപ്രില്‍ ആറിനു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് വസ്തുവിന്റെ കമ്പോളവില കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *