April 20, 2024

ഗ്രാൻഡ് കെയർ : :മെഡിക്കൽ സംഘം അഗതിമന്ദിരങ്ങൾ സന്ദർശിച്ചു :ഇവിടെ വയോധികർ സുരക്ഷിതരാണ്‌

0
Img 20200824 Wa0303.jpg
മാനന്തവാടി :
സംസ്ഥാന സർക്കാർ ആരംഭിച്ച “ഗ്രാൻഡ്‌ കെയർ' പദ്ധതിയുടെ ഭാഗമായി മാനന്തവാടി നഗരസഭയിലെ വയോമിത്രം മെഡിക്കൽ സംഘം മാനന്തവാടി താലൂക്കിലെ അഗതിമന്ദിരങ്ങൾ സന്ദർശിച്ചു. 
 കോവിഡ് പ്രതിരോധ പരിപാടികളുടെ ഭാഗമായി വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ  ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച “ഗ്രാൻഡ് കെയർ' പദ്ധതിക്ക്‌ ജില്ലയിൽ തുടക്കമായി. ഹൈ റിസ്‌ക് വിഭാഗത്തിൽപെടുന്ന മുതിർന്ന പൗരന്മാരുടെ ശാരീരിക‐ മാനസിക ആരോഗ്യം ഉറപ്പാക്കുകയും രോഗബാധ ഉണ്ടാകാതിരിക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ കണ്ടെത്തി അവരെ നിരന്തരം നിരീക്ഷിക്കാനും ആരോഗ്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് പദ്ധതി. കേരള സാമൂഹ്യസുരക്ഷാ മിഷന്‌ കീഴിൽ ജില്ലയിലെ മൂന്ന്‌ നഗരസഭകളിലുമായുള്ള വയോമിത്രം മെഡിക്കൽ സംഘമാണ്‌ ഇതിന്‌ നേതൃത്വം നൽകുന്നത്‌. മാനന്തവാടി നഗരസഭയിലെ മെഡിക്കൽ സംഘമാണ്‌ വയോജന കേന്ദ്രങ്ങൾ സന്ദർശിച്ച്‌ മരുന്നുവിതരണവും പരിചരണവും തുടങ്ങിയത്‌. കൽപ്പറ്റ , ബത്തേരി  നഗരസഭകളിലെ മെഡിക്കൽ സംഘവും സന്ദർശനം ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ 21 വൃദ്ധസദനങ്ങളിലെ നൂറുകണക്കിന് അന്തേവാസികൾക്ക് ഈ പദ്ധതി ഉപകാരപ്രദമാണ്.  നിലവിൽ വയോമിത്രം മെഡിക്കൽ യൂണിറ്റ്‌ നടത്തിവരുന്ന നഗരസഭയിലെ വയോജനങ്ങളുടെ പരിചരണം തുടരുന്നതിനോടൊപ്പമാണ്‌ ഗ്രാൻഡ് കെയർ പദ്ധതി. മാനന്തവാടി നഗരസഭയിൽ 36 ഡിവിഷനുകളിലെ 65 വയസ് കഴിഞ്ഞ  2665 വയോധിതർ വയോമിത്രം പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ലോക്ക് ഡൗൺ ആരംഭം മുതൽ നഗരസഭയിലെ മുഴുവൻ ഗുണ ഭോക്താക്കൾക്കും വീടുകളിൽ മരുന്നെത്തിച്ച് വയോമിത്രം ടീം പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഇപ്പോൾ ഗ്രാൻഡ് കെയർ പദ്ധതിയുടെ ഭാഗമായി വൃദ്ധമന്ദിരങ്ങളിലെത്തിയാണ് ജീവിതശൈലീ രോഗങ്ങൾക്ക്‌ ഉൾപ്പെടെയുള്ള മരുന്നുകൾ നൽകുന്നത്‌. രോഗലക്ഷണമുള്ളവരെ കണ്ടെത്താനും അതിലൂടെ രോഗവ്യാപന സാധ്യത ഒഴിവാക്കി സുരക്ഷിതരാക്കുകയുമാണ് ഗ്രാൻഡ് കെയർ പദ്ധതിയുടെ ലക്ഷ്യം.  മുഴുവൻ മുതിർന്ന പൗരന്മാരെയും ഫോണിൽ ബന്ധപ്പെടാനുള്ള കോൾ സെന്ററും ആരംഭിക്കും. ജില്ലാ സാമൂഹ്യനീതി വകുപ്പ്,  ആരോഗ്യവകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാമിഷൻ എന്നിവർ ചേർന്ന കമ്മിറ്റിക്കാണ് പ്രവർത്തനങ്ങളുടെ ഏകോപനം.  മാനന്തവാടി വയോമിത്രം യൂണിറ്റിലെ മെഡിക്കൽ ഓഫീസർ ഡോ. അഞ്ജന, സ്റ്റാഫ് നേഴ്‌സ് സി ശ്രീജ, ജെപിഎച്ച്എൻ ആൻസി റോബി, സന്നദ്ധം വളണ്ടിയർ വിപിൻ വേണുഗോപാൽ, ദീപക് എന്നിവരുടെ നേതൃത്വത്തിലാണ് അഗതിമന്ദിരങ്ങളിൽ സന്ദർശനം നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *