സ്‌കൂള്‍ ഹൈടെക് പദ്ധതി : വയനാട് ജില്ലയില്‍ 418 സ്‌കൂളുകളിൽ വിന്യസിച്ചത് 11,568 ഐ.ടി ഉപകരണങ്ങള്‍.

കൽപ്പറ്റ :
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയിലെ 418 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളില്‍ പൂര്‍ത്തിയായി. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിന്റെയും പ്രഖ്യാപനം നാളെ (ഒക്ടോബര്‍ 12ന്) രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
വയനാടാണ് പൂര്‍ണ്ണമായും ഹൈടെക്ക് ആയ സംസ്ഥാനത്തെ ആദ്യ ജില്ല. ജില്ലയില്‍ സര്‍ക്കാര്‍, എയിഡഡ് വിഭാഗങ്ങളിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 263 സ്‌കൂളുകളും എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 155 സ്‌കൂളുകളും ഉള്‍പ്പെടെ മൊത്തം 418 വിദ്യാലയങ്ങളിലാണ് ഹൈടെക് ഉപകരണങ്ങളുടെ വിന്യാസം പൂര്‍ത്തിയായത്. ഇതിന്റെ ഭാഗമായി 3578 ലാപ്‌ടോപ്പ്, 2118 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 3046 യു.എസ്.ബി. സ്പീക്കര്‍, 1351 മൗണ്ടിംഗ് അക്‌സസറീസ്, 864 സ്‌ക്രീന്‍, 155 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 155 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 155 എച്ച്.ഡി വെബ്ക്യാം, 146 ടെലിവിഷനുകള്‍ (43 ഇഞ്ച്) എന്നിവ ജില്ലയില്‍ വിന്യസിച്ചു. 316 സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയില്‍ 74 ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ് യൂണിറ്റുകളിലായി 4161 അംഗങ്ങളുണ്ട്. 4996 അധ്യാപകര്‍ ജില്ലയില്‍ പ്രത്യേക ഐ.ടി പരിശീലനം നേടി.
ജില്ലയില്‍ ഹൈടെക് പദ്ധതികളില്‍ കൈറ്റ് ഏറ്റവും കൂടുതല്‍ ഐ.ടി ഉപകരണങ്ങള്‍ വിന്യസിച്ചത് ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയില്‍ (263) ആണ്. ജി.എച്ച്.എസ്.എസ് മീനങ്ങാടിയും (245) വിജയ എച്ച്.എസ്.എസ് പുല്‍പ്പള്ളിയും (225) ആണ് തൊട്ടടുത്ത്. പദ്ധതിക്കായി ജില്ലയില്‍ കിഫ്ബിയില്‍ നിന്നും 19.08 കോടിയും പ്രാദേശിക തലത്തില്‍ 4.10 കോടിയും ഉള്‍പ്പെടെ 23.18 കോടി രൂപ ചെലവായിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. തിങ്കളാഴ്ച പ്രഖ്യാപന ചടങ്ങ് 11 മണിക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി തത്സമയം കാണാവുന്നതാണ്.
സ്‌കൂളുകളില്‍ സ്ഥാപിച്ച ഹൈടെക് ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ സ്‌കൂള്‍, തദ്ദേശ ഭരണ സ്ഥാപനം, അസംബ്ലി, പാര്‍ലമെന്റ് മണ്ഡലം തിരിച്ച് സമേതം പോര്‍ട്ടലിലെ (sametham.kite.kerala.gov.in) ഹൈടെക് സ്‌കൂള്‍സ് ലിങ്കില്‍ ലഭ്യമാണ്.
ഹൈടെക് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് ജില്ലയില്‍ നടക്കുന്നത്. നിയോജകമണ്ഡല തലങ്ങളില്‍ എം.എല്‍.എ മാരും ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക്/പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി തലങ്ങളില്‍ അധ്യക്ഷന്‍മാരും പ്രഖ്യാപനം നടത്തും. ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും അവരവരുടെ വാര്‍ഡുകളിലെ വിവിധ വിദ്യാലയങ്ങളില്‍ പങ്കെടുക്കും. എം.എല്‍.എ മാരായ എം.കെ കേളു ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയിലും സി.കെ ശശീന്ദ്രന്‍ ജി.വി.എച്ച്.എസ് കല്‍പറ്റയിലും ഐ.സി ബാലകൃഷ്ണന്‍ ജി.എച്ച.്എസ.്എസ് മൂലങ്കാവിലും പങ്കെടുക്കും.
സ്‌കൂള്‍ തലത്തില്‍ പ്രിന്‍സിപ്പല്‍മാരുടേയും ഹെഡ്മാസ്റ്റര്‍മാരുടേയും നേതൃത്വത്തില്‍ പി ടി എ കളുടെ സഹകരണത്തോടെ പരിപാടികള്‍ സംഘടിപ്പിക്കും. പ്രഖ്യാപനങ്ങളുടെ വിജയകരമായ നടത്തിപ്പിനായി ജില്ലയിലെ വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും സ്‌കൂള്‍ പ്രധാനാധ്യാപകരുടേയും ഓണ്‍ലൈന്‍ യോഗങ്ങള്‍ നടന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി ലീല, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. അബ്ബാസ് അലി, ഡി ഇ ഒ ഉഷാദേവി എം.കെ, സര്‍വശിക്ഷാ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ അബ്ദുല്‍ അസീസ്, പൊതു വിദ്യാഭ്യാസ യജ്ഞം കോഡിനേറ്റര്‍ വിന്‍സെന്റ് തോമസ്, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ പ്രസന്ന, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഡിനേറ്റര്‍ നാസര്‍, എ ഇ ഒ മാരായ സൈമണ്‍, അലീമ, സനല്‍കുമാര്‍ കെ.കെ, ഡയറ്റ് അക്കാദമിക് കോഡിനേറ്റര്‍മാര്‍, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ വി ജെ തോമസ്, എസ്.എസ്.കെ. ബി പി സി മാര്‍, കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്



Leave a Reply