September 27, 2023

സില്‍വര്‍ ലൈനുമായി കേരളം മുന്നോട്ട്: മന്ത്രി ജി സുധാകരന്‍

0
K-Rail.jpeg


തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിര്‍ദിഷ്ട അര്‍ധ അതിവേഗ റെയില്‍ പാതയ്ക്ക് (സില്‍വര്‍ലൈന്‍) കേന്ദ്രാനുമതി ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ. 


ഇതിനായി മുഖ്യമന്ത്രി   പിണറായി വിജയന്‍ പ്രത്യേക താല്പര്യമെടുത്ത് പ്രവര്‍ത്തിക്കുകയാണെന്ന് പൊതുമരാമത്തു മന്ത്രി ശ്രീ ജി.സുധാകരന്‍ വ്യക്തമാക്കി. പദ്ധതിക്കുവേണ്ട സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) സമര്‍പ്പിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) സംസ്ഥാന മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരുന്നു. 

തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തിരൂരില്‍നിന്ന് കാസര്‍കോട് വരെ ഇപ്പോഴത്തെ റെയില്‍ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സില്‍വര്‍ ലൈന്‍ നിര്‍മിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.  

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സില്‍വര്‍ ലൈന്‍ സ്റ്റേഷനുകള്‍.

പദ്ധതി ചെലവ് 63,941 കോടി രൂപയാണ്. പദ്ധതി തുടങ്ങി അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ  മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. പരമാവധി ജനസാന്ദ്രത കുറഞ്ഞ മേഖലകളില്‍കൂടി 15 മുതല്‍ 25 മീറ്റര്‍ മാത്രം വീതിയില്‍ സ്ഥലം ഏറ്റെടുത്തു പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം മികച്ച പ്രതിഫലം നല്‍കി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. ജനങ്ങളെ പൂര്‍ണമായി വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 

ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഏറ്റെടുക്കലിനു മുന്‍പുതന്നെ കൂടിയാലോചനകളിലൂടെ പരിഹരിക്കും. ഏറ്റെടുക്കല്‍ പ്രക്രിയയും നഷ്ടപരിഹാരമടക്കമുള്ള പുനരധിവാസ നടപടികളും 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാവും പൂര്‍ത്തിയാക്കുകയെന്ന് മന്ത്രി പറഞ്ഞു. 

തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 529.45 കിലോമീറ്റര്‍ നാലു മണിക്കൂര്‍ കൊണ്ട് പിന്നിട്ട്  കാസര്‍കോടെത്തുന്ന സില്‍വര്‍ ലൈനില്‍  ഏറെ തിരക്കുള്ള തിരുവനന്തപുരം-എറണാകുളം ഭാഗത്ത് യാത്രാസമയം  ഒന്നര മണിക്കൂറാണ്.

പാരീസ് ആസ്ഥാനമായ സിസ്ട്രയാണ് കെ-റെയിലിനുവേണ്ടി ഡിപിആര്‍ തയാറാക്കിയത്. എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാര്‍ സര്‍വെ, പരിസ്ഥിതി ആഘാത പഠനം, ശാസ്ത്രീയമായ ഭൂഗര്‍ഭ പഠനം,  ട്രാഫിക് സര്‍വെ എന്നിവയ്ക്കുശേഷമായിരുന്നു  ഡിപിആര്‍ തയാറാക്കി സംസ്ഥാന സര്‍ക്കാരിനും പിന്നാലെ കേന്ദ്ര സര്‍ക്കാരിനും സമര്‍പ്പിച്ചത്.  

കൊവിഡ് കാലത്തെ മാന്ദ്യത്തിനുശേഷം സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ശ്രീ ജി. സുധാകരന്‍ പറഞ്ഞു. നിര്‍മാണ സമയത്തും അതിനുശേഷവും നിരവധി തൊഴിലവസരങ്ങളായിരിക്കും പദ്ധതിയിലൂടെ ലഭിക്കുന്നത്. കേരളത്തിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കാന്‍ പദ്ധതി പ്രാപ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.    

നിലവിലുള്ള ലൈന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നിര്‍മാണം കൂടുതല്‍ ചെലവേറിയതും കൂടുതല്‍ നിര്‍മിതികള്‍ ഇല്ലായ്മ ചെയ്യേണ്ടിവരുന്നതുമാണെന്ന് ഇതു സംബന്ധിച്ച പഠനം വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് പ്രത്യേക ലൈന്‍ സ്വീകരിക്കേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *