ബി.ജെ.പി വയനാട് പൊട്ടിത്തെറി; തണുപ്പിക്കാൻ നേതാക്കൾ ശ്രമം തുടങ്ങി.
ബത്തേരി: വയനാട്ടിലെ ബി.ജെ.പിയിലുണ്ടായ വിള്ളൽ പരിഹരിക്കാൻ ഉന്നത നേതാക്കൾ ഇടപെടുന്നു. കോഴ വിവാദവും പുതിയ പ്രസിഡൻ്റ് തിരഞ്ഞടുപ്പും വലിയ പൊട്ടിത്തെറിയിലെത്തി.അണികളും കീഴ്ഘടക നേതാക്കളടക്കം ഇപ്പോൾ രണ്ട് തട്ടിലാണ്. മുൻ പ്രസിഡൻ്റും പുതിയ പ്രസിഡൻ്റും എതിർദിശകളിലുമാണ്. തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിലെ സി.കെ. ജാനുവിെൻറ സ്ഥാനാർഥിത്വവും കോഴ ആരോപണവും പാർട്ടിയിൽ സൃഷ്ടിച്ച വിഭാഗീയത പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. പാർട്ടിയിൽ പ്രതിഷേധ ശബ്ദമുയർത്തിയവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് സൂചന. പ്രതിഷേധ ശബ്ദമുയർത്തിയവർ കാര്യമായി പ്രതികരിക്കാൻ ഇപ്പോൾ തയാറാകുന്നില്ല.
സ്ഥാനാർഥിയാകാൻ ജാവുവിന് 35 ലക്ഷത്തോളം കൊടുത്തുവെന്ന ആരോപണം സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനേയും പ്രതിക്കൂട്ടിലാക്കിയിരുന്നു. സുരേന്ദ്രനുമായി അടുത്ത് ബന്ധമുള്ള നേതാക്കളാണ് ജാനുവിെൻറ തെരഞ്ഞെടുപ്പ് പ്രചരണം നിയന്ത്രിച്ചിരുന്നത്. ജെ.ആർ.പി ട്രഷറർ പ്രസീത അഴിക്കോട് അഴിച്ചുവിട്ട ആരോപണത്തെത്തുടർന്ന് പ്രചരണം നിയന്ത്രിച്ച നേതാക്കൾക്കെതിരെ സുൽത്താൻ ബത്തേരിയിലെ ഏതാനും ബി.ജെ.പി ഭാരവാഹികൾ പരസ്യമായി രംഗത്തുവന്നു. ക്രൈംബ്രാഞ്ച് അന്വേഷണവും വിവാദങ്ങളും പുരോഗമിക്കുന്നതിനിടയിലാണ് ജില്ല പ്രസിഡൻറിനെ മാറ്റുന്നത്.
ജാനുവിെൻറ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായ കെ.പി. മധു ജില്ല പ്രസിഡൻറായതിന് പിന്നിൽ സംസ്ഥാന പ്രസിഡൻറിെൻറ വ്യക്തമായ കണക്കുകൂട്ടലുകളാണ്. ജാനുവിനെ പരസ്യമായി എതിർത്ത സജി ശങ്കറിനെ ഒഴിവാക്കിയാണ് പുതിയ പ്രസിഡൻറിനെ അവരോധിച്ചത്. എതിർക്കുന്നവർക്ക് വ്യക്തമായ സൂചന നൽകാനും ഈ മാറ്റത്തിലൂടെ സാധിച്ചു. അതിന് ശേഷമായിരുന്നു സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡൻറ് മദൻലാൽ രാജിവെച്ചത്. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തതോടെ സംസ്ഥാന പ്രസിഡൻറിന് തെൻറ നീക്കം അണികളെ ബോധ്യപ്പെടുത്താനുമായി.
അതേസമയം, സുൽത്താൻ ബത്തേരിയിൽ പ്രതിഷേധിച്ച് രാജി വെച്ചവരാരും തനിക്ക് കത്ത് തന്നില്ലെന്ന് ജില്ല പ്രസിഡൻറ് കെ.പി. മധു പറഞ്ഞു.
തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് അവരുടെ പ്രതിഷേധം. അവരുമായി ചർച്ച നടത്തും. ജാനുവിനെ സ്ഥാനാർഥിയാക്കിയതിന് ശേഷം അന്ന് ജില്ല പ്രസിഡൻറ് സജി ശങ്കർ പരസ്യമായി പ്രതിഷേധിച്ചതാണ് വിനയായത്.
Leave a Reply