September 4, 2026

അജൈവ മാലിന്യ ശേഖരണം; ജില്ലാ ഗോഡൗണ്‍ പ്രവര്‍ത്തനം തുടങ്ങി

0
3bd48a7c-ff82-417a-9200-e0ca7d92e907.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും തരംതിരിച്ച് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുളള ക്ലീന്‍ കേരള കമ്പനിയുടെ ജില്ലാ ഗോഡൗണ്‍ പ്രവര്‍ത്തനമാരംഭിച്ചു. പൂതാടി പഞ്ചായത്തിലെ വരദൂരില്‍ ആരംഭിച്ച ഗോഡൗണിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. 5000 സ്‌ക്വയര്‍ ഫീറ്റിലാണ് ബില്‍ഡിംഗ് പ്രവര്‍ത്തിക്കുന്നത്. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവരുമായി സഹകരിച്ചാണ് ഗോഡൗണ്‍ പ്രവര്‍ത്തനങ്ങള്‍ ക്ലീന്‍ കേരള കമ്പനിയാണ് ഏകോപിപ്പിക്കുന്നത്.
ക്ലീന്‍ കേരള കമ്പനി ശേഖരിക്കുന്ന മാലിന്യങ്ങള്‍ കമ്പനിയുടെ മറ്റ് ജില്ലകളിലെ ഗോഡൗണുകളിലേക്കാണ് നാളിതു വരെ കയറ്റി അയച്ചിരുന്നത്. അതുകൊണ്ട് തന്നെ എംസിഎഫുകളില്‍ നിന്നും അജൈവ മാലിന്യ നീക്കം കൃത്യ സമയങ്ങളില്‍ നടന്നിരുന്നില്ല. ജില്ല ഗോഡൗണ്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അജൈവ മാലിന്യങ്ങളുടെ കൈമാറ്റത്തിന് സര്‍ക്കാര്‍ ഏജന്‍സിയായ ക്ലീന്‍ കേരള കമ്പനിയുമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും മാനന്തവാടി, കല്‍പ്പറ്റ മുനിസിപ്പാലിറ്റികളും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി സ്വകാര്യ ഏജന്‍സിയുമായാണ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതോടെ അജൈവ മാലിന്യ സംസ്‌കരണത്തിന് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍/സ്വകാര്യ ഏജന്‍സിയുമായോ കരാറില്‍ ഏര്‍പ്പെടുന്ന ജില്ലയായി വയനാട് മാറി.
ചടങ്ങില്‍ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എസ്.വിഘ്നേഷ്, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത, ശുചിത്വ മിഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.അനൂപ് , ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍,വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
*ജില്ലയില്‍ ശേഖരിച്ചത് 61,778.72 കിലോ അജൈവ മാലിന്യങ്ങള്‍*
ക്ലീന്‍ കേരള കമ്പനി മുഖേന ജില്ലയിലെ 22 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി ഈ വര്‍ഷം ശേഖരിച്ചത് 61,778.72 കിലോ അജൈവ മാലിന്യങ്ങള്‍. ഇതുവഴി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത് 368,791.75 രൂപയും. 260 ടണ്‍ തരം തിരിക്കാത്ത ലെഗസി മാലിന്യങ്ങളും ശേഖരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അജൈവ പാഴ്‌വസ്തുക്കളുടെ ശേഖരണം ഹരിത കര്‍മ്മ സേന മുഖേയാണ്. മാലിന്യ സംസ്‌കരണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി 26 തദ്ദേശ സ്ഥാപനങ്ങളില്‍ 21 ഇടത്ത് സ്ഥിരമായതും 5 ഇടത്ത് താല്‍ക്കാലികവുമായ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ (എം.സി.എഫ്) പ്രവര്‍ത്തിച്ചു വരുന്നു. ശേഖരിക്കപ്പെടുന്ന അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന തരംതിരിച്ച് അതാത് തദ്ദേശ സ്ഥാപനങ്ങ ളിലെ മിനി എം.സി.എഫ് (വാര്‍ഡ് തലത്തില്‍), എം.സി.എഫ് (പഞ്ചായത്ത് തലം) എന്നിവിടങ്ങളില്‍ ശേഖരിച്ച് വെയ്ക്കുകയും ക്ലീന്‍ കേരള കമ്പനിയെ അറിയിക്കുന്ന മുറയ്ക്ക് അവര്‍ നേരിട്ടെത്തി മാലിന്യം ശേഖരിച്ച് കമ്പനിയുടെ പുതിയ ജില്ലാ ഗോഡൗണിലേക്ക് എത്തിക്കും.
*മാലിന്യ ശേഖരണം ഇങ്ങനെ*
ഓരോ മാസവും എടുക്കേണ്ട ഐറ്റം ഉള്‍പ്പെട്ട കലണ്ടര്‍ ക്ലീന്‍ കേരള കമ്പനി, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളില്‍ ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിയുടെ കലണ്ടര്‍ പ്രകാരം ഹരിത കര്‍മ്മ സേന കമ്പനിക്ക് തന്നെ തരംതിരിച്ച് നല്‍കുകയും കമ്പനി ഓരോ ഇനത്തിനും അനുസരിച്ചുള്ള മാര്‍ക്കറ്റ് വില കൊടുക്കുകയും ചെയ്യുന്നു. പേപ്പര്‍, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകള്‍, ചെരുപ്പ്,ബാഗ്, തെര്‍മേക്കോള്‍,കണ്ണാടി, കുപ്പി ,ചില്ലു മാലിന്യങ്ങള്‍, ഇ-മാലിന്യം(ട്യൂബ് ലൈറ്റ്, സി.എഫ്.എല്‍ ബാറ്ററി ഉള്‍പ്പെടെ) മരുന്ന് സ്ട്രിപ്പുകള്‍, തുണി മാലിന്യം തുടങ്ങിയവയാണ് ക്ലീന്‍ കേരള കമ്പനി കലണ്ടര്‍ പ്രകാരം ശേഖരിക്കുന്നത്. ജില്ലയില്‍ ആദ്യമായി ഈ കലണ്ടര്‍ പ്രകാരം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന 6 ടണ്‍ ചില്ല് മാലിന്യവും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് 2580 കിലോ ചില്ല് മാലിന്യവും കമ്പനിയ്ക്ക് ശേഖരിച്ചു നല്‍കി.
ജില്ലയില്‍ ഇതുവരെ ക്ലീന്‍ കേരള കമ്പനി മുഖേന ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ഇപ്രകാരമാണ്. തദ്ദേശസ്ഥാപനം/ അളവ് (കിലോ ) / തുക എന്നിവ ക്രമത്തില്‍;
 പുല്‍പള്ളി – 6,279 (കിലോ ) 36,147.8 (തുക) , പടിഞ്ഞാറത്തറ – 4374.5 (കിലോ) -29705 (തുക) , കണിയാമ്പറ്റ – 10,673.8 (കിലോ) – 27263 (തുക) , പൂതാടി – 2002 (കിലോ) – 14112 (തുക) , മുട്ടില്‍ – 5,807.5 (കിലോ ) 35,985 (തുക) , പനമരം – 1651 (കിലോ) – 8468 (തുക) , കോട്ടത്തറ – 5,499 (കിലോ ) 37,913.5 (തുക), വെങ്ങപ്പള്ളി – 638.5 (കിലോ) – 3178 (തുക) , വൈത്തിരി – 1,387.1 (കിലോ ) 8,701.6 (തുക), തൊണ്ടര്‍നാട് – 243.35 (കിലോ ) 2309.7 (തുക) , നൂല്‍പ്പുഴ – 945 (കിലോ ) 8,372.5 (തുക), അമ്പലവയല്‍ – 2721 (കിലോ ) 13941 (തുക) , മുള്ളന്‍കൊല്ലി – 4,507.52 (കിലോ ) 14,187.5 (തുക), മീനങ്ങാടി – 1468.45 (കിലോ ) 10618 (തുക) , മേപ്പാടി – 441.8 (കിലോ ) 3408 (തുക), വെള്ളമുണ്ട – 58.55 (കിലോ ) 432.3 (തുക) , എടവക – 62.8 (കിലോ ) 423.8 (തുക) , മാനന്തവാടി – 911.5 (കിലോ ) 5710.5 (തുക) , മൂപ്പൈനാട് – 123.3 (കിലോ ) 1165.3 (തുക) , തരിയോട് -1,222.6 (കിലോ ) 8,007.6 (തുക) , തവിഞ്ഞാല്‍ – 895.8 (കിലോ ) 5374.8 (തുക) , കല്‍പ്പറ്റ – 11,770.95 (കിലോ ) 74,564.65 (തുക).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *