April 26, 2024

ആര്‍ദ്രകേരളം പുരസ്‌കാരം വിതരണം ചെയ്തു

0
Img 20211026 Wa0066.jpg
കൽപ്പറ്റ: ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ ആര്‍ദ്രകേരളം പുരസ്‌കാരം (2017-18) വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഗീതയാണ് പുരസ്‌കാര വിതരണം നടത്തിയത്. ജില്ലാതലത്തില്‍ അമ്പലവയല്‍, തൊണ്ടര്‍നാട്, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം ഒന്ന് (സമ്മാനത്തുക- 5 ലക്ഷം), രണ്ട് (3 ലക്ഷം), മൂന്ന് (2 ലക്ഷം) സ്ഥാനങ്ങള്‍ നേടി. വാഹനങ്ങളില്‍ പതിക്കാനുള്ള കോവിഡ് ബോധവല്‍ക്കരണ സ്റ്റിക്കറും ചടങ്ങില്‍ കളക്ടര്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ ഹഫ്സത്ത് (അമ്പലവയല്‍), അംബികാ ഷാജി (തൊണ്ടര്‍നാട്), എ.കെ റഫീഖ് (മൂപ്പൈനാട്), തൊണ്ടര്‍നാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍, ആര്‍ദ്രം ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ ഡോ. അംജിത് രാജീവന്‍, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി, അമ്പലവയല്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. സനല്‍കുമാര്‍, മൂപ്പൈനാട് പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജു ബാലുശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയിലും ആരോഗ്യ അനുബന്ധ മേഖലയിലും മികച്ച ഇടപെടലുകളാണ് നടത്തിവരുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും ആര്‍ദ്രകേരളം സംസ്ഥാനതല പുരസ്‌കാരങ്ങളും ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതല അവാര്‍ഡുകളുമാണ് നല്‍കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 2018-19 വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ, അനുബന്ധ പദ്ധതികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.പഞ്ചായത്തിന്റെ പ്രൊജക്ടുകള്‍, വാര്‍ഡ് സമിതിയുടെ വിവരങ്ങള്‍, ഗ്രാമപഞ്ചായത്തിലെ പൊതുശുചിത്വം, മാലിന്യസംസ്‌കരണം, പഞ്ചായത്തിന്റെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള സ്രോതസ്സ്, ആദിവാസി ഊരിലെ സാമൂഹിക- ആരോഗ്യ അവസ്ഥ, ഭിന്നശേഷിക്കാരുടെ സംരക്ഷണം, വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷാ പദ്ധതി, ഡ്രൈ ഡേ ആചരണം, പഞ്ചായത്തിലെ മെച്ചപ്പട്ട ഭൗതിക സാഹചര്യങ്ങള്‍, ബാലസൗഹൃദ ടോയ്ലറ്റ് തുടങ്ങിയവയൊക്കെ പുരസ്‌കാര നിര്‍ണയത്തില്‍ വളരെയേറെ പങ്കുവഹിച്ചു. ഇത്തരത്തില്‍ ഗ്രാമപഞ്ചായത്ത് നേരിട്ട് ഇടപെടുന്ന പദ്ധതികളുടെ വിശകലനമാണ് പുരസ്‌കാര നിര്‍ണയ പ്രക്രിയകളിലുടനീളം ഉണ്ടായിട്ടുള്ളത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വലിയ തോതിലുളള മുന്നേറ്റമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ, അനുബന്ധ മേഖലകളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനും ഈ നൂതനാശയം കാരണമായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *