അന്തരാഷ്ട്ര കഴുകൻ ദിനം ഓർമിപ്പിക്കുന്നത് റിപ്പോർട്ട് :സി.ഡി. സുനീഷ്

.
കൽപ്പറ്റ : അന്തരാഷ്ട്ര കഴുകൻ ദിനം ഓർമിപ്പിക്കുന്നത് ശവശരീരം തിന്നുന്ന ജീവിയെന്നും കുട്ടികളിൽ ഭീതി പരത്തുന്ന ജീവിയെന്നും കഴുകനെ അധിക്ഷേപിക്കാം. പക്ഷേ പരിസ്ഥിതി സന്തുലാനാവസ്ഥ നില നിർത്തുന്നതിലും നമ്മുടെ സ്വാസ്ഥ്യം നിറഞ്ഞ അതിജീവനം സാധ്യമാക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്ന ജീവിയാണ് കഴുകൻ. ശവശരീരം ഭക്ഷിക്കുന്ന പക്ഷിയാണ് കഴുകൻ. ആസ്ട്രേലിയ, അന്റാർട്ടിക്ക എന്നീ രണ്ടു ഭൂഖണ്ഡങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ഇവ കാണപ്പെടുന്നു. ഒരേപോലെ പരിണാമം പ്രാപിച്ച രണ്ടു തരം കഴുകന്മാർ ഉണ്ട്. കാലിഫോർണിയയിലും ആൻടീസ് മലനിരകളിലും കാണപ്പെടുന്നവയെ പുതു ലോക കഴുകന്മാർ എന്നും, യൂറോപ്പ്,ആഫ്രിക്ക,ഏഷ്യ എന്നിവടങ്ങളിൽ ഉള്ളവയെ പഴയ ലോക കഴുകന്മാർ എന്നും അറിയപ്പെടുന്നു.തലയിൽ, സാധാരണ പക്ഷികൾക്കുള്ളതു പോലെ രോമം ഇവയ്ക്കില്ല. ഇത്തരം കഷണ്ടിത്തല കഴുകന്റെ പ്രത്യേകതയാണ്. തലയിൽ അഴുക്കു പിടിക്കാതിരിക്കാനും, ശരീരോഷ്മാവ് നിയന്ത്രിക്കാനും കഷണ്ടിത്തല പ്രയോജനപ്പെടുന്നതായി ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.bകഴുകന്മാർ ഈ ഭൂമിയിൽ
വാഴേണ്ടത് നമ്മുടെ നിലനില്ലിന് തന്നെ ആധാരമാണ് എന്ന സന്ദേശം ഉണർത്തി ഹ്യൂം സെന്ററും കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റും പൂക്കോട് വെറ്റിനറി കോളേജും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര കഴുകൻ ദിനത്തിൻ്റെ ഭാഗമായി മുത്തങ്ങ വനത്തിനകത്ത് കഴുകൻമാരുടെ താവളമായ കാക്കപാടത്തെത്തി.
കഴുകന്മാരുടെ ആവാസ സ്ഥലങ്ങളിൽ ഒന്നായ കാക്കപ്പാടം ഇന്ന് അധിനിവേശ സസ്യങ്ങളാൽ
നിറഞ്ഞിരിക്കയാണ്. വനാ വാസ വ്യവസ്ഥ തകരുന്നതോടെ അവശേഷിച്ച് കൊണ്ടിരിക്കുന്ന കഴുകന്മാരുടെ താവളങ്ങളും ഇല്ലാതാകും.
കഴുകന്മാർ ഇല്ലാതായാൽ
മാംസ മാലിന്യങ്ങളുടെ നിർമാജനം ഇല്ലാതാകും. ഇത് വൈറസുകൾ പരത്തി രോഗങ്ങൾ വരുത്തും .ഈ കണ്ണികളുടെ തുടർച്ച മുറിയാതിരിക്കാൻ ഈ കഴുകൻ താവളത്തിലെ
അധിനിവേശ സസ്യങ്ങളെ ഒഴിവാക്കി സ്ഥലം വൃത്തിയാക്കി ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ.
അന്താരാഷ്ട്ര കഴുകൻ ദിനത്തോടനുബന്ധിച്ച് (എല്ലാ വർഷവും സെപ്റ്റംബർ ആദ്യ ശനിയാഴ്ച) കേരളത്തിലെ കഴുകൻ ഉള്ള ഏക സ്ഥലമായ വയനാട്ടിൽ 2013 മുതൽ കഴുകന്മാരുടെ സംരക്ഷണത്തിനായി വനം വകുപ്പിന്റെയും വന്യജീവി ഗവേഷണ സംഘടനയായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി & വൈൽഡ് ലൈഫ് ബയോളജി എന്നിവയുടെയും നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. സൗരഭ്യം ഇല്ലെങ്കിലും കാട്ടിലും നാട്ടിലും നഗരപ്രദേശങ്ങളിലും മൃഗങ്ങളുടെ ജഡം ഭക്ഷിച്ച് പ്രകൃതിയിലെ ശുചീകരണ പ്രവർത്തനം നിർവഹിക്കുന്ന കഴുകന്മാർ പ്രകൃതിയിലെ ശുചിത്വം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ജീവിവർഗ്ഗമാണ്. മൃതശരീരങ്ങൾ മാത്രമാണ് ഇവയുടെ ഭക്ഷണം. കഴുകന്മാർ പൊതുവേ മറ്റു മൃഗങ്ങളെ കൊന്നുതിന്നാറില്ല. സാമാന്യം വലുപ്പമുള്ള ഒരു പുള്ളിമാനിന്റെ ജഡം മുഴുവൻ തിന്നുതീർക്കാൻ 10 -15 കഴുകന്മാർക്ക് വെറും അര മണിക്കൂർ സമയം മാത്രമേ വേണ്ടൂ. അടുത്തകാലംവരെ ഇന്ത്യ ഉൾപ്പെടുന്ന തെക്കെ ഏഷ്യൻ ഭൂഭാഗത്ത് വളരെ വ്യാപകമായി കണ്ടുവന്നിരുന്ന പക്ഷികളായിരുന്നു കഴുകന്മാർ. 1980 കളിൽ ഇന്ത്യയിൽ 8 കോടി ചുട്ടിക്കഴുകന്മാർ ഉണ്ടായിരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇന്നു ബാക്കിയുള്ളത് പതിനായിരത്തിൽ താഴെ മാത്രമാണ്. ലോകത്താകമാനം അതിവേഗം വംശനാശ ഭീഷണിയെനേരിടുന്ന കഴുകന്മാരെ സംരക്ഷിക്കുക, അവരുടെ ആവാസവ്യവസ്ഥയെ പുനസ്ഥാപിക്കുക എന്നതും വളരെ പ്രധാനമായ കാര്യമാണ്.
കേരളത്തിൽ ഇന്ന് കഴുകന്മാർ അവശേഷിക്കുന്നത് വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ്. സങ്കേതത്തിലെ കുറിച്യാട്ട്, ബത്തേരി, തോൽപ്പെട്ടി എന്നീ റേഞ്ചുകളിൽ പന്ത്രണ്ടോളം കഴുകൻ കൂടുകൾ കഴിഞ്ഞകുറച്ചുവർഷങ്ങളായി കണ്ടുവരുന്നുണ്ട്.
കഴുകന്മാരെ ഏതാണ്ട് പൂർണമായി തന്നെ വംശനാശത്തിന്റെ ഭീഷണിയിലേക്ക് എത്തിച്ചത് കന്നുകാലികളിൽ കുത്തിവെയ്ക്കുന്ന (മനുഷ്യനും ഉപയോഗിക്കുന്ന) ഡൈക്ലോഫെനാക് എന്ന മരുന്നാണ്. ഇത് മരുന്ന് കഴുകന്മാരുടെ കൂട്ട മരണത്തിനു കാരണമാകുന്നു. കന്നുകാലികളിൽ കാണുന്ന പനി, വേദന എന്നിവയ്ക്ക് വേദനാസംഹാരിയായി 1990-കളിൽ ആണ് ഈ മരുന്ന് ഉപയോഗിച്ചുതുടങ്ങിയത്. മരുന്ന് കുത്തിവെച്ച കന്നുകാലികൾ ചത്തുകഴിയുമ്പോൾ അവയെ ഭക്ഷണമാക്കിയിരുന്ന കഴുകന്മാർ വൻതോതിൽ മരിച്ചുപോവുകയുണ്ടായി. ഡൈക്ലോഫെനാക്കിന്റെ അംശം മൃതശരീരങ്ങളിൽ നിന്നും കഴുകന്മാരുടെ ശരീരത്തിൽ എത്തുകയും അവയുടെ വൃക്കകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും അതുവഴി മരണം സംഭവിക്കുകയുമാണ് ചെയ്തത്.
അത് മാത്രമല്ല ഒരു ആഹാരശ്രേണിയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയായ അല്ലെങ്കിൽ ഏറ്റവും വലിയ കണ്ണിയായ കഴുകൻ ഈ ലോകത്ത് നിന്ന് ഇല്ലാതായാൽ അത് നമ്മുടെ ആവാസവ്യവസ്ഥയെ ആകപ്പാടെ തന്നെ തകിടം മറക്കുവാൻ ശേഷിയുള്ള ഒരു പ്രവർത്തനമാകും എന്നുള്ള തിരിച്ചറിവാണ് കഴുകനേയും അതിൻറെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ബോധമുണർത്താൻ ഉള്ള പ്രവർത്തനങ്ങൾക്കൊപ്പം സ്വയം ഒരു ബോധ്യം എല്ലാവരിലും ഉണ്ടാകണം
,, ഈ ഭൂമിയിൽ മനുഷ്യർ നിലനിലനില്ക്കണമെങ്കിൽ അനേകം സഹ ജീവികൾ നില നില്ക്കണമെന്ന ഉള്ളുണർവ്വ് ,,



Leave a Reply