വിദേശഫണ്ട് അന്വേഷണവും മാനനഷ്ടകേസും അമാന്തിക്കരുതെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി
കൊല്ലുഗല്‍-കോഴിക്കോട് ദേശീയപാതയില്‍ നിലവിലുള്ള രാത്രിയാത്രനിയന്ത്രണം പൂര്‍ണ്ണമായി ഒഴിവാക്കണണെന്നാവശ്യപ്പെട്ടുകൊണ്ട് ബത്തേരിയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും പ്രകൃതിസംരക്ഷണസമിതിക്കും എതിരെ നടത്തിയ വിദ്വേഷപ്രചരണങ്ങളും കിംവദന്തികളും അങ്ങേയറ്റം അപലപനീയമാണെന്ന് പ്രകൃതിസംരക്ഷണസമിതിയുടെ ബത്തേരിയില്‍ നടന്ന ജനറല്‍ബോഡിയോഗം വിലയിരുത്തി.
പ്രമുഖ രാഷ്ട്രീയകക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി പ്രകൃതിസംരക്ഷണസമിതിക്ക് വിദേശഫണ്ട് ലഭിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയസംഘടനകളുടെ ആവശ്യം അംഗീകരിച്ച് ഉടന്‍ ഉത്തരവിടണമെന്ന് ജനറല്‍ബോഡിയോഗം സംസ്ഥാന-കേന്ദ്രസര്‍ക്കാറുകളോട് അഭ്യര്‍ത്ഥിച്ചു. സി.ബി.ഐ., ക്രൈംബ്രാഞ്ച്, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, തുടങ്ങിയ ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കാവുന്നതാണ്. വിദേശത്ത് നിന്നും മാത്രമല്ല, സ്വദേശത്തുനിന്നും ഒരുരൂപയെങ്കിലും സാമ്പത്തികസഹായം കൈപ്പറ്റിയെന്നോ സംഘടനയുടെ അംഗങ്ങളില്‍ നിന്നല്ലാതെ, സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നോ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ സംഘടന പിരിച്ചുവിടുമെന്ന് ജനറല്‍ ബോഡിയോഗം ഉറപ്പുനല്‍കുന്നു.
പ്രകൃതിസംരക്ഷണസമിതിയുടെ കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വയനാടിന്‍റെ ചരിത്രത്തിന്‍റെ ഭാഗമാണ്. വയനാട്ടില്‍ വ്യാപകമായി നടന്നുകൊണ്ടിരുന്ന ക്ലിയര്‍ഫെല്ലിംഗിനും തേക്ക്-യൂക്കാലിപിറ്റ്സ് ഏകവിളത്തോട്ടത്തിനുമെതിരായി 1979-ല്‍ നടന്ന സമരത്തിനെ തുടര്‍ന്നാണ് പ്രകൃതിസംരക്ഷണസമിതി രൂപവല്‍ക്കരിക്കപ്പെട്ടത്.ഈ സമരത്തെ തുടര്‍ന്ന് കേരളമാകെ ക്ലിയര്‍ഫെല്ലിംഗ് നിര്‍ത്തിവയ്ക്കുകയുണ്ടായി.
എടക്കല്‍ ഗുഹ സംരക്ഷിക്കാനായി പ്രകൃതിസംരക്ഷണസമിതി നടത്തിയ സമരത്തെ നേരിട്ടത് അന്നത്തെ ശക്തനായ മുഖ്യമന്ത്രിയും സ്ഥലം എം.എല്‍.എ.യും മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും ഇന്ത്യയിലെ പ്രമുഖരായ ചരിത്രപണ്ഡിതന്മാരുടെ പിന്തുണയോടെ നടന്ന സമരം അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഇടപെട്ടാണ് അവസാനിപ്പിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനായി അറസ്റ്റ് വരിച്ചത് ചരിത്രമാണ്.
വയനാട്ടിന്‍റെ ഏകപ്രതീക്ഷയെന്ന് എല്ലാ രാഷ്ട്രീയക്കാരും സര്‍ക്കാരും ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്ന, വയനാടന്‍ ടൂറിസത്തിന്‍റെ നട്ടെല്ലായ എടക്കല്‍ ഗുഹയും പൂക്കോട്തടാകവും നിലനിര്‍ത്താന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്ര കേസുകള്‍ നടത്തിയിട്ടുണ്ടെന്നും കുറുവയും മുത്തങ്ങയും തോല്‍പ്പെട്ടിയും ചെമ്പ്രമലയും ബാണാസുരന്‍മലയും ബ്രഹ്മഗിരിയും വര്‍ഷങ്ങളോളം കോടതികയറിയും കള്ളക്കേസില്‍ അകപ്പെട്ടും എങ്ങനെയാണ് രക്ഷിച്ചെടുത്തതെന്നും വയനാട്ടിലെ ജനങ്ങള്‍ മറക്കില്ല.
മണല്‍-ക്വാറി-റിസോര്‍ട്ട്-നിര്‍മ്മാണലോബിയും വനം-മൈനിംഗ്-ജിയോളജി-റവന്യൂ ഉദ്യോഗസ്ഥമാഫിയയും പ്രകൃതിസംരക്ഷസമിതിയെ ശത്രുക്കളായി കാണുന്നതില്‍ അഭിമാനമേയുള്ളൂ. വയനാട് ഇന്നത്തെ അവസ്ഥയിലെങ്കിലും നിലനില്‍ക്കുന്നതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് ആര്‍ക്കും തമസ്ക്കരിക്കാന്‍ കഴിയില്ല.
റോഡിലിറക്കാന്‍ നിയമമനുവദിക്കാത്ത എര്‍ത്ത് മൂവറുകളും തമിഴ്നാട് ഓട്ടോറിക്ഷകളും റാലി നടത്തിയതും കര്‍ക്കശമായ നിയമവ്യവസ്ഥകള്‍ നിലനില്‍ക്കെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ടിപ്പറുകളിലും ട്രക്കുകളിലും കയറ്റി പ്രകടനം നടത്തിയതും മൂന്നരവയസ്സുള്ള പ്ലേസ്കൂള്‍ കുട്ടികളെ സമരപ്പന്തലില്‍ ഇരുത്തിയതും ദിവസങ്ങളോളം ഗതാഗതം സ്തംഭിപ്പിച്ചതും നാഷണല്‍ ഹൈവെകളില്‍ പന്തലിട്ട് ജനപ്രതിനിധികള്‍ കുത്തിയിരുന്നതുമൊക്കെ ആര്‍ അനുവാദം നല്‍കിയിട്ടാണെന്ന് വെളിപ്പെടുമെന്നതിനാല്‍ സമിതിക്കെതിരായ മാനനഷ്ടക്കേസ്സിനെയും സ്വാഗതം ചെയ്യുന്നു.
യോഗത്തില്‍ ബാബു മൈലമ്പാടി അദ്ധ്യക്ഷത വഹിച്ചു.' തച്ചമ്പത്ത് രാമകൃഷ്ണന്‍, ശ്രീരാമന്‍ നൂല്‍പ്പുഴ, തോമസ്സ് അമ്പലവയല്‍, എന്‍.ബാദുഷ, ജസ്റ്റിന്‍ ജോസഫ്, സണ്ണി മരക്കടവ്, എ.വി. മനോജ്, പി.എം. സുരേഷ്, എം.ഗംഗാധരന്‍, സണ്ണി പടിഞ്ഞാറത്തറ, അബു പൂക്കോട്, ഗോപാലകൃഷ്ണന്‍ മൂലങ്കാവ്, അജി കൊളോണിയ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply