April 26, 2024

വൻ ഓൺലൈൻ റാക്കറ്റ് സംഘത്തെ വയനാട് സൈബർ പോലീസ് സാഹസീകമായി പിടികൂടി

0
Img 20220903 Wa00532.jpg

കൽപ്പറ്റ:  വൻ ഓൺ ലൈൻ റാക്കറ്റ് സംഘത്തെ വയനാട്  സൈബർ പോലീസ്
സാഹസീകമായി പിടികൂടി.
വ്യാജ കോൾ സെന്റർ റെയ്ഡ് ചെയ്ത് വൻ തട്ടിപ്പ് സംഘത്തെ ഡൽഹിയിൽ നിന്നും വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.മീഷോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയിൽ എക്സ് യു വി  കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചു വൈത്തിരി സ്വദേശിയിൽ നിന്നും 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വൻ ഓൺലൈൻ തട്ടിപ്പ് സംഘത്തെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
കോൾ സെന്റർ നടത്തിപ്പകാരായ ബീഹാർ ഗയ സ്വദേശിയായ സിന്റു ശർമ്മ (31), തമിഴ്നാട് സേലം സ്വദേശി അമൻ (19), എറണാകുളം സ്വേദേശിയും ഡൽഹിയിൽ സ്ഥിരതമസക്കാരനുമായ അഭിഷേക് (24), അനിൽ എന്ന് തട്ടിപ്പിന് ഇരയാക്കുന്നവരോട് പരിചയപ്പെടുത്തി സംസാരിക്കുന്ന പത്തനംതിട്ട സ്വദേശിയും ഡൽഹിയിൽ സ്ഥിരതമസക്കാരനുമായ പ്രവീൺ (24) എന്നിവരാണ് പിടിയലായത്. 
തട്ടിപ്പ് കേന്ദ്രത്തിൽ നിന്നും ഇരകളെ വിളിക്കാൻ ഉപയോഗിക്കുന്ന 32 ഓളം മൊബൈൽ ഫോണുകളും വിവിധ ഓൺലൈൻ ഷോപ്പിംഗ് കമ്പനികളിൽ നിന്നും പ്രതികൾ നിയമവിരുദ്ധ മാർഗത്തിലൂടെ സംഘടിപ്പിച്ച ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ അടങ്ങിയ രേഖകളും പോലീസ് പിടിച്ചെടുത്തു.
ഓൺലൈൻ ഷോപ്പിംഗ് ആപ്പ് ആയ മീഷോ  കമ്പനിയിൽ നിന്നും സാധനം വാങ്ങി ഏതാനും ദിവസങ്ങൾക്കകം പരാതിക്കരന് 15 ലക്ഷം രൂപ സമ്മാനം ലഭിച്ചു എന്ന മെസ്സേജ് ലഭിക്കുകയും തുടർന്ന് മെസ്സേജിൽ കണ്ട ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച പരാതിക്കാരനോട് രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ചെറിയ സംഖ്യ അടക്കാൻ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. തുടർന്ന് തട്ടിപ്പ് സംഘം തന്ത്രപൂർവം വിവിധ ഫീസ് ഇനത്തിൽ 12 ലക്ഷത്തോളം രൂപ വാങ്ങിയെടുക്കയുകയും തുടർന്നും വീണ്ടും പണം ആവശ്യപ്പെട്ടപ്പോളാണ് പരാതികരൻ സൈബർ പോലീസിനെ സമീപിച്ചത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്തിൽ മലയാളികളാണ് പരാതിക്കാരനോട് സംസാരിച്ചത് എന്നു മനസ്സിലായി. പിടിക്കപ്പെടാതിരിക്കാൻ തട്ടിപ്പുകാർ ഉപയോഗിച്ച സിം കാർഡുകളും പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകളും ദരിദ്രരായ വെസ്റ്റ് ബംഗാൾ സ്വദേശികളുടെ പേരിൽ ഉള്ളതായിരുന്നു.എന്നാൽ തട്ടിപ്പുകാരുടെ ലൊക്കേഷൻ ഡൽഹിയിലും പണം പിൻവലിച്ചിരിക്കുന്നത് ബീഹാറിലെ വിവിധ എ.ടി.എമ്മുകളിൽ നിന്നും മുഖം മറച്ച ചിലയാളുകളുമാണ് എന്നതു രണ്ടര മാസത്തോളം അനേഷണ സംഘത്തിന് മുന്നിൽ വിലങ്ങു തടിയായി.
കൂടുതൽ അന്വേഷണത്തിൽ ബീഹാറിൽ നിന്നുള്ളവർ നടത്തുന്ന വൻ വ്യാജകാൾ സെന്റർ മാഫിയ ആണ് ഇതിനു പിന്നിൽ എന്നും മനസ്സിലായി കഴിഞ്ഞ മാസം അന്വേഷണ സംഘം ഡൽഹിയിലെത്തി പ്രതികളുടെ ടവർ ലൊക്കേഷൻ കണ്ട സ്ഥലത്തു ഒരാഴ്ച തുടർച്ചയായി തിരച്ചിൽ നടത്തിയെങ്കിലും ജന നിബിഡമായ ഗലികളിൽ നിന്നും തട്ടിപ്പ് സംഘത്തിന്റെ ഓഫീസ് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തട്ടിപ്പ് സംഘതിനു ബാങ്ക് അക്കൗണ്ടുകൾ വില്പന നടത്തിയ ഒരാളെ പോലീസ് കൊറിയർ ഏജന്റ് ആണെന്ന വ്യാജേന വിളിച്ചു വരുത്തി പിടികൂടുകയും തുടർന്ന് തട്ടിപ്പ് സംഘത്തിലെ ഒരു ബീഹാർ സ്വദേശി സ്ഥിരമായി ഒരു പെൺ സുഹൃത്തിനെ സന്ദർശിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി പോലീസ് പെൺകുട്ടിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും അത് മനസ്സിലാക്കിയ പ്രതികൾ ബീഹാറിലേക്ക് രക്ഷപെടുകയും ചെയ്തു.
തുടർന്ന് തിരിച്ചു കേരളത്തിൽ എത്തിയ പോലീസ് വീണ്ടും അന്വേഷണത്തിന്റെ ഭാഗമായി 150 ഓളം ഫോൺ നമ്പറുകളുടെ അഞ്ചു ലക്ഷത്തോളം കോളുകൾ വിശകലനം ചെയ്തതിൽ തട്ടിപ്പ് സംഘത്തിലെ ബീഹാർ സ്വദേശിക്ക് 10 മാസം മുൻപ് ഒരു കേരള സിമ്മിൽ നിന്നും ഒരു മെസ്സേജ് വന്നതായി മനസ്സിലായി ആ ഫോൺ നമ്പറിന്റെ പിന്നാലെ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് സംഘത്തിലെ മലയാളികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.
തുടർന്ന് കഴിഞ്ഞയാഴ്ച വീണ്ടും ഡൽഹിയിൽ എത്തിയ സൈബർ പോലീസ് തട്ടിപ്പ് സംഘത്തിലെ മലയാളികളെ ഒരാഴ്ചയോളം പിന്തുടർന്ന് വ്യാജ കോൾസെന്റർ പ്രവർത്തിക്കുന്ന ഡൽഹിയിലെ പിത്തൻപുര എന്ന ഇടുങ്ങിയ ഗലിയിലെ ഒരു കെട്ടിടത്തിലെ ഏഴാം നിലയിലെ ഓഫീസ് മനസ്സിലാക്കി തുടർന്ന് അവിടേക്ക് ചായ എത്തിച്ചു നൽകുന്ന ഒരാളെ മുന്നിൽ നിർത്തി തന്ത്രപൂർവം ഓഫീസിന്റെ ഇരുമ്പ് വാതിൽ തുറപ്പിച്ചു ആയുധങ്ങളുമായി ഇരച്ചു കയറി ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്.
. തട്ടിപ്പ് കേന്ദ്രം ആണ് എന്നറിയാതെ അവിടെ ജോലി ചെയ്തിരുന്ന 15 ഓളം സ്ത്രീകളെ പോലീസ് ആവശ്യപ്പെടുന്ന സമയത്തു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കണം എന്ന വ്യവസ്ഥയിൽ വിട്ടയച്ചിട്ടുള്ളതും തട്ടിപ്പ് കേന്ദ്രത്തിന്റെ മറ്റു നടത്തിപ്പിക്കാരായ ബീഹാർ സ്വദേശികളായ രോഹിത്, അവിനാശ് എന്നയാളുകളെ പിടികൂടുന്നതത്തിനായി കൂടുതൽ അന്വേഷണം നടത്തി വരുന്നുണ്ട്. തട്ടിപ്പ് സംഘത്തിന് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ലഭിച്ചത് പോലീസ് ഗൗരവമായി കാണുന്നുണ്ട്. സംസ്ഥാനത്തുള്ള നിരവധി യാളുകളെ പ്രതികൾ തട്ടിപ്പിന് ഇരയാക്കിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഓൺലൈൻ ഷോപ്പിങ് കമ്പനികളിൽ നിന്നും ഇത്തരം സമ്മാനം ലഭിച്ചു എന്ന തരത്തിൽ വരുന്ന മെസ്സേജുകൾ വിശ്വസിക്കരുത് എന്ന് പോലീസ് അറിയിച്ചു.
പ്രതികളെ പിടികൂടിയ സംഘത്തിൽ വയനാട് സൈബർ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഷജു ജോസഫിനെ കൂടാതെ എ.എസ്.ഐ. ജോയ്സ് ജോൺ, എസ്.സി.പി.ഒ. മാരായ സലാം കെ. എ. ഷുക്കൂർ പി.എ., റിയാസ് എം.എസ്. സി.പി.ഒ. ജബലു റഹ്മാൻ, വിനീഷ സി എന്നിവരും ഉണ്ടായിരുന്നു.പ്രതികളെ കൽപ്പറ്റ സി.ജെ.എം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *