April 26, 2024

മുസ്ലീം യൂത്ത് ലീഗ് യുവജന യാത്ര ഡിസംബര്‍ 3 ന് വയനാട്ടില്‍: ഒരുക്കങ്ങൾ പൂർത്തിയായി.

0
കല്‍പ്പറ്റ: വര്‍ഗ്ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്ര ഡിസംബര്‍ 3ന് വയനാട് ജില്ലയില്‍ പര്യടനം നടത്തുമെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഹാരിസ്, ജന.സെക്രട്ടറി സി.കെ ഹാരിഫ്, വൈസ്പ്രസിഡന്റ് ഷമീം പാറക്കണ്ടി എന്നിവര്‍ അറിയിച്ചു. രാവിലെ 9 മണിക്ക് പനമരത്ത് നിന്നും ആരംഭിക്കുന്ന ജാഥ കാല്‍നടയായി വൈകിട്ട് കല്‍പ്പറ്റയില്‍ സമാപിക്കും. ജാഥയില്‍ ആളെ കൂട്ടാന്‍ വേണ്ടി പണം നല്‍കുന്ന പുതിയ കാലത്ത്, 100 രൂപ നല്‍കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താണ് റാലിയില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത്. റാലിയില്‍ ശുഭ്ര വസ്ത്ര ധാരികളായ ആയിരങ്ങള്‍ പങ്കാളികളാകും. ഒപ്പം പ്രത്യേക പരിശീലനം നേടിയ വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ പരേഡും നടക്കും. വൈകിട്ട് കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ ഒട്ടേറെ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലാ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വൈറ്റ്ഗാര്‍ഡ് സംഗമം, സന്ദേശ ജാഥ, നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ച്, സിഗ്‌നേച്ചര്‍ കാമ്പയിന്‍, ഹൈവേ ജാഥ, പഞ്ചായത്ത്-മുനിസിപ്പാലിറ്റി തല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പദയാത്രകള്‍, ഗ്രാമ സഭകള്‍, നാട്ടുകൂട്ടം തുടങ്ങി ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. കഴിഞ്ഞ നവംബര്‍ 24ന് കാസറഗോഡ് നിന്നും ആരംഭിച്ച യുവജനയാത്ര ഡിസംബര്‍ 24ന് തിരുവനന്തപുരത്താണ് സമാപിക്കുക. സമാപനസമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ പ്രചരണ സന്ദേശ ജാഥ മൂന്ന് ദിവസങ്ങളിലായി വയനാട് ജില്ലയിലാകെ പര്യടനം നടത്തിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *