May 6, 2024

പ്രതിസന്ധി രൂക്ഷം: ഫോട്ടോ സ്റ്റുഡിയോകളും പ്രിന്റിംഗ് ലാബുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ

0
കല്‍പ്പറ്റ: ഒരു  കാലത്തു ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന ഫോട്ടോ സ്റ്റുഡിയോകളും പ്രിന്റിംഗ് ലാബുകളും പ്രതിസന്ധിയില്‍. ചെലവുകള്‍ വര്‍ധിച്ചും നിത്യവരുമാനം ഗണ്യമായി കുറഞ്ഞും നഷ്ടത്തിലായ സ്റ്റുഡിയോകളും ലാബുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. നാലും അഞ്ചും ഫോട്ടോഗ്രാഫര്‍മാര്‍ ജോലി ചെയ്തിരുന്ന സ്റ്റുഡിയോകളില്‍ പലതിലും ഇപ്പോഴുള്ളത് ഉടമയും സഹായിയും മാത്രം. തൊഴില്‍ നഷ്ടമായ ഫോട്ടോഗ്രാഫര്‍മാര്‍ ഉപജീവനത്തിനു പെയിന്റിംഗ് ഉള്‍പ്പെടെ ഇതര തൊഴില്‍ മേഖലകളെയാണ് ആശ്രയിക്കുന്നത്. 
ഡിജിറ്റല്‍ സിംഗിള്‍ ലെന്‍സ് റിഫ്ളക്സ്   (ഡിഎസ്എല്‍ആര്‍) കാമറകളോട് കിടപിടിക്കുന്ന കാമറകളുള്ള മൊബൈല്‍ ഫോണുകളുടെ വ്യാപക ഉപയോഗം, വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ ചിത്രങ്ങള്‍ എളുപ്പത്തിലും ലളിതമായും ഷെയര്‍ ചെയ്യാന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളുടെ വികാസം, പാസ്‌പോര്‍ട്ട് ഓഫീസുകളും ബാങ്കുകളും അടക്കം സ്ഥാപനങ്ങളുടെ ആധുനികവത്കരണം, വിവാഹ, മരണാനന്തര ചടങ്ങുകളില്‍ ഫോട്ടോ, വീഡിയോ ജോലികളില്‍  ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളുടെ ഇടപെടല്‍, കുതിച്ചുയരുന്ന മുറിവാടക, ഫോട്ടോഗ്രഫി സാമഗ്രികളുടെ വിലക്കയറ്റം, ഫോട്ടോഗ്രഫി സാങ്കേതിക വിദ്യകളില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റം… ഇങ്ങനെ നീളുകയാണ് സ്റ്റുഡിയോകളെയും ലാബുകളെയും പ്രതിസന്ധിയിലേക്കു നയിച്ച ഘടകങ്ങളെന്നു കല്‍പ്പറ്റ നിത്യ സ്റ്റുഡിയോ ഉടമയും ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റുമായ എന്‍. രാമാനുജന്‍ പറഞ്ഞു. ഉദ്ഘാടനങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവയുടെ ചിത്രം പകര്‍ത്തിയും ഫോട്ടോസ്റ്റാറ്റ്, മഗ്പ്രിന്റിംഗ്, ഡിടിപി സൗകര്യം ഒരുക്കിയുമാണ് പല സ്റ്റുഡിയോകളും പിടിച്ചുനില്‍ക്കുന്നതെന്നും  അദ്ദേഹം പറയുന്നു. 
വീടുകളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പകര്‍ത്താന്‍ സ്റ്റുഡിയോകളുടെ സേവനം തേടുന്നവര്‍ വിരളമാകുകയാണ്. ചടങ്ങുകളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണ്‍ കാമറകളില്‍ പകര്‍ത്തി ഷെയര്‍ ചെയ്യുകയും കംപ്യൂട്ടറുകളില്‍ സൂക്ഷിക്കുകയുമാണ് പലരും ചെയ്യുന്നത്. മൊബൈല്‍ കാമറകളിലെടുത്ത ചിത്രങ്ങള്‍ ലാബിലെത്തിച്ച് പ്രിന്റുകളാക്കി ആല്‍ബം തയാറാക്കുന്നവരും കുറവാണ്. 
പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോയെടുപ്പിലൂടെയാണ് സ്റ്റുഡിയോകള്‍ക്കു മുന്‍പ് പ്രധാനമായും വരുമാനം ലഭിച്ചിരുന്നത്. പാസ്‌പോര്‍ട്ട് ഫോട്ടോയെടുക്കാന്‍ ദിവസം മുപ്പതും നാല്‍പ്പതും പേര്‍ ഓരോ സ്റ്റുഡിയോയിലും എത്തിയിരുന്നിടിത്ത് ഇപ്പോള്‍ മൂന്നോ നാലോ പേര്‍ വന്നാലായെന്ന സ്ഥിതിയായി. പാസ്‌പോര്‍ട്ട് ഓഫീസുകളിലും ബാങ്കുകളിലും അക്ഷയ കേന്ദ്രങ്ങളിലും ഫോട്ടോയെടുപ്പിനു കാലത്തിനൊത്ത മറ്റു സംവിധാനങ്ങളുണ്ട്. ഫോട്ടോ ഒരിക്കല്‍ അപ്ലോഡ് ചെയ്താല്‍ മൂന്നു വര്‍ഷത്തേക്കു മാറ്റേണ്ടെന്ന പിഎസ്‌സി വ്യവസ്ഥയും സ്റ്റുഡിയോ നടത്തിപ്പുകാരെ ബാധിച്ചു. വിദ്യാലയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മേല്‍ത്തരം കാമറകള്‍ വാങ്ങിയതു സ്‌കൂളുകളിലെ ഗ്രൂപ്പ് ഫോട്ടോയെടുപ്പും സ്റ്റുഡിയോകള്‍ക്കു അന്യമാക്കി. 
വരുമാനം കുറഞ്ഞെങ്കിലും സ്റ്റുഡിയോ നടത്തിപ്പുചെലവ് വര്‍ധിക്കുകയാണ്. ജില്ലയിലെ നഗരങ്ങളില്‍ കുറഞ്ഞതു ആറായിരം രൂപ പ്രതിമാസ മുറി വാടക നല്‍കിയാണ് സ്റ്റുഡിയോകളുടെ പ്രവര്‍ത്തനം. കെട്ടിടം ഉടമകള്‍ വന്‍തുക സെക്യൂരിറ്റിയായും ഈടാക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപ സെക്യുരിറ്റിയും മാസം എണ്ണായിരം രൂപ വാടകയും നല്‍കിയാണ് 250 ചതുരശ്ര അടി മാത്രം വിസ്തൃതിയുള്ള മുറിയില്‍ സ്റ്റുഡിയോ പ്രവര്‍ത്തിപ്പിക്കുന്നതെന്നു കല്‍പ്പറ്റയിലെ ഒരു ഫോട്ടോഗ്രാഫര്‍ പറഞ്ഞു. 
150 ഗ്ലോസി പേപ്പറും അതില്‍ ചിത്രങ്ങള്‍ പ്രിന്റു ചെയ്യുന്നതിനു ആവശ്യമായ കാറ്റ്ഡ്രിജും ഉള്‍പ്പെടുന്ന പായ്ക്കിനു 1850 രൂപയാണ് ഇപ്പോള്‍ വില. മാസങ്ങള്‍ മുമ്പ് ഇത് 1,300 രൂപയായിരുന്നു. രണ്ടായിരം രൂപയാണ് സ്റ്റുഡിയോകളുടെ ശരാശരി വൈദ്യുത ബില്‍. 
പടം എടുപ്പിക്കുന്നവര്‍ പ്രിന്റ് ചെയ്ത കോപ്പി പൊതുവെ ആവശ്യപ്പെടുന്നില്ലെന്നു കല്‍പ്പറ്റയിലെ സ്റ്റാര്‍ മൂവീസ് സ്റ്റുഡിയോ ഉടമ പി.ജി. മോഹനന്‍ പറഞ്ഞു. ഫോട്ടോ ഇ മെയില്‍ ചെയ്താല്‍ മതിയെന്നാണ് പലരുടെയും നിര്‍ദേശം. മുന്‍കാലങ്ങളില്‍ പൊതുപരിപാടികളുടെ സംഘാടകര്‍ ഓരോ പത്രം ഓഫീസിലും നല്‍കുന്നതിനായി ഫോട്ടോയുടെ പത്തും പന്ത്രണ്ടും കോപ്പി ആവശ്യപ്പെടുമായിരുന്നു. ഈ സ്ഥിതി മാറിയതാണ് പ്രിന്റിംഗ് ലാബുകള്‍ക്കു വിലിയ പ്രഹരമായത്. ഡിജിറ്റല്‍ മാഗസിന്‍ ജോലികളാണ് ലാബുകള്‍ക്കു കുറച്ചെങ്കിലും ആശ്വാസം. ലാബുകളുടെ വരുമാനത്തില്‍ 75 ശതമാനം വരെ കുറവാണ് ഉണ്ടായത്.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *