April 20, 2024

നൂല്‍പ്പുഴ ആശുപത്രിയില്‍ വയോജനസൗഹൃദ ഇലക്ട്രിക് ഓട്ടോറിക്ഷാ സര്‍വീസ് ആരംഭിച്ചു

0
Auto1
സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ നൂല്‍പ്പുഴ ആശുപത്രിയില്‍ വയോജനസൗഹൃദ ഇലക്ട്രിക് ഓട്ടോറിക്ഷാ സര്‍വീസ് ആരംഭിച്ചു. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ രണ്ടുലക്ഷം രൂപയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയ്‌ക്കെത്തുന്ന വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ചികില്‍സയ്ക്കു ശേഷം അടുത്ത ബസ് സ്‌റ്റോപ്പ് വരെ ഈ ഓട്ടോറിക്ഷയില്‍ സൗജന്യമായി എത്തിച്ചുകൊടുക്കും. ഭാവിയില്‍ ഇതിന്റെ സേവനം അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വ്യാപിപ്പിക്കും.എല്‍ഇഡി ലിഥിയം ബാറ്ററി ഉപയോഗിച്ചാണ് ഓട്ടോറിക്ഷ പ്രവര്‍ത്തിക്കുന്നത്. രണ്ടു മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ 85 കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ കഴിയും. ഇലക്ട്രിക് സംവിധാനത്തിലാണ് വാഹനം ഓടുകയെന്നതിനാല്‍ പരിസ്ഥിതി സൗഹൃദവുമാണ്. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന സന്നദ്ധ-യുവജനസംഘടനകളുടെ സഹായത്തോടെയാവും ഓട്ടോറിക്ഷാ സര്‍വീസ്. 

     രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം എന്ന പദവി സ്വന്തമാക്കിയ ആശുപത്രിയാണ് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം. ഗുണനിലവാരമുള്ള ആതുരാലയങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷനില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ രാജ്യത്ത് ഒന്നാമതെത്തിയത്. ആശുപത്രിയില്‍  ടെലിമെഡിസിന്‍, ഇ-ഫാര്‍മസി, ഡിജിറ്റല്‍ ടോക്കണ്‍ കൗണ്ടര്‍, പാര്‍ക്ക് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും ഇവിടെയുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു മനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ സി.ഫൈസല്‍, ബാലന്‍, വാര്‍ഡ് അഗം ദീപ ഷാജി, പദ്ധതി ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഷിഹാബ്,ആശുപത്രി മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയി മാത്യു, സി ഹുസൈന്‍, ബിജു, മെഡിക്കല്‍ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദ്, ഡോ. സിബി, ഡോ. റാസിഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബേസില്‍ വര്‍ഗീസ്, സ്റ്റാഫ് നഴ്‌സി റൂബി, സ്റ്റാഫ് സെക്രട്ടറി ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *