March 28, 2024

വനിതാ മതില്‍ : ജില്ലയില്‍ നിന്ന് 30,000 പേര്‍ അണിനിരക്കും ,1001 അംഗ സംഘാടക സമിതി രൂപീകരിച്ചു

0
Logo
 നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണാര്‍ത്ഥം ജനുവരി 1 ന് തിരുവനന്തപുരം  മുതല്‍ കാസര്‍ഗോഡ് വരെ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ജില്ലയില്‍ നിന്നും മുപ്പതിനായിരം പേര്‍ അണിനിരക്കും. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ മുതല്‍ രാമനാട്ടുകര വരെ നീളുന്ന  മതിലിലാണ് ജില്ലയില്‍ നിന്നുളള വനിതകള്‍ ഭാഗമാകുക. ഏഴ് പഞ്ചായത്തുകളും 5 നഗരസഭകളും കോഴിക്കോട് കോര്‍പ്പറേഷനും ഉള്‍പ്പെടെ 13 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ മതിലിന്റെ പരിധിയില്‍ വരും. ജില്ലാ ആസൂത്രണഭവനിലെ എ.പി.ജെ ഹാളില്‍ എ.ഡി.എം കെ അജീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ മുഖ്യരക്ഷാധികാരിയും ജില്ലയിലെ എം.എല്‍.എമാര്‍ രക്ഷാധികാരികളുമായി 1001 അംഗ കമ്മറ്റി രൂപീകരിച്ചു. ജില്ലാകളക്ടര്‍ കണ്‍വീനറും ജില്ലാ സാമൂഹിക നീതി ഓഫീസര്‍ നോഡല്‍ ഓഫീസറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോയന്റ് കണ്‍വീനറുമാണ്. ജില്ലാതല നിര്‍വ്വാഹക സമിതിയില്‍  ജില്ലാതല വകുപ്പ് മേധാവികളും കുടുംബശ്രീ, ലൈബ്രററി കൗണ്‍സില്‍, പുരോഗമന കലാ സാഹിത്യ സമിതി, സര്‍വ്വീസ് സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സംഘടനകള്‍, ബസ്സുടമ സ്ഘടനകള്‍ എന്നിവയുടെ ഭാരവാഹികളും അംഗങ്ങളാണ്. 
    
    ജില്ലാ കുടുംബശ്രീ മിഷന്‍ 15,000 പേരെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ 10,000 പേരെയും ആദിവാസി ക്ഷേമസമിതി 1000 പേരെയും വനിതാ മതിലില്‍ അണിനിരത്തും. മാനന്തവാടി, പനമരം ബ്ലോക്കുകളില്‍ നിന്നുളള വനിതകള്‍ വടകര മേഖലയിലും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളില്‍ നിന്നുളളവര്‍ കോഴിക്കോട് മലാപറമ്പ് ,തൊണ്ടയാട് ഭാഗങ്ങളിലും അണിനിരക്കും. ബ്ലോക്ക് തല ഏകോപനത്തിനായി സബ് കമ്മറ്റികളും രൂപീകരിച്ചു. ജില്ലയിലെ മുഴുവന്‍ വകുപ്പുകളില്‍ നിന്നും ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുളള വനിതകളെയും വനിതാമതിലില്‍ പങ്കെടുപ്പിക്കും.എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ബ്ലോക്ക് തല സംഘാടക സമിതി യോഗം ഡിസംബര്‍ 20 നുളളില്‍ ചേരും.  

     യോഗത്തില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, വനിതാശിശു ക്ഷേമ പ്രോഗ്രാം ഓഫീസര്‍ കെ.എച്ച് ലജീന, വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസ, കുടുംബശ്രി ജില്ലാ കോര്‍ഡിനേറ്റര്‍ പി.സാജിത,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, സംഘടനാ പ്രതിനിധികളായ സി.കെ ശിവരാമന്‍,   കെ.എം ബാലഗോപാല്‍, എം. മധു തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *