April 20, 2024

കിന്‍ഫ്രയുടെ നൂറ് ഏക്കറില്‍ കാർബൺ ന്യൂട്രൽ മേഖലയാക്കി പ്രത്യേകം കാപ്പി കൃഷി നടത്തും : മന്ത്രി ഇ.പി ജയരാജന്‍

0
Kudumbasree Snehaveedinte Thakoldhanam Pulpallyil Manthri E P Jayarajan Nirvahikunnu
                                               

· ലക്കിടി റോപ് വേ:  പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

      വാര്യാട് വ്യവസായ പാര്‍ക്കില്‍ പ്രത്യേക കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയൊരുക്കി  കാപ്പി കൃഷി ചെയ്ത് ബ്രാന്‍ഡിംഗ് നടത്താന്‍ കിന്‍ഫ്രയെ ചുമതലപ്പെടുത്തിയതായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ഇതിനായി വ്യവസായ പാര്‍ക്കിന്റെ  100 ഏക്കര്‍ ഭൂമി ഉപയോഗിക്കും. ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണികളില്‍ പ്രത്യേകം പ്രാധാന്യമുണ്ട്.  ഈ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിലയും ലഭ്യമാകും. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതോടെ കാര്‍ഷിക മേഖലക്കാകെ ഉണര്‍വ്വ് നല്‍കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയുടെ വികസന സാധ്യതയില്‍ കാര്‍ഷികമേഖലക്കുളള പ്രാധാന്യം മനസിലാക്കി  കാര്‍ഷിക വിളകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ വികസന രേഖക്ക് സാധിക്കണം. കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗങ്ങളായിരുന്ന നെല്ല്, കാപ്പി, കുരുമുളക്, അടക്ക കൃഷികളുടെ പുനരുജ്ജീവനത്തിന് മുന്‍ഗണന നല്‍കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കേണ്ടത്. മൃഗസംരക്ഷണമേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കാനും പാല്‍ ഉല്‍പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കാനും  ഇടപെടലുകള്‍ ആവശ്യമാണ്. ഇതിനായി സഹകരണ സംഘങ്ങള്‍ വഴി സൗജന്യനിരക്കില്‍ പശുക്കളെ നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

      ജില്ലയുടെ സമഗ്ര വികസനത്തിന്  കുതിപ്പേകാന്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിന് സാധിക്കുമെന്ന് മന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു. ബോയ്‌സ് ടൗണ്‍ മുതല്‍ വിമാനത്താവളം വരെ നാല് വരി പാത നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ  ഒരു പുതിയ വികസന വഴികൂടി തുറക്കും. ഇതോടൊപ്പം ലക്കിടി മുതല്‍ അടിവാരം വരെ റോപ് വേ സ്ഥാപിക്കുന്നതിന് ജില്ല പ്രത്യേകം മുന്‍കൈയ്യെടുത്ത് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട്  സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റുകളുടെ ആവശ്യങ്ങള്‍ മനസിലാക്കി പരിഹാര മാര്‍ഗം ഒരുക്കിയാല്‍ സന്ദര്‍ശകരുടെ പ്രധാനകേന്ദ്രമായി ജില്ല മാറുമെന്നും അദ്ദേഹം പറഞ്ഞു.

   സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍  ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പദ്ധതി രേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.മിനി, പി.കെ അനില്‍കുമാര്‍, എ.ദേവകി, അനിലാ തോമസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാര്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *