March 29, 2024

ഒരു മുതലാളിയും കുറെ ഡെയ്‌ലി വേജസുകാരും ചേര്‍ന്നതാണ് സംസ്ഥാന സര്‍ക്കാരെന്ന് കെ മുരളീധരന്‍ എം എല്‍ എ.

0
കല്‍പ്പറ്റ: കേരളം ഭരിക്കുന്നത് പിണറായി വിജയനെന്ന ഏകശിലാവിഗ്രഹമാണെന്നും, ഒരു മുതലാളിയും കുറെ ഡെയ്‌ലി വേജസുകാരും ചേര്‍ന്നതാണ് സംസ്ഥാന സര്‍ക്കാരെന്നും കെ പി സി സി പ്രചരണവിഭാഗം അധ്യക്ഷന്‍ കെ മുരളീധരന്‍ എം എല്‍ എ. കോണ്‍ഗ്രസിന്റെ 134ാം ജന്മദിന പരിപാടികള്‍ ഡി സി സി ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ക്ക് പോലും വേര്‍തിരിവില്ലാത്ത ആരാധാനാലയമാണ് ശബരിമല. സവര്‍ണ-അവര്‍ണ, ലിംഗ വ്യാത്യാസങ്ങളില്ലാത്ത ഒരു ക്ഷേത്രം കൂടിയാണിത്. ഏത് മതത്തിന്റെ ആരാധാനാലയമായാലും അവിടെ വ്യത്യസ്തമാര്‍ന്ന ആചാരങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. 2016-ല്‍ നിലവിലുള്ള ആചാരങ്ങള്‍ നിലനിര്‍ത്തണമെന്നാണ് യു ഡി എഫ് സര്‍ക്കാര്‍ അഫിഡവിറ്റ് നല്‍കിയത്. ഇത് തുടര്‍ന്ന് വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ തിരുത്തുകയാണുണ്ടായത്. ഇതാണ് ശബരിമലയില്‍ യുവതീപ്രവേശനമാവാം എന്ന വിധി വരാനുള്ള പ്രധാനകാരണം. ഇതില്‍ പ്രതിഷേധിച്ചാണ് എന്‍ എസ് എസ്, എസ് എന്‍ ഡി പിയിലെയും, ദളിത് സംഘടനകളിലെയുമടക്കം ഭക്തജനങ്ങള്‍ നാമജപം ആരംഭിച്ചത്. എന്നാല്‍ വിധി വന്നയുടന്‍ പത്രസമ്മേളനം നടത്തി പിണറായി വിജയന്‍ പറഞ്ഞത് നാളെ മുതല്‍ യുവതികളെ പ്രവേശിപ്പിക്കുമെന്നായിരുന്നു. നടയടഞ്ഞുകിടക്കുമ്പോഴാണ് മുഖ്യമന്ത്രി ഇത് പറഞ്ഞതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. പിന്നീട് നടന്ന സംഭവങ്ങള്‍ നാരായണത്ത് ഭ്രാന്തന്‍ കല്ലുരുട്ടി മുകളിലെത്തിച്ച് താഴേക്കിടുന്നത് പോലെയായിരുന്നു. ഈ ജന്മം അമ്പലത്തില്‍പോകാത്തവരെ കവചം ധരിപ്പിച്ച് മുകളിലെത്തിപ്പിച്ച് അതുപോലെ താഴേക്കിറങ്ങുകയാണ്. നാരാണത്ത് ഭ്രാന്തന് ഭ്രാന്തില്ലായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ യുവതികളെ കയറ്റി തിരിച്ചിറക്കുന്നവര്‍ക്ക് മുഴുഭ്രാന്താണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഭരണകക്ഷി എം എല്‍ എമാരായാല്‍ പോലും രക്ഷയില്ല. പ്രളയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഒ ആര്‍ കേളു, രാജു എബ്രഹാം, സജി ചെറിയാന്‍ തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലെ എം എല്‍ എമാരെ സംസാരിക്കാന്‍ അനുവദിക്കാത്തത് അതിന് തെളിവാണ്. വനിതാമതില്‍ സര്‍ക്കാര്‍ ചിലവിലല്ലെന്ന് പറയുന്നുണ്ടെങ്കിലും പി ആര്‍ ഡിയാണ് മതിലുമായി ബന്ധപ്പെട്ട് നോട്ടീസിറക്കിയതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍, എം.വി പോള്‍, കെ. പ്രവീണ്‍കുമാര്‍, എന്‍.ഡി അപ്പച്ചന്‍, പി.വി ബാലചന്ദ്രന്‍, കെ.എല്‍ പൗലോസ്, പി.കെ ജയലക്ഷ്മി, പി.പി ആലി, കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥന്‍, സി.പി വര്‍ഗ്ഗീസ്, വി.എ മജീദ്, എന്‍.കെ വര്‍ഗ്ഗീസ്, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, കെ.വി പോക്കര്‍ ഹാജി, എ.പ്രഭാകരന്‍ മാസ്റ്റര്‍, എം.എ ജോസഫ്, മംഗ്ഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എം.ജി ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, പി.എം സുധാകരന്‍, എം.എം രമേശ്  മാസ്റ്റര്‍, എടയ്ക്കല്‍ മോഹനന്‍, ഒ.ആര്‍ രഘു, എക്കണ്ടണ്‍ി മൊയ്തൂട്ടി, ഉലഹന്നാന്‍ നീറന്താനം, പി.കെ കുഞ്ഞുമൊയ്തീന്‍, പി.കെ അനില്‍ കുമാര്‍, നജീബ് കരണി, പി.വി ജോര്‍ജ്ജ്, കെ.ഇ വിനയന്‍, ചിന്നമ്മ ജോസ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സീസ്, ടി.ജെ ജോസഫ്, കെ.ജെ പൈലി, ടി.ജെ ഐസക്ക്, ഗോകുല്‍ദാസ് കോട്ടയില്‍, നാരായണവാര്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്.ബി പ്രദീപ് മാസ്റ്റര്‍ സ്വാഗതവും, എന്‍.സി കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *