സോഫ്റ്റ്വെയർ എൻജിനീയറിൽ നിന്ന് പോലീസിലേക്ക് :ജി. പൂങ്കുഴലി ഇനി വയനാട് ജില്ലാ പോലീസ് മേധാവി .

അവനീത് ഉണ്ണി
കൽപ്പറ്റ: ജില്ലാ കലക്ടർ കൊപ്പം വയനാട്ടിൽ പോലീസിനും ഇനി വനിതാ നേതൃത്വം .
കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലി ഐ.പി.എസിനെ വയനാട് എസ്പിയാക്കി നിയമിച്ചാണ് പുതിയ ഉത്തരവിറങ്ങിയത്. 2014 ലെ ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥയാണ് ജി. പൂങ്കുഴലി. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ബിരുദധാരിയായ പൂങ്കുഴലി ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് 2014ല്‍ ഐപിഎസ് ലഭിച്ച് സേനയിലെത്തുന്നത്.
തമിഴ്നാട്ടിലെ കരൂര്ജില്ലയില് എല്‍.ഐ.സി.യില്നിന്ന് ഡെവലപ്മെന്റ് ഓഫീസറായി വിരമിച്ച ഗോവിന്ദരാജിന്റെയും വിജയലക്ഷ്മിയുടെയും രണ്ടുമക്കളില്‍ മൂത്തയാളാണ് പൂങ്കുഴലി. കേരള കേഡറിലായിരുന്നു ആദ്യനിയമനം. ആറു മാസത്തെ എഎസ്പി അണ്ടർ ട്രെയിനി പരിശീലനത്തിനുശേഷം 2016-ൽ ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയി നിയമനം ലഭിച്ചു. തുടർന്ന് പാലക്കാട് എഎസ്പി ആയി. 2018-ൽ എസ്പിയായി. തൃശൂരിൽ കെഎപി ഒന്നാം ബറ്റാലിയൻ കമ്മാൻഡന്റ്, ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ അധിക ചുമതല എന്നിവ ലഭിച്ചു.
മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഭർത്താവ് രവിശങ്കറിനെ പരിചയപ്പെട്ടത്. മാട്രിമോണിയൽ പരസ്യം ഇരുവർക്കും ഇഷ്ടമായി. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയുള്ള പ്രണയ വിവാഹമായിരുന്നു. ഒരു വർഷത്തിനകം വിവാഹിതരായി. ഭർത്താവ് ഇപ്പോൾ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കൊച്ചിയിലെ ഡെപ്യൂട്ടി കമാൻഡന്റാണ്. മകൻ മഗിഴൻ.



Leave a Reply