April 24, 2024

ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു

0
Img 20201031 Wa0336.jpg
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. 36 പേരടങ്ങുന്ന ഹരിത കര്‍മ്മ സേന യൂണിറ്റിനെയാണ് ഹരിത കേരളം മിഷന്റെ സഹകരണത്തോടെ പ്രശസ്ത്രി പത്രവും മൊമന്റോയും നല്‍കി പഞ്ചായത്ത് ഭരണ  സമിതി ആദരിച്ചത്. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശന്‍ ഉദ്ഘാടനം  ചെയ്തു. 
ഹരിത  കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ നടക്കുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ശുചിത്വ പദവി നേടിയ 16 തദ്ദേശ  സ്ഥാപനങ്ങളില്‍ ഒന്നാണ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്. പദവി ലഭിച്ചതിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ പങ്ക് പ്രധാനമാണ്. പഞ്ചായത്തിൻ്റെ ശുചിത്വ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രതിസന്ധിയിലും സജീവമായി ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ലഭ്യമാക്കിയിട്ടുണ്ട്. 2019 മെയ് മാസത്തിലാണ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍  ഹരിത കര്‍മ്മ സേന പ്രവര്‍ത്തനമാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫീല്‍ഡ് പ്രവര്‍ത്തനം ജില്ലയില്‍ ആദ്യം ആരംഭിച്ചതും പഞ്ചായത്തിലെ യൂണിറ്റാണ്. 9180 വീടുകളില്‍ ഹരിത കര്‍മ്മ സേനകളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് പതിനായിരത്തിലധികം മാസ്‌കുകള്‍ ഇവരുടെ സ്റ്റിച്ചിംഗ് യൂണിറ്റില്‍ നിന്ന് നിര്‍മ്മിച്ചു നല്‍കി. ലഭിക്കുന്ന യൂസര്‍ഫീക്കു പുറമേ അധിക  വരുമാനത്തിന്റെ ഭാഗമായി പേപ്പര്‍, തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റും ഇവര്‍ക്കുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും വാടകയ്ക്ക് കൊടുക്കുന്നുണ്ട്. ജൈവ അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിക്കാന്‍ സ്വയം തയ്യാറാക്കിയ ബിന്നുകള്‍ സ്ഥാപിക്കുകയും നിരത്തുകളിലും പ്രദേശത്തും ഉണ്ടായ മാലിന്യങ്ങള്‍ എംസിഎഫില്‍ എത്തിച്ചും പഞ്ചായത്തിന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ബോധവല്‍ക്കരണത്തിന് ഇവരുടെ പിന്തുണയുണ്ട്. ഹരിത കേരളം മിഷന്റെ നീര്‍ച്ചാല്‍ പുനരുജ്ജീവന പരിപാടിയായ ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്‍, പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍, കോവിഡ് കേന്ദ്രങ്ങള്‍ ശുചീകരിക്കല്‍, പൊതു നിരത്തുകള്‍ വൃത്തിയാക്കല്‍ തുടങ്ങിയ പദ്ധതികളിലും ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഹരിത കേരളം മിഷന്റെ തരിശ് രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി കാപ്പിസെറ്റ് കന്നാരം പുഴയില്‍ 5 വര്‍ഷത്തോളം തരിശായി കാടുപിടിച്ചു കിടന്ന രണ്ടര ഏക്കര്‍ വയല്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേമ കാര്യം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ മോന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന പ്രസാദ്, പഞ്ചായത്ത് മെമ്പര്‍ അനില്‍  കുമാര്‍, സെക്രട്ടറി വി.ടി. തോമസ്, ഹരിത കര്‍മ്മ സേന പ്രസിഡന്റ് ലിസ ജോയ്, സെക്രട്ടറി ഉഷാ സുദന്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.എം. മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *