പ്ലസ് വണ്‍ പ്രവേശനം: ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ഉറപ്പ് വരുത്തണം; ടി. സിദ്ദിഖ് എം എല്‍ എ
കല്‍പ്പറ്റ: ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാത്തത് സംബന്ധിച്ച് ടി സിദ്ദിഖ് എം എല്‍ എ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി. പ്ലസ് വണ്‍ അലോട്ട്‌മെന്റ് ആരംഭിച്ചിട്ടും ജില്ലയിലെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യമുള്ള സ്‌കൂളുകളിലും, താല്‍പ്പര്യമുള്ള കോഴ്‌സുകള്‍ക്കും പ്രവേശനം ലഭ്യമാകാതെ വിദ്യാര്‍ഥികളും, രക്ഷിതാക്കളും നേരിടുന്ന ഏറ്റവും വലിയ പ്രയാസങ്ങള്‍ മനസ്സിലാക്കി അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് തിരുവനന്തപുരം നിയമസഭ കോപ്ലംക്‌സില്‍ വെച്ച് എം എല്‍ എ നിവേദനം നല്‍കി. ജില്ലയുടെ ഭൂമിശാസ്ത്രപരമായ കാര്യം പ്രത്യേകം പരിഗണിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവും, കര്‍ണാടകയിലെ കുടക്, ചാമരാജനഗര്‍, തമിഴ്‌നാടിലെ ഗൂഡല്ലൂര്‍ ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലക്കും കേരളത്തിലെ മറ്റ് ജില്ലയിലേക്ക് പഠനാവശ്യത്തിന് ചുരമിറങ്ങി മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ടതിനാലും, ഗോത്രവര്‍ഗ വിഭാഗം, തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ അധിവസിക്കുന്ന ജില്ല എന്ന നിലക്കും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠന സൗകര്യം ഒരുക്കണം. നിലവില്‍ ഹയര്‍സെക്കന്‍ഡറിയുള്ള സ്‌കൂളുകളില്‍ പുതിയ ബാച്ചുകളും, ഹയര്‍സെക്കന്‍ഡറി ഇല്ലാത്ത സ്‌കൂളുകള്‍ക്ക് പുതിയ പ്ലസ്ടു ബാച്ചുകളും അനുവദിച്ച് ജില്ലയെ പ്രത്യേകമായി പരിഗണിച്ച് പരിഹാരം കാണണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വയനാടിന്റെ വിഷയം ഗൗരവമുള്ളതാണെന്നും മറ്റ് ചിലയിടങ്ങളിലും സമാനമായ പ്രശ്‌നമുണ്ടെന്നും മന്ത്രി പറഞ്ഞു. താലൂക്ക് തലത്തിലും, സ്‌കൂള്‍ തലത്തിലും സീറ്റുകളുടെ പോരായ്മകള്‍ ഉള്‍പ്പെടെ കണക്കെടുപ്പ് നടത്തി പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമിക്കുമെന്ന് മന്ത്രി എം എല്‍ എക്ക് ഉറപ്പ് നല്‍കി.
Leave a Reply