ബത്തേരിയിൽ ഇന്ന് പുലിയിറങ്ങും :സന്തോഷനഗരത്തിൽ ഓണാവേശം

ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയും കേരള അക്കാദമി ഓഫ് എഞ്ചിനീയറിങ് സംയുക്തമായി ബത്തേരി സന്തോഷനഗരത്തിൽ പുലികളി സംഘടിപ്പിക്കുന്നു. 2022 സെപ്തംബർ ആറിന് രാവിലെ 10.30 ന് തൃശൂർ ജില്ലയിലെ പ്രസിദ്ധരായ ഒരു ഡസനോളം പുലികൾ നഗരത്തിൽ ആടിത്തിമിർക്കും .
ശുചിത്വ – സുന്ദര – ഹരിതാഭമാർന്ന ഓണപ്പുടവയുടുത്ത് പൂത്താലങ്ങളേന്തി നിൽക്കുന്ന സന്തോഷനഗരത്തിൽ ആർപ്പുവിളികളും ഓണപ്പാട്ടുകളുമായി നടക്കുന്ന ജനകീയ ഓണാഘോഷ യാത്രയിൽ കക്ഷി ,രാഷ്ടീയ, ജാതി, മത, വർഗ വ്യത്യാസമില്ലാതെ ജനങ്ങളും വ്യാപാരി സമൂഹവും തൊഴിലാളികളും പങ്കെടുക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.
കേരളത്തിലെ കാർഷിക സംസ്ക്കാരത്തിന്റെ ഭാഗമായ വിളവെടുപ്പിന്റെ ആഘോഷാവസരം ആഹ്ലാദത്തിന്റെയും ഒത്തൊരുമയുടെ ഉത്സവമായി മാറണം. പ്രഥമ സ്വരാജ് പുരസ്ക്കാരം നേടിയ നഗരസഭയിലെ ജനങ്ങളുടെ സന്തോഷ സൂചിക ഉയർത്തുന്നതിന് ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി വ്യത്യസ്തമായ നറു പുഞ്ചിരി , ഹായ് ഓട്ടോ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും ഒട്ടനവധി പ്രവർത്തനങ്ങൾ അണിയറയിൽ ഒരുങ്ങുകയും ചെയ്യുന്നു. ഒന്നായ് ,ഒറ്റക്കെട്ടായ് , ഈ സന്തോഷo കൊണ്ടാടാം' ഘോഷയാത്ര അന്നേ ദിവസം കോട്ടക്കുന്നിൽ നിന്ന് തുടങ്ങി നഗരം ചുറ്റി സ്വതന്ത്ര മൈതാനിയിൽ സമാപിക്കുന്നു .



Leave a Reply