June 10, 2023

പോക്‌സോ : അതിജീവിതര്‍ക്ക് നീതി ഉറപ്പാക്കാന്‍ കൂട്ടായ ഇടപെടലുകള്‍ വേണം ബാലാവകാശ സംരക്ഷണ കമ്മീഷന്‍

0
IMG_20220917_194057.jpg
 കൽപ്പറ്റ : പോക്‌സോ അതിജീവിതര്‍ക്ക് വേഗത്തില്‍  നീതി ലഭ്യമാക്കുന്നതിന് കര്‍ത്തവ്യവാഹകരുടെ  കൂട്ടായ ഇടപെടലുകള്‍ അനിവാര്യമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ബബിത ബല്‍രാജ് പറഞ്ഞു. ജില്ലയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല കര്‍ത്തവ്യ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികള്‍ക്കെതിരെയുളള ലൈംഗീകാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതു മുതല്‍ നടപടിക്രമങ്ങള്‍  പൂര്‍ത്തീകരിക്കുന്നത് വരെ ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുളള എകോപനം ആവശ്യമാണ്. മുഴുവന്‍ നടപടിക്രമങ്ങളും ബാല സൗഹൃദവുമായിരിക്കണം. നിയമം നടപ്പാക്കുമ്പോള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന്  കമ്മീഷന്‍ മൂന്‍കൈയ്യെടുക്കും. പോക്‌സോ കേസുകളില്‍പ്പെട്ടവര്‍ക്ക് ലഭിക്കാനുളള വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം, ആശ്വാസനിധി തുടങ്ങിയവ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുളള ഇടപെലുകളും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നടത്തുമെന്ന് കമ്മീഷന്‍  അംഗം പറഞ്ഞു. 
വനിതാ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ച് വരുന്ന അതിജീവിതരായ കുട്ടികളുടെ തുടര്‍ പഠനം ഉറപ്പാക്കണമെന്ന്  ജില്ലാ നിയമ സേവന അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും സബ്ജഡ്ജുമായ സി. ഉബൈദുളള പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമായ നിയമ പിന്തുണ ജില്ലാ നിയമ സേവന അതോറിറ്റി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ. ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു. സ്മിത, പോലീസ്, എക്‌സൈസ്, പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍,  നിര്‍ഭയ ഹോം മാനേജര്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ചെല്‍ഡ് ലൈന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *