കാർ യാത്രികരെ നാലംഗ സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചു

മീനങ്ങാടി:മീനങ്ങാടിയിൽ കാർ യാത്രികരെ നാലംഗ സംഘം തടഞ്ഞുനിർത്തി മർദിച്ചവശരാക്കി.
കുടക് സ്വദേശികളായ സഹോദരങ്ങൾക്കാണ് പരിക്കേറ്റത്. കുടുംബത്തോട് മുൻ വൈരാഗ്യമുള്ള മയക്കുമരുന്ന് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇവരുടെ പരാതി.
ഇന്നലെ വൈകിട്ട് മീനങ്ങാടി ടൗണിന് സമീപമാണ് സംഭവം. മുട്ടിലിൽ നിന്ന് കുടകിലേക്ക് പോവുകയായിരുന്ന സഹോദരങ്ങളെ കാറിലും ബൈക്കിലുമെത്തിയ നാലംഗ സംഘം തടഞ്ഞുനിർത്തി. പിന്നീട് കാർ അടിച്ച് തകർക്കുകയും സഹോദരങ്ങളായ ആസിയ, സഫ്‍വാൻ എന്നിവരെ മർദിക്കുകയും ചെയ്തു. ആസിയയുടെ ഭർത്താവ് കബീർ മാസങ്ങൾക്ക് മുൻപ് വയനാട്ടിലെ മയക്കുമരുന്ന് സംഘത്തെ കുറിച്ച് പോലീസിൽ വിവരം നൽകിയിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പരാതി. മയക്കുമരുന്ന് സംഘത്തിലുൾപ്പെട്ട മലപ്പുറം, വയനാട് സ്വദേശികളായ അജ്മൽ, ഷാഫി , സിനാൻ എന്നിവരാണ് മർദിച്ചതെന്ന് പരാതിക്കാർ പറയുന്നു.
കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മീനങ്ങാടി പോലീസ് അന്വേഷണം തുടങ്ങി.
സിനാൻ, അജ്മൽ എന്നിവർക്കെതിരെ മീനങ്ങാടി പോലീസ് കേസെടുത്തു. എന്നാൽ അറസ്റ്റ് വൈകിയതോടെ പ്രതികൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കുടുംബം ആരോപിക്കുന്നു. ജില്ലാപോലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പ്രതികൾക്ക് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതായി മീനങ്ങാടി പോലീസ് അറിയിച്ചു. പോലീസ് ഗൗരവത്തോടെ കേസ് അന്വേഷിക്കാത്തതാണ് പ്രതികളെ സഹായിച്ചതെന്ന് കുടുംബം പരാതിപ്പെടുന്നു.



Leave a Reply