March 25, 2023

ആവിശ്യത്തിന് ബസ്സില്ല ; സ്കൂൾ വിദ്യാർഥികൾ വലയുന്നു

IMG_20220927_084906.jpg
വൈത്തിരി :ആവിശ്യത്തിന് ബസ്സില്ലാത്തതിനാൽ സ്കൂൾ സമയത്ത് ബസ് കാത്തു നിന്ന് മടുത്തിരിക്കുകയാണ് വിദ്യാർഥികൾ.പഴയ വൈത്തിരി,തളിപ്പുഴ പ്രദേശത്തെ സ്കൂൾ കുട്ടികൾക്കാണ് ഈ ദുരവസ്‌ഥയുള്ളത്.  കോഴിക്കോട് നിന്നും വരുന്ന സ്വകാര്യ ബസ്സുകൾ തളിപ്പുഴ എത്തും മുമ്പ് പൂക്കോട് തടാകം വഴി വൈത്തിരിയിലേക്ക് പോകുന്നതിനാൽ ഈ രണ്ടു പ്രദേശത്തെ നിരവധി വിദ്യാർഥികൾക്ക് അധിക പണം കൊടുത്തു കൊണ്ട് കെ എസ് ആർ ടി സിയെ ആശ്രയിക്കേണ്ട ഗതികേടാണ്.
  കാഴിഞ്ഞ ആഴ്ച്ച റൂട്ട് മാറ്റി സമയ ലാഭത്തിന് വേണ്ടി പഴയ വൈത്തിരി വഴി വന്ന സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടിരുന്നു.അതിനു ശേഷമാണ് പൊലിസിന്റെയും ആർ ടിയോയുടെയുമെല്ലാം പരിശോധന ശക്തമാക്കിയത്.അതെ തുടർന്ന് കഴിഞ്ഞ ദിവസം റൂട്ട് മാറി വന്ന സ്വകാര്യ ബസ്സുകൾക്ക് 7500രൂപ വീതം പിഴ ഈടാക്കിയിരുന്നു.ഇത് കാരണം സ്വകാര്യ ബസ്സുടമകൾ ഇത് വഴി സർവീസ് നടത്തുന്നില്ല.സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന സ്കൂൾ വിദ്യാർഥികൾ പലരും ഈ തീരുമാനം കാരണം പെരുവഴിയിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പല വിദ്യാർഥികളും ടൗൺ ടു ടൗൺ ബസ്സിൽ കയറി അതിക ചാർജ് കൊടുത്താണ് യാത്ര ചെയ്തത്.
   ലക്കിടി മുതൽ ചുണ്ടേൽ വരെ അതികം വളവും തിരിവുമില്ലാതെ കുണ്ടും കുഴിയും  ഹമ്പും മൂലമുള്ള ബുദ്ധിമുട്ടില്ലാത്തതിനാൽ സ്വകാര്യ ബസ്സുകൾ മരണയോട്ടമാണ് നടത്തുന്നത്.അത് കാരണം ബസ് സ്റ്റോപ്പിൽ വെച്ച് വിദ്യാർഥികൾക്ക് ബസ്സിൽ കയറിപ്പറ്റാനും ബുദ്ധിമുട്ടാണ്.പലപ്പോഴും അപകടങ്ങളും മരണവും ഈ റൂട്ടിൽ നിത്യ സംഭവമാകുകയുമാണ്.
     അതേ  സമയം കൊറോണക്ക് മുമ്പ് മൂന്ന് ഓർഡിനറി ബസ്സുകൾ കല്പറ്റയിൽ നിന്ന്  ലക്കിടി വരെ  സർവീസ് നടത്തിയിരുന്നു.പല വിദ്യാർഥികൾക്കും പാസ്സുള്ളതിനാൽ വളരെ ഉപകാരപ്പെട്ടിരുന്നു.എന്നാൽ കൊവിഡിനു ശേഷം ഓർഡിനറി ബസ്സുകൾ ഇല്ലാത്തത് കൊണ്ടും ഉള്ള ബസ്സുകൾ ടൗൺ ടു ടൗൺ ബസ്സുകൾ ആയതിനാലും പാസുകൾ ലഭിക്കുന്നില്ല.ഇത് കാരണമാണ് വിദ്യാർഥികൾ ഇപ്പോൾ ദുരിതമനുഭവിക്കുന്നത്.ഒരു വർഷത്തിനിടയിൽ പല സമയങ്ങളിലായി ഇത് സമ്പന്ധിച്ചു നിവേദനം നൽകിയിരുന്നെങ്കിലും ഇത് വരെ നടപടി ഉണ്ടായിട്ടില്ല.ലക്കിടി മുതൽ പഴയ വൈത്തിരി വഴി സർവീസ് നടത്താൻ സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് കൊടുക്കാത്തതും വിദ്യാർഥികൾക്ക് വിനയാകുകയാണ്.പല തവണ പെർമിറ്റ് ആവിശ്യപെട്ടിട്ടും മോട്ടോർ വാഹന വകുപ്പ് ഇത് വരെ പെർമിറ്റ് നൽകിയിട്ടില്ല.അതേ സമയം പൊഴുതന മുക്ക് വരെ കല്പറ്റയിൽ നിന്ന് വരുന്ന ഓർഡിനറി സ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ട്.പക്ഷെ പൊഴുതന ഭാഗത്തേക്ക് തിരിഞ്ഞു പോകുന്നതിനാൽ പഴയ വൈത്തിരി,തളിപ്പുഴ ഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഈ സർവീസ് കൊണ്ട് പ്രയോജനമില്ല.ജി പി എസ് ഘടിപ്പിച്ചു കൊണ്ട് സ്വകാര്യ ബസ്സുകളുടെ റൂട്ട് നിയന്ത്രിക്കാനും ക്യാമറ വെച്ച് നിരീക്ഷിക്കാനും ഉടൻ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്.ഈ തീരുമാനവും സ്വാകാര്യ ബസ് ഡ്രൈവർമാരെ ചൊടിപ്പിച്ചിരിക്കുകയാണ്.
    സുഗന്തഗിരി -അംബ ഭാഗത്തെ വിദ്യാർഥികൾ വൈത്തിരി ഗവണ്മെന്റ് സ്കൂളിലേക്കാണ് കൂടുതലും വരുന്നത്.എന്നാൽ ഒരു കെ എസ് ആർ ടി സി ബസ് മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.ഞായറാഴ്ച്ചകളിലും ചില സ്കൂളുള്ള ദിവസങ്ങളിലും ഈ ബസ് മുടങ്ങുന്നത് കാരണം ഇവിടെത്തെ വിദ്യാർഥികളും തൊഴിലാളികളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.ഒരു സർവീസ് കൂടി തുടങ്ങണമെന്നാണ് ഇവിടുത്തുകാരുടെ ആവിശ്യം.ബസ് മുടങ്ങുമ്പോൾ അതിക പണം കൊടുത്ത് ഓട്ടോയെ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് അംബ സ്വദേശി രാധാമണി പറയുന്നു.ഓട്ടോ കിട്ടിയില്ലെങ്കിൽ ഒരുപാട് നടക്കേണ്ട അവസ്ഥയുമാണ്.
    കെ എസ് ആർ ടി സിയുടെ ഓർഡിനറി ബസ്സുകൾ ലക്കിടി വരെ സ്കൂൾ സമയത്ത് സർവീസ് നടത്തുകയും വിദ്യാർഥികൾക്ക് യാത്രാപാസ് അനുവദിക്കുകയും ചെയ്യുക,സ്വകാര്യ ബസ്സുകളെ പഴയ വൈത്തിരി വഴി കടന്നു പോകാൻ ഗതാഗത വകുപ്പ് അനുവദിക്കുക,ലക്കിടി മുതൽ പുതിയഓർഡിനറി ബസ്സുകൾക്ക് പെർമിറ്റ് കൊടുക്കുക  എന്നീ ആവിശ്യങ്ങളാണ് ഈ പ്രദേശത്തുകാർക്കുള്ളത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *