Flash News: പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ പഠനഭാരം മൂലം: അധ്യാപകനെതിരെ ആത്മഹത്യാ കുറിപ്പ്
സി.വി.ഷിബു.
മാനന്തവാടി: തരുവണ പാലിയാണയിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് പഠനഭാരം മൂലമാണന്ന് സൂചന .റിസൽട്ടിനായുള്ള മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് തരുവണ പാലിയാണ ചെമ്പോക്കണ്ടി വിനോദിന്റെയും സവിതയുടെയും ഇളയ മകനായ വൈഷ്ണവ് ആണ് ഇന്നലെ വൈകുന്നേരം വീടിന്റെ രണ്ടാം നിലയിലെ മുറി അടച്ചിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ് വൈഷ്ണവ് .ഓട്ടോ ഡ്രൈവറായ വിനോദും പനമരം ഗ്രാമീൺ ബാങ്കിൽ ജീവനക്കാരിയായ സവിതയും സ്ഥലത്തുണ്ടായിരുന്നില്ല. മുത്തശ്ശി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഏക സഹോദരൻ പാലക്കാട് എഞ്ചിനീയറിംഗിന് പഠിക്കുകയാണ്.
മികച്ച രീതിയിൽ പഠിക്കുന്ന വൈഷ്ണവ് എസ്. എസ്. എൽ.സി.ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. പ്ലസ് വണ്ണിന് ഒപ്പം സ്കൂളിൽ എൻട്രൻസ് കോച്ചിംഗിനും ചേർന്നിട്ടുണ്ട്. പഠനത്തിൽ മാത്രം ശ്രദ്ധ കൊടുക്കുന്ന ,വലിയ കൂട്ടുകെട്ടുകളും മറ്റ് പരിപാടികളും ഇല്ലാത്ത ശാന്തനായ പ്രകൃതകാരനായിരുന്നു വൈഷ്ണവ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്കൂളിൽ പോകാതെ ഇന്ന് തുടങ്ങുന്ന ക്രിസ്തുമസ് പരീക്ഷക്ക് പഠിക്കുകയായിരുന്നു. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ നടന്ന എൻട്രൻസ് കോച്ചിംഗിൽ പങ്കെടുക്കുകയും ചെയ്തു. സാധാരണ പോലെ വീട്ടിലെത്തി ഇന്നലെയും സ്കൂളിൽ പോകാതെ മുഴുവൻ സമയവും വീട്ടിലിരുന്നു പഠിക്കുകയായിരുന്നു. പഠനമുറിയിലെ പുസ്തകങ്ങളെല്ലാം വളരെ അടുക്കും ചിട്ടയോടും കൂടിയാണുള്ളത്.
ഒരു പുസ്തകത്തിലാണ് അധ്യാപകനെതിരെ കത്ത് എഴുതി വച്ചിട്ടുള്ളത്. അധ്യാപകന്റെ പീഡനത്തിൽ മടുത്തുവെന്നും ജീവിതം അവസാനിപ്പിക്കുകയാണന്നും നിയമം അദ്ദേഹത്തിന് ശിക്ഷ നൽകട്ടെയെന്നും എഴുതിയിട്ടുണ്ട്. മറ്റൊരു പുസ്തകത്തിൽ ഏറെ ഇഷ്ടമായിരുന്ന കൂട്ടുകാരിയോട് ഒറ്റ വാചകത്തിൽ യാത്ര പറഞ്ഞിട്ടുമുണ്ട്. മുറിയിൽ നിന്ന മൊബൈൽ ഫോണും പുസ്തകങ്ങളും സംഭവസ്ഥലവും മാനന്തവാടി ഡി.വൈ. എസ്.പി.. കെ. എം. ദേവസ്യയുടെ നേതൃത്വത്തിൽ വെള്ളമുണ്ട പോലീസ് പരിശോധിച്ചു. സമ്മർദ്ദങ്ങളെ താങ്ങാൻ കഴിയാത്ത മാനസിക അവസ്ഥയിൽ പഠനത്തിലുള്ള അമിത ഭാരം ഏല്പിക്കപ്പെട്ടതാകാം ആത്മഹത്യക്ക് കാരണമെന്ന് പോലീസ് കരുതുന്നു.








Leave a Reply