വാവിട്ട് കരയാനായില്ല :ആശുപത്രിയിലേക്കുള്ള വഴിയിൽ കണ്ണ് തുറന്ന് പിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ ആ മിഴികൾ അടഞ്ഞു.
സി.വി.ഷിബു.:
കൽപ്പറ്റ: മിടുക്കിയായിരുന്നു ഷഹ് ല ഷെറിൻ. നാലാം ക്ലാസ്സ് വരെ ബത്തേരിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠിച്ചത്. കേരളമാകെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം നടക്കുന്ന സമയം. അഭിഭാഷകനായ പിതാവ് സാമൂഹ്യ പ്രതിബദ്ധത കണക്കിലെടത്താണ് മകൾ ഷഹ് ലയെ ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിൽ ചേർത്തത്. അത് മരണത്തിലേക്കുള്ള കൊച്ചുമോളുടെ യാത്രയുടെ തുടക്കമാകുമെന്ന് കുടുംബം കരുതിയിരുന്നില്ല.
പഠനത്തിൽ മികവ് കാട്ടി. ക്ലാസ്സ് മുറി അത്ര സ്മാർട്ടല്ലങ്കിലും ഷഹ് ല സ്മാർട്ടായിരുന്നു. അതു കൊണ്ട് തന്നെയാണ് ക്ലാസ്സിലെ മാളത്തിൽ കാൽ കുടുങ്ങിയപ്പോഴും പാമ്പ് കടിയേറ്റപ്പോഴും പകച്ച് നിൽക്കാതെ തനിക്ക് പാമ്പ് കടിയേറ്റുവെന്ന് എല്ലാവരോടും പറഞ്ഞത്. ഏതൊരു സ്ഥാപനത്തിലെയും പോലെ ഒരു പട്ടാള ചിട്ടക്കാരൻ സർവ്വജന സ്കുളിലുമുണ്ടായിരുന്നു. മുമ്പ് ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ നോബിളെന്ന അധ്യാപകന്റെ പട്ടാള ചിട്ട കാരണം ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർത്ഥിയെ പോലെ ഇവിടെ ഷജിൽ എന്ന അധ്യാപകന്റെ കാർക്കശ്യമാണ് ഷഹ് ലയെ മരണത്തിലേക്ക് തള്ളിവിട്ടത്. ഭൂരിഭാഗം അധ്യാപകർക്കും സ്വന്തമായി വാഹനമുള്ള സ്കൂളിൽ ഒരു അധ്യാപിക സ്വന്തം കാറിൽ കുട്ടിയെ കയറ്റാൻ ശ്രമിച്ചെങ്കിലും ഷജിൽ തടഞ്ഞു.
പിതാവ് ഷഹ് ലയെ പല ആശുപത്രികളിൽ കൊണ്ടുപോയി. നാലാമത്തെ ആശുപത്രിയിൽ വെച്ചാണ് ഷഹ് ല മരണത്തെ പുൽകിയത്. പാമ്പ് കടിയേറ്റ് അൽപ്പസമയം ഉൻമേഷവതിയായി തന്നെ കാണപ്പെട്ട കുട്ടി പതിയെ ക്ഷീണിതയും അവശയുമായി. ഒരിക്കൽ ഛർദ്ദിക്കുകയും ചെയ്തതോടെ തീർത്തും ആരോഗ്യ നില വഷളായി. കാലിൽ നിന്ന് വിഷം ശരീരമാസകലം വ്യാപിച്ചുകൊണ്ടിരിക്കെ തന്റെ കണ്ണുകൾ നിദ്രാ ഭാരത്താൽ തളരുകയാണന്നാണ് ഷഹ് ല കരുതിയത്. ഒരാശുപത്രിയിൽ നിന്ന് മറ്റൊരാശുപത്രിയിലേക്ക് പോകുമ്പോൾ പിതാവിന്റെ മടിയിലിരുന്ന് ആ പിഞ്ചോമന തന്റെ കണ്ണുകൾ അടയാതിരിക്കാൻ ഇരു കൈകൾ കൊണ്ട് ബലത്തിൽ തുറന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. മെല്ലെ, ആ കൈകളും തളർന്നു ,പിന്നെ എന്നേക്കുമായി ആ മിഴികൾ അടഞ്ഞു: ഷഹ് ല എന്ന മിടുക്കി ബാലിക ഒരു രക്ത സാക്ഷിയായി.
പലരും കുറ്റാരോപിതരാണ്.
ഷഹ് ലയുടെ മരണത്തിനുത്തരവാദികൾ ഒന്നും രണ്ടും പേരല്ല. ക്ലാസ്സ് മുറിയിൽ ചെരുപ്പ് ഉപയോഗിക്കാൻ അനുവദിക്കാത്ത മേലധികാരികൾ മുതൽ പാമ്പ് കടിയേറ്ററ്റിട്ടും ആന്റിവെനം നൽകാത്ത ഡോക്ടർമാരും മികച്ച ചികിത്സാ സംവിധാനം വയനാട്ടിലില്ലാത്തതിന്റെ പേരിൽ ഭരണാധികാരികൾ വരെ ആ " കുറ്റാരോപിതരുടെ " പട്ടികയിലുണ്ട്. ഇനിയൊരു ജീവനും ഇങ്ങനെ ഇവിടെ കൊഴിഞ്ഞു വീഴരുത്:
(കേരള ഭൂഷണം വയനാട് ബ്യൂറോ ചീഫ്.. 9656347995.)




Leave a Reply