April 20, 2024

നെന്‍മേനിയില്‍ എ.ബി.സി.ഡി ക്യാമ്പ് തുടങ്ങി

0
Img 20220929 Wa00662.jpg
നെന്‍മേനി: പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് നെന്‍മേനി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. കോളിയാടി ഫാ. ജേക്കബ് മനയത്ത് മെമ്മോറിയല്‍ പാരിഷ് ഹാളില്‍ നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. നെന്‍മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി മുഖ്യാതിഥിതിയായി. ജില്ലാ പ്രോജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍ പദ്ധതി വിശദീകരണം നടത്തി.
  മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക. വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ക്യാമ്പില്‍ രേഖകളുടെ തെറ്റു തിരുത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ ക്യാമ്പില്‍നിന്നും നല്‍കും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, അക്ഷയ കേന്ദ്രം, നെന്‍മേനി ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് കോളിയാടി ഫാ. ജേക്കബ് മനയത്ത് മെമ്മോറിയല്‍ പാരിഷ് ഹാളില്‍ അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) ക്യാമ്പ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അമല്‍ ജോയി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എടക്കല്‍ മോഹനന്‍, അനീഷ് പി നായര്‍, എം.എ അസൈനാര്‍, നെന്‍മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ആര്‍. ഷൈനി തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *