April 24, 2024

കണ്ണൂരിൽ നിന്നും മോഷ്ടിച്ച കാറുമായി മാനന്തവാടിയിലെത്തിയ യുവാവ് പോലീസിന്റെ പിടിയിലായി

0
മാനന്തവാടി: കണ്ണൂരിൽ നിന്നും മോഷ്ടിച്ച കാറുമായി മാനന്തവാടിയിലെത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. കണ്ണൂർ പെരളശ്ശേരി പള്ളിയത്ത് റസ്‌മിന മൻസിൽ സാക്കിറിനെയാണ് (24) മാനന്തവാടി ട്രാഫിക് എസ്.ഐ വി.ജി. വർഗീസും സംഘവും നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ചൊവ്വാഴ്ച 1.50- ഓടെയാണ് എരുമത്തെരുവിൽ വച്ച് സാക്കിറിനെ പോലീസ് പിടികൂടിയത്. 11.30- യ്ക്ക് മമ്പറം ടെലിഫോൺ എക്സ്‌ചേഞ്ച് റോഡിൽ നിന്നാണ് സാക്കിറിന്റെ സുഹൃത്ത് കാറിൽ സഞ്ചരിക്കുകയായിരുന്നവരെ കത്തി കാട്ടി ഭീഷണി പെടുത്തി കാറുമായി കടന്നത്. തുടർന്ന് കാർ സാക്കിറിനെ ഏല്പിക്കുകയായിരുന്നു. കാർ മാനന്തവാടി വഴി മൈസൂരിലെത്തിച്ച് പൊളിച്ച് വിൽക്കാനാണ് മോഷണസംഘം പദ്ധതിയിട്ടത്. മോഷ്ടിച്ച കാറുമായി അപകടകരമായ രീതിയിലാണ് സാക്കിർ മാനന്തവാടിയിലെത്തിയത്. വരുന്ന വഴിയിൽ തലപ്പുഴ പോലീസും കണിയാരത്ത് വച്ച് മാനന്തവാടി ഫ്ലൈയിങ് സ്ക്വാഡ് പോലീസും കൈ കാണിച്ചെങ്കിലും നിർത്തിയില്ല. എരുമത്തെരുവിൽ പോലീസ് വാഹനം റോഡിന് കുറുകെയിട്ടാണ് ട്രാഫിക് പോലീസ് സാക്കിറിനെ പിടികൂടിയത്. ട്രാഫിക് പോലീസ് സി.എം. സുഷാന്തിന്റെ സമയോചിതമായ ഇടപെടലാണ് സാക്കിറിനെ പിടികൂടാനായതും ഇതുവഴി വൻഅപകടം ഒഴിവാക്കിയതും. അമിതവേഗത്തിലെത്തിയ സാക്കിർ ഓടിച്ച കാർ റോഡരികിൽ ഉണ്ടായ കല്ലിൽ ഇടിച്ചാണ് നിന്നത്. വാഹനം മുന്നോട്ടെടുക്കാൻ സാധിക്കാതായതോടെ വാഹനത്തിന്റെ രേഖകളും മൊബൈൽ ഫോണുകളും മൊബൈൽ ചെയ്യാനുപയോഗിക്കുന്ന പവർ ബാങ്കുമായി സാക്കിർ ഇറങ്ങിയോടി. പിന്നാലെ നാട്ടുകാരും പോലീസും പിന്തുടർന്നു. ഓടുന്നതിനിടയിൽ വീണ് സാക്കിറിന്റെ കാലിന്റെ എല്ല് പൊട്ടി. മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ച് പോലീസ് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് പിണറായി എസ്.ഐ എ.വി. ദിനേഷും സംഘവും മാനന്തവാടിയിലെത്തി വാഹനത്തെയും സാക്കിറിനെയും കസ്റ്റഡിയിലെടുത്ത് കണ്ണൂരിലേക്ക് കൊണ്ടുപോയി. അറസ്റ്റ് നടപടികൾക്ക് ശേഷം സാക്കിറിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അന്വേഷണണം ഊർജിതമാക്കിയതായും പിണറായി എസ്.ഐ. എ.വി. ദിനേഷ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *