April 18, 2024

പുത്തുമല പുനരധിവാസം: 11.40 ഏക്കറില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കും

0
Puthumala.jpg


പുത്തുമല പുനരധിവാസ നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തബാധിതര്‍ക്കായി  കള്ളാടി വാഴക്കാല എസ്‌റ്റേറ്റില്‍ 11.40 ഏക്കര്‍ ഭൂമി കണ്ടെത്തി. ഇവിടെ 100 വീടുകള്‍ അടങ്ങുന്ന ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാക്കാനാണ് ജില്ലാഭരണകൂടത്തിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ആലോചിക്കുന്നത്. ജില്ലാ മണ്ണു സംരക്ഷണ വിഭാഗത്തിന്റെ പരിശോധനയില്‍ പ്രദേശം വാസയോഗ്യമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റേറ്റ് ഭൂമി തരംമാറ്റി നല്‍കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിനെ സമീപിക്കും. പുത്തുമല പുനരധിവാസവുമായി ബന്ധപ്പെട്ട് സി.കെ ശശീന്ദ്രന്‍ എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെയും നേതൃത്വത്തില്‍  കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആധൂനിക രീതിയില്‍ പ്രകൃതിയോടിണങ്ങുന്ന ടൗണ്‍ഷിപ്പാണ് ആലോചിക്കുന്നത്. സോളാര്‍ സംവിധാനം, മഴവെള്ള സംഭരണി എന്നിവ ഒരുക്കും. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറച്ചു കൊണ്ടുമായിരിക്കും നിര്‍മാണം.എട്ടുമാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ നിര്‍വഹണത്തിന്റെ പൂര്‍ണ്ണ ചുമതല പഞ്ചായത്തിനെ ഏല്‍പ്പിക്കണമെന്ന ആവശ്യം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് യോഗത്തില്‍ മുന്നോട്ടു വെച്ചു.

വീടും സ്ഥലവും നഷ്ടപ്പെട്ട 103 കുടുംബങ്ങളാണ് പുനരധിവാസ പട്ടികയിലുള്ളത്. ഇതില്‍ 20 ഓളം കുടുംബങ്ങള്‍ വിവിധ രീതിയില്‍ വീടു നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അവശേഷിക്കുന്നവര്‍ക്കാണ് വാഴക്കാല എസ്റ്റേറ്റില്‍ പുനരധിവാസം സാധ്യമാക്കുക. ഓരോ വീടും നറുക്കെടുപ്പിലൂടെ അര്‍ഹരായവര്‍ക്ക് നല്‍കാനാണ് നിലവിലെ തീരുമാനം. പുത്തുമല ദുരന്ത ബാധിത പ്രദേശത്തുള്ള മുഴുവന്‍ പേരെയും ടൗണ്‍ഷിപ്പില്‍ പുനരധിവസിപ്പിച്ചതിനു ശേഷം അവശേഷിക്കുന്ന വീടുകളില്‍ അടുത്ത പ്രദേശങ്ങളിലുള്ളവരെ കൂടി പരിഗണിക്കാനുമാണ് ധാരണ. 

അനുയോജ്യമെന്നു കണ്ടെത്തിയ വാഴക്കാല എസ്റ്റേറ്റില്‍ നിന്നും മാതൃഭൂമി ഏഴ് ഏക്കര്‍ ഭൂമിയും മലബാര്‍ ഗോള്‍ഡ് മൂന്ന് ഏക്കര്‍ഭൂമിയും വാങ്ങി നല്‍കും. എസ്‌റ്റേറ്റ് ഉടമ നൗഫല്‍ അഹമ്മദ് 1.75 ഏക്കര്‍ ഭൂമിയും സൗജന്യമായി മേപ്പാടി പഞ്ചായത്തിന് കൈമാറാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലുടെയാണ് 100 വീടുകളും നിര്‍മിക്കുന്നത്. സിസിഎഫ് 50 വീടുകളും മേപ്പാടി വിംസ്, കുറ്റിപ്പുറം അസ്‌ഡോണ്‍ എന്നിവര്‍ 20 വീടുകള്‍ വീതവും പിപ്പിള്‍ ഫൗണ്ടേഷന്‍ 10 വീടുകളും കോഴിക്കോട് സ്വദേശി ഷാന്‍ 10 വീടുകളും നിര്‍മിച്ചു നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് പറഞ്ഞു. എസ്റ്റേറ്റ് ഭൂമി തരംമാറ്റി കിട്ടുന്ന പ്രശ്‌നമാണ് നിലവില്‍ പഞ്ചായത്തിനു മുന്നിലുള്ളത്. സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും. 
  
യോഗത്തില്‍ വൈത്തിരി തഹദില്‍ദാര്‍ ടി.പി അബ്ദുള്‍ ഹാരിസ്, ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി.യു ദാസ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗീസ്, ഭൂമി നല്‍കാന്‍ സന്നദ്ധരായവരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *