പടിഞ്ഞാറത്തറ റോഡ് വീതി കൂട്ടൽ: ഹൈകോടതിയിൽ 75 കേസുകൾ: സത്യവാങ്മൂലം സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് നോട്ടീസ്
.
കൽപ്പറ്റ: പടിഞ്ഞാറത്തറ – കൽപ്പറ്റ റോഡ് വീതി കൂട്ടി പുനർ നിർമ്മാണം നടത്തുന്നതിന് നിയമാനുസൃതമല്ലാതെ തങ്ങളുടെ സ്ഥലം കൈയ്യേറി എന്നാരോപിച്ച് ഹൈകോടതിയിലുള്ളത് 75 കേസുകൾ. ലാൻഡ് അക്വിസിഷൻ നടപടികൾ നിയമാനുസൃതം പൂർത്തിയാക്കി മതിയായ നഷ്ടപരിഹാരം നൽകാതെ ഭൂമി റോഡിന് വേണ്ടി കൈയ്യേറിയെന്നാണ് എല്ലാവരുടെയും പരാതി.ഇതിൽ ഒരു കേസിൽ വയനാട് ജില്ലാ കലക്ടർ എ.ആർ.അജയകുമാറിന് ഹൈകോടതി നോട്ടീസ് അയച്ചു. പിണങ്ങോട് സ്വദേശി കോട്ടായി ഹാരിസ് നൽകിയ കേസിൽ നടപടികളെക്കുറിച്ച് സത്യവാങ്ങ് മൂലം സമർപ്പിക്കാനും കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ വല്ല കാരണവും ഉണ്ടങ്കിൽ ബോധിപ്പിക്കാനുമാണ് ഹൈകോടതി ജഡ്ജി അലക്സാണ്ടർ തോമസ് കലക്ടർക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. . കഴിഞ്ഞ 16 ന് അയച്ച നോട്ടീസ് പ്രകാരം സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കലക്ടർക്ക് രണ്ടാഴ്ച സമയമാണുള്ളത്.
പാവപ്പെട്ട ആളുകളുടെ ഭൂമി നിയമാനുസൃതമല്ലാതെയും ന്യായമായ നഷ്ട പരിഹാരം നൽകാതെയും റോഡ് വീതി കൂട്ടുന്നതിനായി കൈയ്യേറിയത് സർക്കാർ സ്പോൺസേർഡ് വഞ്ചനയാണന്ന് ഇവർക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്ന അഡ്വ: പി.ബി.പ്രദീപിന്റെ വാദം. ഭരണഘടനയുടെ ആർട്ടിക്കിൾ 300 (A) പ്രകാരം ഭൂവുടമക്കുള്ള അവകാശ പ്രകാരമാണ് 75 പേരും ഓരോ കേസായി കോടതിയെ സമീപിച്ചത്. കോടതി ഇവർക്ക് അനുകൂലമാകുന്നതോടെ കൂടുതൽ പേർ കേസുമായി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ റോഡിന്റെ നിർമ്മാണ ജോലികൾ ഇനിയും വൈകും.





Leave a Reply