March 28, 2024

ബ്രഹ്മഗിരി ഡിജിറ്റൽ ഔട്ട്ലെറ്റിന് തുടക്കം :ആധുനിക കാലഘട്ടത്തിൽ കർഷകരെ സഹായിക്കാൻ ഇ-മാർക്കറ്റ് അനിവാര്യം – മന്ത്രി ഡോ. തോമസ് ഐസക്

0
Img 20200815 Wa0527.jpg
 :
ആധുനിക കാലഘട്ടത്തിൽ കർഷകരെ സഹായിക്കാൻ ഇ-മാർക്കറ്റ് സംവിധാനം അനിവാര്യമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ബ്രഹ്മഗിരിയുടെ ഓൺലൈൻ വിപണന സംവിധാനമായ ഫാർമേഴ്സ് ട്രേഡ് മാർക്കറ്റിൻ്റെ (എഫ്.ടി.എം.) ഡിജിറ്റൽ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചെറുകിട കർഷിക ഉത്പ്പാദന വ്യവസ്ഥയിൽ സുസ്ഥിര വികസനം സാധ്യമാകേണ്ടതുണ്ട്. ഇതിനായാണ് സംസ്ഥാന സർക്കാർ 'സുഭിക്ഷ കേരളം' പദ്ധതി നടപ്പിലാക്കുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കർഷകർ കൃഷിയെ മാത്രം ആശ്രയിച്ചല്ല ജീവിക്കുന്നത്. കാർഷിക ഉത്പ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനാകാത്തതാണ് ഇതിന് കാരണം. ഇത് തിരിച്ചറിഞ്ഞാണ് കർഷകനേയും വിപണിയേയും ബന്ധിപ്പിക്കുന്ന തരത്തിൽ ബ്രഹ്മഗിരി പ്രവർത്തിക്കുന്നത്. കാർഷിക ഉത്പ്പന്നങ്ങളും അവയിൽ നിന്നുമുള്ള മൂല്യവർദ്ധിത ഉത്പ്പന്നങ്ങളും ഓൺലൈൻ വിപണിയിലെത്തിക്കുകയെന്നത് മാതൃകാപരമായ പ്രവർത്തനമാണെന്നും മന്ത്രി പറഞ്ഞു. 
സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയിൽ കർഷകർക്ക് സ്ഥിര വിപണിയും  ഉയർന്ന വിലയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ്  ബ്രഹ്മഗിരി ഫാർമേഴ്സ് ട്രേഡ് മാർക്കറ്റിന് തുടക്കം കുറിക്കുന്നത്. ഇ.ആർ.പി സോഫ്റ്റ് വെയർ പിന്തുണയോടുകൂടി നിലവിലെ ബ്രഹ്മഗിരിയുടെ 44 മലബാർ മീറ്റ് ഔട്ട്ലെറ്റുകളെ ഇതിനായി ഉപയോഗപ്പെടുത്തും. ഇടനിലക്കാരില്ലാതെ പ്രാദേശിക കർഷകരിൽ നിന്നും ഉൽ‌പന്നങ്ങൾ സംഭരിക്കുകയും വിപണനം നടത്തി ലാഭ വിഹിതം കർഷകരിൽ എത്തിക്കുകയുമാണ് എഫ്.ടി.എം.ലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ മലബാർ മീറ്റ് ഉൽപ്പന്നങ്ങളും ബ്രഹ്മഗിരി കോഫിയും വയനാടിൽ ലഭ്യമാകും. രണ്ടാം ഘട്ടത്തിൽ കൂടുതൽ ഉൽപ്പന്നങ്ങളോടെ കാസർകോഡ് മുതൽ പാലക്കാട് വരെ എഫ്.ടി.എം. വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തിൽ കേരളം മുഴുവനായും എഫ്.ടി.എം. സേവനം ലഭ്യമാക്കുകയാണ് ബ്രഹ്മഗിരിയുടെ ലക്ഷ്യം. മൊബൈൽ അപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് സാധനം ഓർഡർ ചെയ്യാനാകും. നിശ്ചിത സമയത്തിനുള്ളിൽ ഹോം ഡെലിവറി സംവിധാനം വഴി സാധനങ്ങൾ വീട്ടിലെത്തിക്കുന്നതാണ് എഫ്. ടി.എം.ൻ്റെ പ്രവർത്തന രീതി. 
സി.കെ. ശശീന്ദ്രൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി  വി എസ്  സുനിൽകുമാർ എഫ് ടി എം ലോഗോ  പ്രകാശനം നടത്തി.  സുൽത്താൻ  ബത്തേരി എം എൽ എ  ഐ.സി. ബാലകൃഷണന്  ആദ്യ വില്പന നടത്തി സുൽത്താൻ ബത്തേരി ഔട്ലെറ്റിൽ വിപണന ഉദ്‌ഘാടനം നടത്തി.  ഒ.ആർ. കേളു എം.എൽ.എ, ബ്രഹ്മഗിരി ഡെവലപ്മെൻ്റ് സൊസൈറ്റി ചെയർമാൻ പി. കൃഷ്ണപ്രസാദ്, വിവിധ കർഷക സംഘടന നേതാക്കളായ കെ.എൻ. ബാലഗോപാൽ , വി.എൻ. ശശീന്ദ്രൻ, ചാമുണ്ണി, കെ.ടി. വിപിൻ, ശ്യാംസുന്ദർ, എൻ.ഒ. ദേവസ്യ, സി.ഐ.ടി.യു. ദേശീയ സെക്രട്ടറി എ.ആർ. സിന്ധു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ബ്രഹ്മഗിരി  സിഇഒ  പി എസ്  ബാബുരാജ്  ചടങ്ങിൽ  പങ്കെടുത്തവർക്ക്  നന്ദി  പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *