June 17, 2026

സംരക്ഷണ യജ്ഞം ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ മികച്ച മാതൃക: മുഖ്യമന്ത്രി

0
IMG-20201012-WA0284.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായതിന്റെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
കിഫ്ബിയില്‍ നിന്ന് 793.5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയതെങ്കിലും 595 കോടി രൂപയ്ക്ക് പണി പൂര്‍ത്തിയാക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായി. ക്ലാസ് മുറികളുടെ തറയും സീലിങും നിര്‍മാണവും വൈദ്യുതീകരണവുമെല്ലാം വലിയ തോതിലുള്ള പ്രാദേശിക ഇടപെടലോടെയാണ് പൂര്‍ത്തിയാക്കിയത്. 135.5 കോടി രൂപയാണ് നാടിന്റെ വകയായി പദ്ധതിയില്‍ ചെലവഴിച്ചത്. ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങി വിദ്യാഭ്യാസ തത്പരരായ മുഴുവന്‍ ജനങ്ങളും സഹകരിച്ചു. ഈ പദ്ധതിയുടെ ഭാഗമാവുകയും സഹകരിക്കുകയും ചെയ്ത എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. 
പൊതുസംവിധാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്ന കാഴ്ചയാണ് ലോകമാകെയുള്ളത്. അത്തരം ഘട്ടത്തിലാണ് കേരള സര്‍ക്കാര്‍ ഇടപെട്ട് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സാധ്യമാക്കിയിരിക്കുന്നത്. ഇത് ലോകത്തിന്റെ ഭാവിയെ കരുതിയുള്ള ചുവടുവയ്പ്പാണ്. ഇതിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. സ്‌കൂളുകളുടെ ഭൗതിക സാഹചര്യത്തില്‍ മാത്രമല്ല, അക്കാഡമിക് തലത്തിലും വലിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങളോടു കിടപിടിക്കും വിധം നമ്മുടെ ഗ്രാമങ്ങളിലെ വിദ്യാലയങ്ങള്‍ മാറിക്കഴിഞ്ഞു. നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്കാണ് ഇതിന്റെ ഗുണം. ഇത് നാടിന്റെ നേട്ടമാണെന്നും ഭാവിതലമുറയ്ക്ക് ഏറ്റവും ഗുണം ഉണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
രണ്ടു ലക്ഷം ലാപ്‌ടോപ്പുകളാണ് പദ്ധതിയുടെ ഭാഗമായി കൈറ്റ് വിതരണം ചെയ്തത്. ഇതില്‍ പൂര്‍ണമായി സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചതിലൂടെ 3000 കോടി രൂപയുടെ ലാഭമാണുണ്ടായത്. ഇത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഇപ്പോള്‍ കൈവരിച്ചിരിക്കുന്ന മികവ് നില്‍നിര്‍ത്താനാവണം. ഇതിന് മുന്‍കൈ എടുക്കേണ്ടത് അധ്യാപക സമൂഹമാണ്. നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മികച്ച വിദ്യാഭ്യാസം നല്‍കാന്‍ അധ്യാപകര്‍ക്ക് കഴിയണം. ഇതിന് പരമ്പരാഗത ബോധന രീതിയില്‍ മാറ്റം വേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ക്ക് നവസാങ്കേതികാധിഷ്ഠിത ബോധനം നല്‍കാനാവണം. 
ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളോടുള്ള കാഴ്ചപ്പാട് മാറിയിട്ടുണ്ട്. നേരത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ശോഷിക്കുന്ന സ്ഥിതിയായിരുന്നു. വലിയ ആശങ്ക നിലനില്‍ക്കുന്ന അവസരത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇതിനെത്തുടര്‍ന്നാണ് അഞ്ചു ലക്ഷം കുട്ടികള്‍ പുതിയതായി പൊതുവിദ്യാലയങ്ങളിലെത്തിയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, ഡോ. ടി.എം. തോമസ് ഐസക്ക്, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, കെ.കെ. ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇതോടൊപ്പം വയനാട് ജില്ലയിലെ സ്‌കൂളുകളും സമ്പൂര്‍ണ ഡിജിറ്റലായി പ്രഖ്യാപിച്ചു. ജില്ലയില്‍ വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. എല്ലാ വിദ്യാലയങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പ്രഖ്യാപനങ്ങള്‍ നടന്നത്. കല്പറ്റ നിയോജകമണ്ഡലത്തില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ജി വി എച്ച് എസ് എസ് കല്പറ്റയിലും സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ജി എച്ച് എസ് എസ് മൂലങ്കാവിലും മാനന്തവാടി നിയോജകമണ്ഡലത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ ജി വി എച്ച് എസ് എസ് മാനന്തവാടിയിലും നിയോജകമണ്ഡലതല പ്രഖ്യാപനങ്ങള്‍ നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നസീമ കെ ബി. കല്പറ്റ എസ് കെ എം ജെ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ ജില്ലാതല പ്രഖ്യാപനവും നടത്തി. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും വിവിധ വിദ്യാലയങ്ങളില്‍ ഡിജിറ്റല്‍ പ്രഖ്യാപനങ്ങള്‍ നടത്തി. വിദ്യാലയതലങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാരം രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിച്ചു. 
*ജില്ലയില്‍ 418 പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കായി*
ജില്ലയിലെ 418 സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങള്‍ ഹൈടെക്കായി. പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതിയാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പൂര്‍ത്തിയായത്. 
ജില്ലയില്‍ 263 ഹൈടെക് ലാബുകളുടെയും 155 ഹൈടെക് ക്ലാസ് മുറികളുടെയും നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 11,568 ഉപകരണങ്ങളും കൈമാറിയിട്ടുണ്ട്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നടത്തിയ പ്രദേശിക ചടങ്ങുകളില്‍ ജനപ്രതിനിധികള്‍ പങ്കെടുത്തു. കല്‍പ്പറ്റ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, കൗണ്‍സിലര്‍മാരായ വി.പി. ശോശാമ്മ, വി. ഹാരിസ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. അബ്ദുള്‍ അസീസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ പി.ടി. സജീവന്‍, ഹെഡ്മാസ്റ്റര്‍ എന്‍. സുജിത്ത്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ എം.എ. അനില്‍ കുമാര്‍, പി.ടി.എ വൈസ് പ്രസിഡന്റ് സലിം കാരാടന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് നസീറ തുടങ്ങിയവര്‍ പങ്കെടുത്തു.
മൂലങ്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, പ്രിന്‍സിപ്പാള്‍ മിനി. സി. ഇയ്യാക്കു, പി.ടി.എ പ്രസിഡന്റ് മേജോ ചാക്കോ, സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ ഇ.പി. മോഹന്‍ദാസ്, കൈറ്റ് വയനാട് മാസ്റ്റര്‍ ട്രെയ്നര്‍ പി. ഹസീന, ഹെഡ്മാസ്റ്റര്‍ എം. റോസ്മേരി തുടങ്ങിയവര്‍ പങ്കെടുത്തു.
മാനന്തവാടി മണ്ഡലത്തിലെ ജി.വി. എച്ച്. എസ് സ്‌കൂളില്‍ ഒ.ആര്‍. കേളു. എം. എല്‍. എ. പ്രഖ്യാപനം നടത്തി. മാനന്തവാടി നഗര സഭ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ് അധ്യക്ഷനായി. ജില്ലയില്‍ ഹൈടെക് പദ്ധതികളില്‍ കൈറ്റ് ഏറ്റവും കൂടുതല്‍ ഐ.ടി ഉപകരണങ്ങള്‍ വിന്യസിച്ചത് ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയില്‍  ആണ്. 263 ഐ. ടി. ഉപകരണങ്ങളാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *