April 24, 2024

ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമ്പ്രദായം ഉടന്‍ നടപ്പിലാക്കും – മന്ത്രി ജി.സുധാകരന്‍

0
സബ്രജിസ്ട്രാര്‍ ഓഫീസുകളുടെ അധികാരപരിധി പരിഗണിക്കാതെ, ജില്ലയ്ക്ക് അകത്ത് ഏത് സബ്  രജിസ്ട്രാര്‍ ഓഫീസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന എനിവെയര്‍ രജിസ്ട്രേഷന്‍ സമ്പ്രദായം ഉടന്‍ നടപ്പിലാക്കുമെന്ന് പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. 
കാഞ്ഞിരംകുളം സബ്രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്‍റെയും കടുത്തുരുത്തി, ചിറയിന്‍കീഴ് സബ്രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മ്മാണത്തിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലര വര്‍ഷം കൊണ്ട് 37 ലക്ഷത്തോളം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പതിനാലായിരത്തോളം കോടി രൂപ ഖജനാവിലേയ്ക്ക് വകുപ്പില്‍ നിന്നും സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം 69 ദിവസം സബ്രജിസ്ട്രാര്‍ ഓഫീസുകള്‍ അടഞ്ഞ് കിടന്നിട്ടും ഈ സാമ്പത്തിക വര്‍ഷം 1022 കോടി രൂപ സമാഹരിക്കാനും സാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായി രജിസ്ട്രേഷന്‍ വകുപ്പില്‍ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നതിനും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായി കിഫ്ബി മുഖാന്തിരം 100 കോടി രൂപ അനുവദിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 48 സബ്രജിസ്ട്രാര്‍ ഓഫീസുകളും മൂന്ന് രജിസ്ട്രേഷന്‍ കോംപ്ലക്സുകളുമാണ് നിര്‍മ്മിക്കുന്നത്. കോഴിക്കോട്, കോട്ടയം എന്നീ രണ്ട് രജിസ്ട്രേഷന്‍ സമുച്ചയങ്ങള്‍ ഉള്‍പ്പെടെ 46 കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആംരഭിച്ചു. ഇതില്‍ ഇന്ന് ഉദ്ഘാടനം ചെയ്ത കാഞ്ഞിരംകുളം ഉള്‍പ്പെടെ 21 കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഇതിന് പുറമെ പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം 13 കെട്ടിടങ്ങളും ഇക്കാലയളവില്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുമെന്നും സബ്രജിസ്ട്രാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.     
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *