April 19, 2024

കോവിഡ് പ്രതിസന്ധി; എം.എസ്.എം.ഇ വായ്പാ പലിശയിളവിന് ഓണ്‍ലൈന്‍ പോര്‍ട്ടലുമായി വ്യവസായ വകുപ്പ്

0

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ഇടത്തരം ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് വായ്പാ പലിശയില്‍ സബ്സിഡി അനുവദിക്കുന്നതിന് പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംസ്ഥാന വ്യവസായ വകുപ്പ് പുറത്തിറക്കി. സംസ്ഥാന വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. വ്യവസായങ്ങള്‍ക്ക് വായ്പാ പലിശയില്‍ 60,000 രൂപയോളം ഇളവ് ലഭിക്കുന്നതാണ് പദ്ധതി.


കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച വ്യവസായ ഭദ്രതാപാക്കേജിലാണ് വായ്പാ പലിശയ്ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന മൂലധന-നിശ്ചിത കാലയളവ് വായ്പയ്ക്കും പലിശ ഇളവ് നല്‍കും. എംഎസ്എംഇ മേഖലയ്ക്ക് ആശ്വാസം നല്‍കുന്നതിന് വിവിധ വ്യവസായ പ്രതിനിധികളും വ്യവസായ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ടേം ലോണിനും, പ്രവര്‍ത്തന മൂലധന വായ്പയിലും പലിശ ധനസഹായം നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ ഈ സാമ്പത്തിക വര്‍ഷം 37.65 കോടി രൂപ ധന പുനര്‍വിനിയോഗത്തിലൂടെ അനുവദിച്ചു.

പാക്കേജ് പ്രകാരം 2020 ഏപ്രില്‍ ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെ അധിക പ്രവര്‍ത്തന മൂലധനത്തിനോ / അധിക ടേം ലോണിനോ അല്ലെങ്കില്‍ രണ്ട് വായ്പയും കൂടിയോ എടുത്തിട്ടുള്ള എംഎസ്എംഇ യൂണിറ്റുകള്‍ക്ക് ആറു മാസത്തെ പലിശയുടെ 50% വച്ച് പരമാവധി ഒരു വായ്പയ്ക്ക് 30,000 രൂപയും രണ്ട് വായ്പയുണ്ടെങ്കിൽ  60,000 രൂപയും  പലിശ സബ്സിഡിയായി അനുവദിക്കും. കോവിഡ് 19 ന്‍റെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഇസിഎല്‍ജിഎസ് പ്രകാരം വായ്പ ലഭിച്ചിട്ടുള്ള എംഎസ്എംഇ കള്‍ക്കും വ്യവസായ വകുപ്പിന്‍റെ ഈ പദ്ധതി പ്രകാരം പലിശ സബ്സിഡി ലഭിക്കും.

പലിശയിളവ് പദ്ധതിക്കായി വ്യവസായ വാണിജ്യ ഡയറക്ട്രേറ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ www.industry.kerala.gov.in ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഗുണഭോക്താവിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. വ്യവസായ വികസന ഓഫീസറുടെ ശുപാര്‍ശ സഹിതം പോര്‍ട്ടല്‍ വഴി അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് കൈമാറും. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കുന്ന അപേക്ഷ, തുക അനുവദിച്ച് കൈമാറിയതിന് ശേഷം അനുമതി വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തി ജനറല്‍ മാനേജര്‍ അപേക്ഷ തീര്‍പ്പാക്കും. അപേക്ഷകന് അവരുടെ അപേക്ഷയുടെ തല്‍സ്ഥിതി അതാത് ലോഗിന്‍ പേജിലും കാണാന്‍ കഴിയും. 

നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ള ബാങ്കുകള്‍ 1,04,588 അക്കൗണ്ടുകള്‍ വഴി 4863.53 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉത്പാദന മേഖലയിലുള്ള 50,000 ത്തില്‍ പരം എംഎസ്എംഇ യൂണിറ്റുകള്‍ക്ക് ഈ പദ്ധതി പ്രയോജനകരമാകും. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതി സുതാര്യമായും  സമയബന്ധിതമായും വ്യവസായികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ആവിഷ്കരിച്ചത്. 

വ്യവസായ വാണിജ്യ-നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഐ.എ.എസ്, വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി  എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ .എം.ജി. രാജമാണിക്യം ഐ.എ.എസ്, കെ.എസ്.ഐ.ഡി.സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ .എന്‍.എസ്.കെ. ഉമേഷ് ഐ.എ.എസ്, വ്യവസായ വാണിജ്യ അഡീഷണല്‍ ഡയറക്ടര്‍ . രമേഷ്    ചന്ദ്രന്‍ ആര്‍, കെബിപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍,   സൂരജ് എസ്. എന്നിവര്‍ സന്നിഹിതരായിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *