പിണറായി സര്‍ക്കാര്‍ വയനാടന്‍ ജനതയെ വിഡ്ഡികളാക്കുന്നു: മുസ്ലിം ലീഗ്
കല്‍പ്പറ്റ: വയനാട് ജില്ലയിലെ ജനങ്ങളോടും ജനപ്രതിനിധിതകളോടും വഞ്ചനാപരമായ നിലപാടാണ് ഇടതുസര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷമായി തുടരുന്നതെന്നും പ്രയോഗികമല്ലാത്ത വികസനപ്രഖ്യാപനങ്ങള്‍ നടത്തി വയനാടന്‍ ജനതയെ വിഡ്ഡികളാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മൂന്നരപതിറ്റാണ്ട് കാലമായി വയനാടന്‍ ജനങ്ങളുടെ മുന്നിലുള്ള വികസനസ്വപ്നങ്ങള്‍ എല്ലാം സാധ്യമാക്കും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍, ആരംഭിച്ച പദ്ധതികള്‍ പോലും അട്ടിമറിക്കുകയാണ് ചെയ്തത്. അധികാരത്തിലെത്തിയാല്‍ ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ആവര്‍ത്തിക്കപ്പെടുന്ന പ്രഖ്യാപനങ്ങളിലൊടുങ്ങുകയാണ്. മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ രാഷ്ട്രീയ പിന്തുണയും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ സര്‍ക്കാരിന് നല്‍കിയിട്ടും മെഡിക്കല്‍ കോളജ് വിഷയത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുകയാണ്. മഹാഭൂരിപക്ഷം ആദിവാസികളും സാധാരണക്കാരും ജീവിക്കുന്ന ഒരു നാടിന്‍റെ സ്വപ്ന പദ്ധതി, ഒരു ജനാധിപത്യസര്‍ക്കാര്‍ എവ്വിധം ഇല്ലാതാക്കുന്നുവെന്നതിന്‍റെ മികച്ച ഉദാഹരണമായിരുന്നു മടക്കിമലയില്‍ പ്രഖ്യാപിച്ച വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. ഡി.പി.ആര്‍ പൂര്‍ത്തിയാക്കുകയും 69 കോടി രൂപ അനുവദിക്കുകയും ചെയ്ത ഒരു വന്‍പദ്ധതി രാഷ്ട്രീയകാരണങ്ങള്‍ കൊണ്ട് മാത്രം പാതിവഴിയില്‍ ഉപേക്ഷിച്ചമ്പോള്‍ വിദഗ്ധ ചികിത്സക്കായുള്ള യാത്രക്കിടെ വഴിയില്‍ പിടഞ്ഞുതീര്‍ന്നത് നിസ്സഹായരായ മനുഷ്യജീവനുകളാണ്. എത്രയം പെട്ടെന്ന് മെഡിക്കല്‍ കോളജ് സാധ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വയനാട് ബദല്‍ റോഡുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച തുരങ്കപാത ജനങ്ങളെ പറ്റിക്കുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.യാതൊരു പാരിസ്ഥിതിക അനുമതിയുമില്ലാത്ത പദ്ധതി മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് വയനാടന്‍ ജനതയെ അപമാനിക്കുന്നതിന് തുല്യമാണ്. ബദല്‍ പാതകള്‍, രാത്രിയാത്രാ നിരോധനം കാര്‍ഷിക പാക്കേജ്, തോട്ടം തൊഴിലാളികളുടെ താമസവും കൂലിയും തുടങ്ങിയ വിഷയങ്ങില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നുവെന്ന് യോഗം വിലയിരുത്തി. വിശദ പദ്ധതി രേഖക്കുള്ള(ഡി.പി.ആര്‍) അനുമതി ലഭിച്ചിട്ടും അനുവദിച്ച തുകപോലും നല്‍കാതെ ഉപേക്ഷിച്ച നഞ്ചന്‍കോഡ് വയനാട് നിലമ്പൂര്‍ റെയില്‍പാത, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഗ്ലെന്‍ലെവല്‍ എസ്റ്റേറ്റിലെ 75 ഏക്കര്‍ സ്ഥലത്ത് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉപകേന്ദ്രം, യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ച മക്കിമല മുനീശ്വരന്‍ കുന്നിലെ എന്‍.സി.സി അക്കാദമി, ജില്ലയിലെ വന്യമൃഗ സങ്കേതങ്ങളോട് ചേര്‍ന്ന് താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളാണ് ഇടതു സര്‍ക്കാര്‍ വയാനിട് നിഷേധിച്ചത്. ആദിവാസി വികസന മേഖലയില്‍ യു.ഡി.എഫ് കൊണ്ടുവന്ന എ.ടി.എസ്.പി പദ്ധതി അട്ടിമറിക്കുകയും തദ്ദേശ സ്ഥപാനങ്ങളിലേക്ക് നല്‍കിയ തുക സര്‍ക്കാര്‍ തിരിച്ചെടുത്ത് ആദിവാസി വികസനത്തിന് തുരങ്കം വെക്കുകയും ചെയ്ത സര്‍ക്കാര്‍ വയനാടിന്‍റെ ശാപമായി മാറിയിരിക്കുകയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്‍റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, പി. ഇബ്രാഹിം മാസ്റ്റര്‍, എം. മുഹമ്മദ് ബഷീര്‍, സി. മൊയ്തീന്‍ കുട്ടി, കെ. നൂറുദ്ദീന്‍, യഹ്യാഖാന്‍ തലക്കല്‍, റസാഖ് കല്‍പ്പറ്റ, എന്‍. നിസാര്‍ അഹമ്മദ്, ടി.ഹംസ പി.കെ അസ്മത്ത് സംസാരിച്ചു.



Leave a Reply