‘പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍ക്കപ്പുറം’;പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിക്കും
കൽപ്പറ്റ : 22 വര്‍ഷമായി വയനാട്ടിലെ അശരണരുടെ ആലംബമായി പ്രവര്‍ത്തിക്കുന്ന വയനാട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ ഇത്തവണത്തെ പാലിയേറ്റീവ് ദിനാചരണം 'പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍ക്കപ്പുറം' എന്ന ശീര്‍ഷകത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാന്‍സര്‍, ഏയിഡ്‌സ്, പി.വി.ഡി, പാരാപ്ലീജിയ, പക്ഷാഘാതം, കിഡ്‌നി രോഗികള്‍, മാനസിക രോഗികള്‍, വാര്‍ധക്യസഹചകമായി കിടപ്പിലായവര്‍ തുടങ്ങിയ രോഗികള്‍ക്കായി വീടുകളില്‍ ചെന്ന് സാന്ത്വന പരിചരണം നല്‍കിവരികയാണ് ജില്ലയിലെ വിവിധയിടങ്ങളിലായുള്ള 16 പാലിയേറ്റീവ് കെയറുകള്‍. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം പാലിയേറ്റീവ് കെയറുകളില്‍ രജിസ്റ്റര്‍ ചെയ്തത് 4576 രോഗികളാണ്. കാന്‍സര്‍ 848, സി.വി.എ 625, പി.വി.ഡി 235, പാരാപ്ലീജിയ 168, എച്ച്.ഐ.വി 32, കിഡ്‌നി രോഗികള്‍ 467, വാര്‍ധക്യസഹച രോഗികള്‍ 968, മാനസിക രോഗികള്‍ 514, മറ്റ്് രോഗങ്ങളുള്ളവര്‍ 719 പേര്‍ എന്നതാണ് പാലിയേറ്റീവ് കെയറില്‍ രജിസ്റ്ററില്‍ ചെയ്ത രോഗികളുടെ എണ്ണം. കല്‍പ്പറ്റ ശാന്തി, മേപ്പാടി ജ്യോതി, വെള്ളമുണ്ട പാലിയേറ്റീവ് കെയര്‍ എന്നിവവര്‍ നേരിട്ട് നടത്തുന്ന ഡയാലിസിസ് സെന്ററുകളിലൂടെ 100ലധികം രോഗികള്‍ക്കാണ് ആഴ്ചയില്‍ മൂന്ന് എന്ന കണക്കിന് സാമൂഹിക പങ്കാളിത്തത്തോടെ സൗജന്യ ഡയാലിസിസ് നടത്തുന്നത്. ജില്ലയിലെ മാറാ രോഗികള്‍ വിദഗ്ദ ചികിത്സക്ക് ഇപ്പോഴും അന്യ ജില്ലകളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും ഇതിനൊരു പരിഹാരം കാണാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ജില്ലാ ഭരണകൂടം അതിന് മുന്‍കൈയെടുക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വയനാട് ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ ഗഫൂര്‍ താനേരി, ജനറല്‍ സെക്രട്ടറി സി.എച്ച് സുബൈര്‍, ഇസ്മയില്‍ തൈവളപ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.





Leave a Reply