April 20, 2024

കാൻ കോൺ: അന്തർദേശീയ കാൻസർ സമ്മേളനം നാളെ മുതൽ വയനാട്ടിൽ

0
Img 20220901 Wa00642.jpg
കൽപ്പറ്റ: എം വി ആർ കാൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 'കാൻ കോൺ ' എന്ന പേരിൽ അന്തർദേശീയ കാൻസർ സമ്മേളനം നടത്തുന്നു. 2022 സെപ്റ്റംബർ ഒന്ന്  മുതൽ നാലാം  തിയ്യതി വരെ നാല് ദിവസങ്ങളിലായിട്ടാണ് സമ്മേളനം നടത്തുന്നത്. പതിവിന് വിഭിന്നമായി ഈ വർഷം എം.വി.ആർ കാൻസർ സെന്ററിലും, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലെ സപ്ത കൺവെൻഷൻ സെന്ററിലുമാണ് സമ്മേളനം നടത്തുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സെപ്തംബർ ഒന്നാം  തിയ്യതി എം.വി.ആർ കാൻസർ സെന്ററിൽ വെച്ച് വർക്ഷോപ്പുകളും രണ്ട് , മൂന്ന് , നാല്  തിയ്യതികളിൽ സപ്തകൺവെൻഷൻ സെന്ററിൽ സജ്ജീകരിക്കപ്പെട്ട മൂന്നു ഹാളുകളിൽ ആയാണ് സെമിനാറുകളും, ചർച്ചകളും, പ്രബന്ധങ്ങളും, വാഗ്വാദങ്ങളും അടങ്ങുന്ന സമ്മേളനം നടക്കുന്നത്. ഇത് മൂന്നാമത്തെ തവണയാണ് എം വി ആർ കാൻസർ സെന്റർ കാൻസറിനെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. ഇതിനു മുമ്പ് 2018, 2019ലും ആണ് 'കാൻ കോൺ  നടത്തിയത്. 2020, 21 വർഷങ്ങൾ കോവിഡ് മഹാമാരിയെ തുടർന്ന് 'കാൻ കോൺ ' നടത്താൻ സാധിച്ചില്ല.
എം വി ആർ കാൻസർ സെന്ററിന്റെ ചെയർമാൻ വിജയകൃഷ്ണനും മെഡിക്കൽ ഡയറക്ടറും പ്രശസ്ത കാൻസർ ചികിത്സകനും ആയ ഡോക്ടർ നാരായണൻ കുട്ടി വാരിയരും ആണ് ഈ സമ്മേളനത്തിന് നേതൃത്വം നൽകുന്നത് '. എം വി ആർ കാൻസർ സെന്ററിലെ കാൻസർ വിദഗ്ദർ ആയ ഡോക്ടർ പ്രശാന്ത് പരമേശ്വരൻ, ഡോക്ടർ ദീപക് ദാമോദരൻ, ഡോക്ടർ ഷംസുദ്ദീൻ എന്നിവരാണ് സമ്മേളനത്തിന്റെ പ്രധാന സംഘാടകർ.
കേരള മെഡിക്കൽ സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫസ്സർ ഡോ: മോഹനൻ കുന്നുമ്മൽ ആണ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും മറ്റു ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വിദഗ്ദരായ കാൻസർ ചികിത്സകരും കാൻസർ മേഖലയിൽ ഗവേഷണം നടത്തുന്നവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട് . ഇന്ത്യയിലെ പ്രധാനപ്പെട്ട കാൻസർ ചികിത്സാകേന്ദ്രങ്ങളിലെ പ്രശസ്തരായ കാൻസർ ചികിത്സകരും കാൻസർ ചികിത്സയിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികളും ഈ സമ്മേളനത്തിൽ ഭാഗഭാക്കാവുന്നുണ്ടന്ന് ഇവർ പറഞ്ഞു.
 കാൻസർ ഏറ്റവും ഫലപ്രദമായി ചികിൽസിച്ചു മാറ്റാൻ സാധിക്കുന്നത് അതിന്റെ പ്രാരംഭ ദശയിലാണ്. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയും ഇത്തരം സ്റ്റേജിൽ കാൻസർ കണ്ടെത്തുക എന്നതാണ്. കാൻസർ നേരത്തെ കണ്ടു പിടിക്കുന്നതിനും അതിനെ ഫലപ്രദമായി ചികിൽസിക്കുന്നതിനും ഇന്ന് ലോകത്തുള്ള നൂതന ചികിത്സാ വിധികളെക്കുറിച്ചും അത്യന്താധുനിക ടെക്നോളോജികളെ കുറിച്ചുമാണ് ഈ സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്. ആധുനിക ടെക്നോളജികളെ കുറിച്ച് ചർച്ച ചെയ്യാനും പ്രബന്ധങ്ങൾ അവതരിപ്പിക്കാനും വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും ഉള്ള ബയോടെക്നോളജി വിദഗ്ദരും, എൻജിനീയർമാരും, നാനോ ടെക്നോളജി, മോളിക്യുലാർ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിലെ വിദഗ്ദരും ഈ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. ഇതോടൊപ്പം ശസ്ത്രക്രിയ, തീവ പരിചരണ വിഭാഗം, കുട്ടികളിലെ കാൻസർ തുടങ്ങിയ ചികിത്സ മേഖലകളിലെ നൂതനവും സങ്കീർണത ഏറിയതും ആയ ചികിത്സാ മാർഗ്ഗങ്ങളെ കുറിച്ച് വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ വർക്ക്ഷോപ്പുകളും നടക്കുന്നുണ്ട്. കൂടാതെ വിദേശത്തും ഇന്ത്യയിലുമായി കാൻസർ ചികിത്സ രംഗത്ത് നടന്ന അൻപതിൽ അധികം പഠനങ്ങളും ആ പഠനങ്ങളുടെ റിസൾട്ടുകളും കോൺഫറൻസിൽ പ്രത്യേകമായി ചർച്ച ചെയ്യുന്നുണ്ട്
എം.വി.ആർ കാൻസർ സെന്റർ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ കാൻസർ രജിസ്ട്രി ഈ സമ്മേളനത്തിനോടനുബന്ധിച്ച് പുറത്തിറക്കുന്നു. ഡോ.പ്രശാന്ത് മാത്തൂരാണ് (ഡയരക്ടർ ഐ സി എം ആർ -എൻ സി ഡി ഐ ആർ ) ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രകാശനം ചെയ്യുന്നത്.
എം വി ആർ കാൻസർ സെന്ററിനെ കൂടാതെ ഐ.എം.എ. (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ), ഐ.എ. പി.( ഇന്ത്യൻ അസോസിയേഷൻ പിടിയാടിക്സ്), 
കെ.എ. എസ്.ഒ.( കേരള അസോസിയേഷൻ ഓഫ് സർജിക്കൽ അസോസിയേഷൻ ഓൻ കോളജി ) ,എ.എം. പി.ഒ.കെ.
(അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻ്റ് പിടിയാട്രിക് ഓൺ കോളജി ഓഫ് കേരള )
എന്നീ സംഘടനകളും ഈ അന്താരാഷ്ട്ര സമ്മേളനത്തിൽ കൈ കോർക്കുന്നുണ്ട്.
കാൻസർ രോഗങ്ങൾ പിടി മുറുക്കുമ്പോൾ ,പ്രാരംഭ ദിശയിൽ അവ കണ്ടെത്തി പ്രതിരോധം തീർത്ത് തടയിടാൻ ഉള്ള തന്ത്രപ്രധാനമായ ചർച്ചകൾക്കാണ് സമ്മേളനം വേദിയാകുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *