June 5, 2023

ജില്ലാതല സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷം 25 ന്

0
IMG-20220923-WA00552.jpg
പനമരം : സമസ്തമേഖലയിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ജില്ലാതല സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷം സെപ്തംബര്‍ 25 ന് കൈറ്റ് ജില്ലാ ഓഫീസ് പനമരം ഹൈസ്‌കൂള്‍ ക്യാമ്പസില്‍ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റും സ്വാതന്ത്ര്യ വിജ്ഞാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എ.കെ.എഫ്-ഉം സംയുക്തമായാണ് രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ദിനാചരണം സംഘടിപ്പിക്കുന്നത്. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. തുടര്‍ന്ന് ജില്ലയില്‍ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് എന്ന വിഷയത്തെക്കുറിച്ച് പരിശീലനം സംഘടിപ്പിക്കും. വിക്കിപീഡിയയുടെ മാതൃകയില്‍ പൊതുജനപങ്കാളിത്തത്തോടെ തയ്യാറാക്കുന്ന ഓണ്‍ലൈന്‍ ഭൂപടമാണ് ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് .
ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ പൊതുജനങ്ങള്‍ക്കായി ഓപ്പണ്‍ സെഷനുകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്ന ഇന്‍സ്റ്റാള്‍ ഫെസ്റ്റും സംഘടിപ്പിക്കും. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിന പോര്‍ട്ടലായ www.kite.kerala.gov.in/SFDay2022 വഴി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്ക് ജില്ലയില്‍ സൗജന്യമായി പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരവും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പതിനാലു ജില്ലകളില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് നടത്തുന്ന പരിശീലന പരിപാടികളും പോര്‍ട്ടലില്‍ തത്സമയം ലൈവായി നല്‍കും.
ജില്ലയിലെ പരിശീലന പരിപാടിയില്‍ പേരാമ്പ്ര ഗവ. കോളേജ് അസോ.പ്രൊഫ. ഡോ. കെ.പി. പ്രിയദര്‍ശന്‍ മുഖ്യാതിഥിയാകും. റിസോഴ്‌സ് പേഴ്‌സണ്‍ ഓപ്പണ്‍ ഡേറ്റ കേരള ഫൗണ്ടര്‍ മനോജ് കരിങ്ങാമഠത്തില്‍ വിഷയാവതരണം നടത്തും. കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ സി. മുഹമ്മദലി, ഡി.എ.കെ.എഫ് ജില്ലാ കോര്‍ഡിനേറ്റര്‍ ഗവ. എന്‍ജിനിയറിങ് കോളേജ് വയനാട് അസിസ്റ്റന്റ് പ്രൊഫ. കെ.പി. ഷബീര്‍, കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ ഇ.വി. പ്രിയ തുടങ്ങിയവര്‍ ജില്ലയിലെ പരിശീലനത്തിന് നേതൃത്വം നല്‍കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *