April 17, 2024

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

0
Img 20220927 Wa00522.jpg
അമ്പലവയല്‍:അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ ക്ഷേമ- അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനവും അക്കാദമിക് ബ്ലോക്ക്, മാതൃകാ പരിശീലന യൂണിറ്റ് എന്നിവയുടെ ശിലാസ്ഥാപനവും മന്ത്രി നിര്‍വ്വഹിച്ചു. ജില്ലയില്‍ കാര്‍ഷിക വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി മാതൃകാ തേന്‍ സംസ്‌കരണ യൂണിറ്റ്, ശീതീകരണ യൂണിറ്റ്, കൂണ്‍വിത്ത് ഉത്പാദന കേന്ദ്രം എന്നിവയും ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ പരിപാടി ഉദ്ഘാടനവും പുഷ്പ വിള നടീല്‍ വസ്തുക്കളുടെ വിതരണം, ആദിവാസി കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈ- ആട്ടിന്‍ കുട്ടികള്‍ എന്നിവയുടെ വിതരണോദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു.
ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ആട്ടിന്‍കുട്ടികളും തെങ്ങിന്‍ തൈകളും വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി 2000 തെങ്ങിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. തിരുനെല്ലി തേന്‍ സംസ്‌കരണ യൂണിറ്റിലൂടെ ബ്രാന്റ് ചെയ്ത തേനിന്റെ ആദ്യ വില്‍പ്പന മന്ത്രി നിര്‍വഹിച്ചു. തിരുനെല്ലി പട്ടികവര്‍ഗ്ഗ സേവന സംഘം പ്രസിഡന്റ് എന്‍.ബി. വിജയന്‍, സെക്രട്ടറി ഇ.എസ്. സുനോജ് എന്നിവര്‍ ഏറ്റുവാങ്ങി. കൂണ്‍ കര്‍ഷക ബീന ശശി കൂണ്‍ വിത്തും ചന്ദ്രമതി നെല്ലാറ ആടിന്‍ കുട്ടിയെയും ധനേഷ് നെല്ലാറ തെങ്ങിന്‍ തൈയ്യും പുഷ്പ കര്‍ഷകന്‍ ജേക്കബ് വാണിജ്യ മൂല്യമുള്ള അലങ്കാര സസ്യങ്ങളുടെ നടീല്‍ വസ്തുകളും മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
കുരുമുളക് കര്‍ഷകന്‍ എ. ബാലകൃഷ്ണന്‍, വന്യഓര്‍ക്കിഡ് സംരക്ഷണത്തിലുടെ ശ്രദ്ധേയമായ കര്‍ഷകന്‍ വി.യു. സാബു, ബ്രാന്‍ഡഡ് തേനിന്റെ ലോഗോ നിര്‍മ്മിച്ച കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥിനി ദിവ്യ വില്യം എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. കോളേജിലെ 2019 ബാച്ച് വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഔദ്യോഗിക ലോഗോയും മന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാഹുല്‍ഗാന്ധി എം.പി യുടെ സന്ദേശം വായിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആര്‍. ചന്ദ്രബാബു, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി, കേരള കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എ. സക്കീര്‍ ഹുസൈന്‍, അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം- കാര്‍ഷിക കോളേജ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ.കെ. അജിത്കുമാര്‍, ഇ.ജെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *