April 26, 2024

പത്താംതരം തുല്യതാ പരീക്ഷ; പുതിയപരിഷ്ക്ക്കാരത്തിനൊരുങ്ങി സാക്ഷരതാമിഷൻ

0
Img 20180208 Wa0155 1
കല്പറ്റ :സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്സിൽ മാറ്റങ്ങൾ വരുത്തുന്നു. തിരുവനന്തപുരത്ത് നടന്ന സാക്ഷരതാ മിഷൻ സംസ്ഥാന അവലോകനയോഗത്തിലാണ് തീരുമാനം. പാതിവഴിക്ക് പഠനം നിലച്ച വിവിധ പ്രായങ്ങളില് ഉള്ളവരാണ് സാക്ഷരതാമിഷന്റെ തുല്യതാ ക്ളാസുകളിൽ പഠനത്തിനായി രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ രജിസ്റ്റർ ചെയ്തവരിൽ ചിലർ പരീക്ഷയ്ക്കും ക്ളാസുകളിലും എത്തുന്നില്ല എന്ന കണ്ടെത്തതിലാണ് പത്താംതരം തുല്യതാകോഴ്സിൽ മാറ്റങ്ങൾ വരുത്തുന്നത്. 
ആത്മവിശ്വാസക്കുറവ്, അപകർഷതാ ബോധം, ലക്ഷ്യബോധത്തിന്റെ അപര്യാപ്തത തുടങ്ങിയ മാനസീകമായ കാരണങ്ങളാൽ പലരും തുല്യതാ ക്ലാസുകളിൽ നിന്നും കൊഴിഞ്ഞു പോകുന്നുണ്ട്.  പഠിതാക്കൾക്ക് നിലവിലെ പഠനകേന്ദ്രങ്ങളിലേക്കുള്ള ദൂരം, സാമ്പത്തീക പ്രശ്നങ്ങൾ, പഠനസാമഗ്രികളുടെ കുറവ് തുടങ്ങിയവയും കൊഴിഞ്ഞുപോക്കിന് കാരണമാവുന്നുണ്ട്.  
ക്ലാസുകളിൽ പങ്കെടുക്കുന്നവരിൽ കൂടുതലും മുതിർന്നവരാണ്. ഇവർക്ക് മറ്റു ഉത്തരവാദിത്വങ്ങൾ കൂടുതലാണ് ഇതും പഠനം നിർത്തിപോകാൻ കാരണമാവുന്നുണ്ട്.  വിവിധ പ്രായത്തിലുള്ളവരായതിനാൽ ക്ലാസിലിരിക്കുന്ന ഓരോരുത്തരുടേയും അറിവും, അഭിരുചികളും വ്യത്യസ്തമായിരിക്കും. അതിനാൽ നിലവിലെ സമ്പ്രദായത്തെ പരിഷ്കരിച്ച് പഠിതാക്കൾക്ക് ക്ലാസുകൾ കൂടുതൽ പ്രയോജനകരമാവും വിധത്തിൽ എസ്.സി.ആർ.ടിയുമായി സഹകരിച്ച് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് സാക്ഷരതാമിഷൻ പത്താംതരം തുല്യതാകോഴ്സിലെ പാഠപുസ്തകങ്ങള് ആവിഷ്കരിക്കുന്നത്. പ്രാദേശിക സവിശേഷതകൾ, മുന്കാല പഠിതാക്കളുടെ അനുഭവങ്ങൾ തുടങ്ങിയവ പുതിയ പാഠ്യപദ്ധതിയുടെ ഭാഗമാകും.  പഠിതാക്കളിൽ പരീക്ഷാപേടി മാറ്റാനും ആത്മവിശ്വാസം വർധിപ്പിക്കാനുമായി കൗൺസിങ് സംവിധാനം, ക്ളാസുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കൽ, കൂടുതൽ പഠനകേന്ദ്രങ്ങൾ ആരംഭിക്കൽ എന്നിവയും നടപ്പിലാക്കും. 
ക്ലാസുകൾ കൂടുതൽ മികച്ചതാക്കാൻ പഠനകേന്ദ്രങ്ങള്ക്ക് സമീപമുള്ള സ്കൂൾ കോളേജ് അധ്യാപകരുടേയും, ബി.എഡ്. വിദ്യാർഥികളുടേയും സേവനങ്ങൾ ലഭ്യമാക്കും.  2006-07 അധ്യായന വർഷത്തിലാണ് സംസ്ഥാന സാക്ഷരതാമിഷൻ പത്താംതരം തുല്യതാകോഴ്സ് ആരംഭിച്ചത്. 2016 മുതൽ ഹയർസെക്കൻഡറി തലത്തിലും തുല്യതാകോഴ്സ് നടത്തുണ്ട്. 
ബ്രിഡ്ജ് കോഴ്സ് വയനാട്ടിൽ മാത്രം
2017-18 അധ്യായന വർഷത്തിൽ പത്താംതരം തുല്യതാപരീക്ഷയിൽ ഒന്നാംസ്ഥാനം വയനാട് ജില്ലയ്ക്കായിരുന്നു. 84 ശതമാനമായിരുന്നു വിജയം. സംസ്ഥാനത്ത് ബ്രിഡ്ജ് കോഴ്സ് പ്രകാരം പത്താംതരം തുല്യതാ കോഴ്സ് പഠിപ്പിക്കുന്നത് വയനാട്ടിൽ മാത്രമാണ്. എല്ലാവർക്കും പൊതുഅറിവുകൾ ഉള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് ആ വിഷയത്തിൽ സംവാദങ്ങളും, ചർച്ചകളും, പ്രായോഗിക പരിശീലങ്ങളും ഉൾപ്പെടുത്തി നടത്തുന്നതാണ് ബ്രിഡ്ജ്ക്ലാസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *