ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ലന്ന് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ
കല്പറ്റ: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വൈകാരിക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് ജനങ്ങളുടെ ശ്രദ്ധമാറ്റാനുള്ള ശ്രമമാണ് രാമജന്മഭൂമി പ്രശ്നം വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നിലെന്ന് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. പാർട്ടിയുടെ വയനാട് ലോക്സഭാമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ദിനംപ്രതി കർഷകർ ആത്മഹത്യചെയ്യുകയാണ്. അവരുടെ ഉത്പന്നങ്ങൾക്ക് വിലകിട്ടുന്നില്ല. സബ്സിഡികൾ നിർത്തലാക്കുന്നു. വളത്തിന്റെ വിലകൂടുന്നു, ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് കർഷകർ അഭിമുഖീകരിക്കുന്നത്. രാജ്യത്തെ ബാങ്കിങ്ങ് മേഖല പ്രതിസന്ധിയിലാണ്. മെയ്ക്ക് ഇൻ ഇന്ത്യ വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞുവെങ്കിലും തൊഴിലവസരങ്ങൾ കുറഞ്ഞുവരികയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതത്തെ പ്രയാസത്തിലാക്കുകയാണ്. എന്നാൽ ഇതൊന്നും ചർച്ചചെയ്യപ്പെടുന്നില്ല.
വൻകിടക്കാരുടെ കോടികൾ കിട്ടാക്കടമായി തുടരുമ്പോഴാണ് സാധാരണക്കാരെ സർഫാസി നിയമം ഉപയോഗിച്ച് ജപ്തിനടപടികൾക്ക് വിധേയരാക്കുന്നത്. വയനാട്ടിലെ കർഷകരെ കുടിയിറക്കാന് ഉപയോഗിക്കുന്ന സർഫാസി നിയമം മല്യയ്ക് ബാധകമല്ലെന്നതാണ് അവസ്ഥ.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് ഏറ്റവും നിർണായകമാണ്. ജനാധിപത്യം പുലരണോ ഫാസിസം ഭരിക്കണോ എന്ന ചോദ്യത്തിന് മുന്നിലാണ് നാം നില്കുന്നത്. സാമുദായിക സൗഹാർദം നിലനില്കുന്ന കേരളത്തിൽ ശബരിമല വിധി ഉപയോഗിച്ച് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നത്. വിധിയെ ആദ്യം സ്വാഗതം ചെയ്ത ഇവരാണ് രാഷ്ട്രീയനേട്ടത്തിനായി പിന്നീട് എതിർത്തത്. രണ്ടു സീറ്റിനുവേണ്ടിയുള്ള അധ:പതിച്ച രാഷ്ട്രീയമാണിത്. സൗഹാർദത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ജനതയെ വേർതിരിക്കുന്ന രാഷ്ട്രീയത്തെ തിരിച്ചറിയണം. അടുത്ത തിരഞ്ഞെടുപ്പിലും ബി.ജെ.പി. അധികാരത്തിൽ വന്നാൽ സ്വതന്ത്രമായി അഭിപ്രായം പറയാൻ പോലും പറ്റാത്ത അവസ്ഥയുണ്ടാവും. പാർലമെൻറിൽ ഇടതുപക്ഷത്തിന് നിർണായക സ്വാധീനമില്ലെങ്കിൽ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാനാവില്ല. അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ കൂടുതൽ ഇടതുപക്ഷ എം.പി. മാരെ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക് പി. ഹാരിസ്, ജില്ലാ പ്രസിഡന്റുമാരായ വി.പി. വർക്കി, മനയത്ത് ചന്ദ്രൻ, സബാഹ് പുല്പറ്റ, യുവജനതാദള് അഖിലേന്ത്യാ പ്രസിഡന്റ് സലിം മടവൂർ, ഡി. രാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് കല്പറ്റ ടൗണിൽ നടന്ന പ്രകടനത്തിന് എം.സി. രവീന്ദ്രൻ, ഇ.ആർ. സന്തോഷ് കുമാർ, കെ.എസ്.ബാബു, പി.എം. ഷബീറലി, കെ.എ. ചന്തു, എൻ.ഒ. ദേവസി, യു.എ. അജ്മൽ സാജിദ്, ശാരദമണിയൻ, ബിന്ദു ജോസ് തുടങ്ങിയവർ നേതൃത്വം നല്കി.





Leave a Reply