April 25, 2024

ജൈവ കാപ്പി ഉത്പാദനത്തിന് കൂടുതല്‍ സര്‍ക്കാര്‍ സഹായം വേണമെന്ന് ദേശീയ സെമിനാര്‍

0
Img 20191001 Wa0513.jpg
കല്‍പ്പറ്റ : കാര്‍ബണ്‍ സന്തുലിത ജില്ലയായി മാറിക്കൊണ്ടിരിക്കുന്ന വയനാട്ടില്‍ നിന്ന് കൂടുതല്‍ ജൈവ കാപ്പി ഉത്പാദിപ്പിക്കുന്നതിന് കേന്ദ്ര-കേരള സര്‍ക്കാരുകളുടെ കൂടുതല്‍ സഹായങ്ങള്‍ വേണമെന്ന് അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടത്തിയ ദേശീയ സെമിനാര്‍ ആവശ്യപ്പെട്ടു. അടുത്ത മൂന്ന് വര്‍ഷംകൊണ്ട് വയനാട് ജില്ലയിലെ പരമാവധി കര്‍ഷകര്‍ ജൈവ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുന്നതിന് ശ്രമിക്കണമെന്നും ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വവും കേന്ദ്രസംസ്ഥാന പദ്ധതികളുടെ ഏകോപനവും ആവശ്യമാണെന്നും സെമിനാറില്‍ ആവശ്യമുയര്‍ന്നു. കോഫി ബോര്‍ഡിന്റേയും നബാര്‍ഡിന്റേയും സംയുക്താഭിമുഖ്യത്തില്‍ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, വേവിന്‍ പ്രൊഡ്യുസര്‍ കമ്പനി, വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ്, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, ബയോവിന്‍ അഗ്രോ റിസര്‍ച്ച് സെന്റര്‍, വയനാട് സുസ്ഥിര കാര്‍ഷിക വികസന മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ദേശീയ സെമിനാര്‍ നടത്തിയത്. ഉത്പാദന വര്‍ദ്ധനവിന് കണിക ജലസേചനം അത്യന്താപേക്ഷിതമാണെന്നും ഇതിനായി കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കണമെന്നും സെമിനാറില്‍ പ്രധാന വിഷയാവതരണം നടത്തിയ പ്രമുഖ അന്താരാഷ്ട്ര കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. പി.സോമന്‍ അഭിപ്രായപ്പെട്ടു. കാപ്പി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാ തോട്ടങ്ങളിലും മരങ്ങള്‍ കൂടുതലായി വച്ചുപിടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് സര്‍ക്കാര്‍ സബ്‌സിഡി വേണമെന്നും നിലവിലുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും കോഫി ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ തിമ്മരാജു പറഞ്ഞു. 
അന്താരാഷ്ട്ര വിപണിയില്‍ വയനാട്ടിലെ ജൈവ കാപ്പിക്ക് നല്ല ഡിമാന്റുണ്ടെന്നും ഇത് വയനാട്ടിലെ കര്‍ഷകര്‍ പ്രയോജനപ്പെടുത്തണമെന്നും ബയോവിന്‍ അഗ്രോ റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ അഡ്വ. ഫാ. ജോണ്‍ ചൂരപ്പുഴയും, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ കാപ്പിയുടെ മാര്‍ക്കറ്റ് തിരിച്ചറിഞ്ഞ് ഉത്പാദനം വിപണി അറിഞ്ഞുകൊണ്ടുള്ളതാവണമെന്നും വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനിയും പറഞ്ഞു.
കര്‍ഷകര്‍ക്ക് ഇക്കാര്യങ്ങളില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. കെ.സഫിയയും, നബാര്‍ഡ് ഡി.ഡി.എം. ജിഷ വടക്കുംപറമ്പിലും അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എം.കെ.ദേവസ്യയും വയനാട് സുസ്ഥിര കാര്‍ഷിക വികസന മിഷന്‍ (വാസുകി) വൈസ് ചെയര്‍മാന്‍ സജി കാവനാക്കുടിയും അഭിപ്രായപ്പെട്ടു. സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം. കറുത്തമണി അദ്ധ്യക്ഷത വഹിച്ചു. കോഫി ബോര്‍ഡോ സോയില്‍ സയന്റിസ്റ്റ് മനോ മണി, ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ പി.കെ.സുരേഷ് എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. മികച്ച കര്‍ഷകയ്ക്കുള്ള പുരസ്‌ക്കാരം തിരുനെല്ലി സ്വദേശിനി ഗ്രേസി ക്രൗധറിന് സമ്മാനിച്ചു. ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍ ജലസേചനം, സൗജന്യ മണ്ണ് പരിശോധന , ഉണ്ടക്കാപ്പി വില്‍ക്കുന്നതിന് പകരം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണവും വില്‍പനയും തുടങ്ങിയ കാര്യങ്ങളിലൂടെ വയനാട് കാപ്പിയെ അന്താരാഷ്ട്രതലത്തില്‍ ബ്രാന്റ് ചെയ്യാനാകുമെന്ന് സെമിനാറും ചര്‍ച്ചയും നിയന്ത്രിച്ചുകൊണ്ട് മുന്‍ എം.എല്‍.എയും ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാനുമായ പി.കൃഷ്ണപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ. ജിനു തോമസ്, കഫേ കാപ്പിക്കടയുടെ ഫ്രാഞ്ചൈസി കളാരംഭിക്കുന്നത് സംബന്ധിച്ചും, വിവിധ തരത്തിലുള്ള കാപ്പി രുചിയെക്കുറിച്ച് കെ.ആര്‍.ജുബ്‌നുവും (ബ്രഹ്മഗിരി കോഫി), മലബാര്‍ കോഫി സംബന്ധിച്ച് കെ.രാജേന്ദ്രനും , കാപ്പി വ്യവസായത്തിലെ ആഗോള വിപണി സംബന്ധിച്ച് ബയോവിന്‍ അഗ്രോ റിസര്‍ച്ച് സെന്റര്‍ ഐ.സി.എസ്. കോര്‍ഡിനേറ്റര്‍ പി.ജെ.സെബാസ്റ്റ്യനും, വാസുകി സി.ഇ.ഒ. ശ്രുതിൻ കുര്യാക്കോസും സംസാരിച്ചു. 
, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി സംബന്ധിച്ച് എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ . ഷക്കീലയും  സംസാരിച്ചു. 
സെമിനാറിലെ മുഖ്യവിഷയങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിന് കോഫി അസംബ്ലിയില്‍ തീരുമാനമായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *