March 29, 2024

യാത്രാ പ്രശ്നം:സർവ്വ കക്ഷി യോഗം ഉടൻ വിളിച്ചു ചേർക്കണം – ജനാധിപത്യ കേരള കോൺഗ്രസ്

0
വയനാട്ടിലെ രാത്രികാല യാത്രാ പ്രശ്നം –  ജില്ലയിലെ മുഴുവൻ ജനങ്ങളുടെയും താല്പര്യം സംരക്ഷിക്കണം, സർവ്വ കക്ഷി യോഗം ഉടൻ കൽപ്പറ്റയിൽ വിളിച്ചു ചേർക്കണം –  ജനാധിപത്യ കേരള കോൺഗ്രസ്.
 
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സഞ്ചാര സ്വാതന്ത്ര്യം പൂർണമായും വയനാട്ടിലെ ജനങ്ങൾക്ക് നിഷേധിക്കുവാനുള്ള ചില തൽപരകക്ഷികളുടെ ഗൂഡനീക്കത്തെ ചെറുത്ത് തോൽപ്പിക്കുവാൻ സങ്കുചിത പ്രാദേശിക രാഷ്ട്രീയ ചിന്തകൾ വെടിഞ്ഞ് ഒറ്റക്കെട്ടായി ഇപ്പോഴത്തെ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബത്തേരിയില്‍ നടക്കുന്ന സമരത്തിന് എല്ലാവിധ പിന്തുണയും അവർ അറിയിച്ചു.
 
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 10വർഷമായി നിലനിൽക്കുന്ന രാത്രികാല യാത്ര തടസ്സം പൂർണമായും പരിഹരിക്കുവാന്‍ ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയകക്ഷികളുടെയും സംയുക്ത യോഗം കൽപ്പറ്റയിൽ വിളിച്ചുകൂട്ടണമെന്നും അവർ ആവശ്യപ്പെട്ടു. 766 ദേശീയപാതയിലെ ഗതാഗതം നിയന്ത്രണ വിഷയത്തോടൊപ്പം മാനന്തവാടി-ബാവലി-മൈസൂർ റോഡിൽ ഏർപ്പെടുത്തിയ രാത്രികാല യാത്ര നിരോധനം വിഷയവും ബത്തേരിയിൽ നടന്നുവരുന്ന സമരത്തിന്‍റെ അജണ്ടയിൽ ഉൾപ്പെടുത്തി വയനാട്ടിലെ മുഴുവൻ ജനങ്ങളുടെയും താല്പര്യം സംരക്ഷിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഈ രണ്ടു പാതകളിലുമുള്ള യാത്രാ നിരോധനം നീക്കേണ്ടത് വയനാടിന്‍റെ സമഗ്രവികസനത്തിനും, ടൂറിസം രംഗത്തുള്ള വളർച്ചയ്ക്കും അനിവാര്യമാണ്.ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന താമരശ്ശേരി ചുരത്തിന് ബദലായി പടിഞ്ഞാറത്തറ-പൂഴിത്തോട്, മേപ്പാടി-ആനക്കാംപൊയിൽ തുടങ്ങിയ വർഷങ്ങളായി പരിഗണിക്കുന്ന ബദൽ പാതകൾ യാഥാർഥ്യമാക്കുക എന്നതും ഇപ്പോഴത്തെ സമരത്തിന്‍റെ അജണ്ടയിൽ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
 
റെയിൽവേ – വ്യോമ ഗതാഗത സൗകര്യങ്ങൾ ഒന്നുമില്ലാത്ത ജില്ലയാണ് വയനാട് എന്നുള്ളത് ഗൗരവമായി കണക്കിലെടുക്കണം. ജില്ലയിലെ സമഗ്രവികസനത്തിന് സഹായകമായ നിലമ്പൂർ-നഞ്ചന്‍ഗോഡ് റെയിൽവേ, മെഡിക്കൽ കോളേജ് എന്നിവ യഥാർത്ഥ്യമാക്കുവാനും, അതി രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുവാനും കൂട്ടായ പരിശ്രമം ആവശ്യമാണ്.കോഴിക്കോട്-പേരാമ്പ്ര-കുറ്റ്യാടി-മാനന്തവാടി-ഗോണിക്കുപ്പ-മൈസൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്‌ ആരഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഈ റൂട്ടില്‍ അനുഭവപ്പെടുന്ന യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ ഈ റൂട്ടില്‍ ഇനിയെങ്കിലും കെ.എസ.ആര്‍.ടി.സി സര്‍വ്വീസുകള്‍ ആരംഭിക്കണം. രാത്രികാല യാത്രാ നിരോധനം നിലവില്‍ ഇല്ലാത്ത ഈ റൂട്ടില്‍ രാത്രി കാലങ്ങളില്‍ മാത്രമാണ് ഏതാനും പ്രൈവറ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്.  പിന്നോക്ക ജില്ലയായ വയനാട് വര്‍ഷങ്ങളായി പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന യാഥാർഥ്യം തിരിച്ചറിയുവാന്‍ ജനപ്രതിനിധികൾ ഇനിയെങ്കിലും തയ്യാറാകണം. വയനാട് നേരിടുന്ന വികസന പ്രശ്നങ്ങളും, കാർഷിക തകർച്ചകളും ചർച്ച ചെയ്യുവാനും കേന്ദ്ര-സംസ്ഥാന ഗവര്‍ണമെന്‍റുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും ജില്ലയിലെ എം.എൽ.എ.മാരും എം.പി. മാരും നേതൃത്വപരമായ പങ്ക് ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.പത്ര സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട്‌ കെ.എ ആന്‍റണി, ജോസഫ് കാവാലം, അഡ്വ.ജോര്‍ജ് വാതുപറമ്പില്‍, ലോറന്‍സ് കെ.ജെ, പൗലോസ്‌ കുരിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *