March 28, 2024

54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു : വയനാട്ടില്‍ 17 കെട്ടിടങ്ങളുടെ ശിലാസ്ഥാനം

0
Img 20201003 Wa0179.jpg
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിര്‍മിക്കുന്ന 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കിഫ്ബിയില്‍ നിന്ന് മൂന്നു കോടി രൂപ വീതം ചെലവഴിച്ച് 34 കെട്ടിടങ്ങളും പഌന്‍ ഫണ്ടില്‍ നിന്ന് 40 കോടി രൂപ ചെലവഴിച്ച് 20 കെട്ടിടങ്ങളുമാണ് നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
വയനാട്ടില്‍ 17 കെട്ടിടങ്ങളുടെ ശിലാസ്ഥാപനമാണ് ഇതോടൊപ്പം നിര്‍വഹിച്ചത്.
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെക്കുറിച്ച് സമൂഹത്തിന്റെ മനസിലുള്ള പഴയ ചിത്രം മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ലോകത്ത് എവിടേയുമുള്ള മികവുറ്റ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന അക്കാഡമിക് സൗകര്യം കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കുമെന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് തലയുയര്‍ത്തി പറയാനാവും. അതിന്റെ പ്രകടമായ തെളിവാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം. വിദ്യാലയങ്ങളും കഌസ് മുറികളും ഹൈടെക്ക് ആക്കുന്നതിന് നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിക്കാന്‍ അത് സഹായകരമായി.
സ്‌കൂളുകളിലെ സ്മാര്‍ട്ട് കഌസ് റൂമുകളില്‍ നിന്ന് അധ്യാപനം വീടുകളിലേക്ക് ഓണ്‍ലൈന്‍ കഌസുകളിലൂടെ എത്തി എന്നതാണ് വ്യത്യാസം. ഇതിനുള്ള സംവിധാനം എല്ലാവര്‍ക്കും വീടുകളിലില്ലെന്ന പ്രശ്‌നവും വേഗത്തില്‍ പരിഹരിക്കാനായി. ഇതിനുള്ള സൗകര്യമൊരുക്കാന്‍ സര്‍ക്കാരിനൊപ്പം സഹായവുമായി പലരും മുന്നോട്ടു വന്നു. ഇപ്പോഴത്തെ ഘട്ടത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടത്താനായതിന്റെ മെച്ചം നാടിനും ഭാവിതലമുറയ്ക്കുമാണ്. ഒരു അക്കാഡമിക് വര്‍ഷം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കഌസ് മുറികള്‍ക്ക് പകരമാവില്ലെങ്കിലും ഇപ്പോള്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് എന്നിവര്‍ സംസാരിച്ചു. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രാദേശിക പരിപാടികളില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *